KeralaLatest News

കാലാവധി തീരും മുന്‍പേ യതീഷ് ചന്ദ്രയെ നിലയ്ക്കലിലെ സുരക്ഷാ ചുമതലകളില്‍ നിന്ന് മാറ്റി; തീരുമാനത്തിന് കാരണം ഒരു വിഐപിയെ കൂടി തടഞ്ഞതോ?

ശബരിമല: കാലാവധി തീരും മുന്‍പേ യതീഷ് ചന്ദ്രയെ നിലയ്ക്കലിലെ സുരക്ഷാ ചുമതലകളില്‍ നിന്ന് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍. ശബരിമലയില്‍ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ നിലയ്ക്കലില്‍ തടഞ്ഞ് വിവാദമായതിന് തൊട്ടുപിന്നാലെ മറ്റൊരു വിഐപിയെ കൂടി യതീഷ്ചന്ദ്ര തടഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അതിനു പിന്നാലെ ശബരിമല സ്പെഷല്‍കമ്മീഷണര്‍ യതീഷ്ചന്ദ്രയെ വിളിപ്പിക്കുകയും മാപ്പെഴുതിവാങ്ങുകയും ചെയ്തുവെന്നും കാലാവധി തീരുന്നതിന് മുന്‍പ് യതീഷ് ചന്ദ്രയെ നിലയ്ക്കലിലെ സുരക്ഷാ ചുമതലകളില്‍ നിന്ന് മാറ്റിയെന്നുമാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച തുടങ്ങുന്ന നിയമസഭാസമ്മേളനത്തില്‍ കൂടുതല്‍ ആക്ഷേപങ്ങള്‍ ഉയരുന്നത് ഒഴിവാക്കാനാണ് നിലയ്ക്കലിലെ കാലാവധി തീരും മുന്‍പ് അദ്ദേഹത്തെ മാറ്റിയതെന്നും ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങുമെന്നും സൂചനകളുണ്ട്്. തൃശൂര്‍ കമ്മിഷണര്‍ പദവിയിലേക്ക് മടങ്ങിപ്പോകാനാണ് യതീഷ്ചന്ദ്രയോട് സര്‍ക്കാര്‍ നിര്‍ദ്ദേശം.

പമ്പ വരെ സ്വകാര്യ വാഹനങ്ങള്‍ പോകാന്‍ അനുവദിക്കണമെന്ന കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്റെ ആവശ്യത്തോട് യതീഷ് ചന്ദ്ര നിഷേധാത്മക നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ യതീഷ്ചന്ദ്രയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഡിസംബര്‍ ഒന്നിനുമുതല്‍ നിലയ്ക്കലില്‍ പുതിയ ചുമതല തൃശൂര്‍ റൂറല്‍ എസ്പി പുഷ്‌ക്കരനായിരുന്നു. പുഷ്‌ക്കരനെ നിയമിക്കുന്നതു വഴി കേന്ദ്ര ഭരണം ഉപയോഗിച്ച് യുവ ഐപിഎസുകാരെ വിരട്ടാനുള്ള ബിജെപി നീക്കത്തിന് തടയിടുക എന്നതാണ് പിണറായി സര്‍ക്കാരിന്റെ ലക്ഷ്യം.

15 ദിവസമാണ് ഓരോ ഉദ്യോഗസ്ഥനും നിലവില്‍ ശബരിമലയില്‍ ചുമതല നല്‍കിയിരിക്കുന്നത്. ചാലക്കുടിയെ പ്രളയം വിഴുങ്ങിയപ്പോള്‍ പാലത്തിന് അടിയില്‍ പൊലീസ് വാഹനം കണ്‍ട്രോള്‍ റൂമാക്കി അവിടെ വച്ച് സുരക്ഷാ ചുമതല ഏകോപിപ്പിച്ച ഉദ്യോഗസ്ഥനാണ് പുഷ്‌ക്കരന്‍. അതേസമയം സംഘപരിവാര്‍ ഭീഷണിക്ക് വഴങ്ങില്ലന്നും ഇനിയും ആവശ്യമെന്ന് കണ്ടാല്‍ വീണ്ടും യതീഷ് ചന്ദ്ര ഉള്‍പ്പെടെയുള്ളവരെ തിരികെ വിളിക്കുമെന്നുമാണ് ആഭ്യന്തര വകുപ്പിലെ ഉന്നതര്‍ക്ക് നേരത്തെ ആലോചനയുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button