Latest NewsIndiaEditor's Choice

ഭരണകക്ഷിയിലും പ്രതിപക്ഷത്തും ഉള്ള നിരവധി നേതാക്കള്‍ ചെയ്ത അതേ കുറ്റം കെ സുരേന്ദ്രനെ മാത്രം കണ്ണൂര്‍ ജയിലടച്ച്‌ നിശബ്ദനാക്കാനുള്ള ശ്രമം ജനാധിപത്യ വിശ്വാസികള്‍ എതിര്‍ക്കേണ്ടത്

ഹിന്ദു ഐക്യ വേദി നേതാവ് ശശികല ടീച്ചറിനെപ്പോലും ജയിലിലടയ്ക്കാതിരിക്കുമ്പോഴാണ് സുരേന്ദ്രനെ ജയിലില്‍ അടച്ചതെന്നത് ശ്രദ്ധേയമാണ്.

വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ഒരു തുറന്ന സംവാദമാണ് ഇപ്പോള്‍ കേരളീയ സമൂഹത്തില്‍ നടക്കുന്നത്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ തുടക്കം മുതലേ ഹൈന്ദവ വിശ്വാസി സമൂഹത്തിനൊപ്പം  നിലകൊണ്ട രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപി. ഈ വിഷയത്തെ വോട്ട് ബാങ്ക് മാത്രമായി കണ്ടുകൊണ്ടു പ്രവര്‍ത്തിക്കുന്ന മറ്റു രാഷ്ട്രീയ കക്ഷികള്‍ നിന്നും അതുകൊണ്ട് തന്നെ ബിജെപി വ്യത്യസ്തമാര്‍ന്നിരിക്കുന്നു. കൂടുതല്‍  ജനപിന്തുണ നേടാനും ഇതിലൂടെ ബിജെപിയ്ക്ക് സാധിച്ചു. എന്നാല്‍ ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ആത്മാര്‍ത്ഥമായ ഒരു നിലപാടെടുത്ത് തെരുവിലിറങ്ങിയ ബിജെപിയുടെ ജനകീയ നേതാവ് സുരേന്ദ്രനെ പോലീസ്  ജയിലിലടച്ചിരിക്കുകയാണ്.

കെട്ടുംകെട്ടി സന്നിധാനത്തെയ്ക്ക് യാത്ര തിരിച്ച സുരേന്ദ്രനെ ഇരുമുടി കെട്ടിന്റെ വിലപോലും കല്‍പ്പിക്കാതെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ഹിന്ദു ഐക്യ വേദി നേതാവ് ശശികല ടീച്ചറിനെപ്പോലും  ജയിലിലടയ്ക്കാതിരിക്കുമ്പോഴാണ് സുരേന്ദ്രനെ ജയിലില്‍ അടച്ചതെന്നത് ശ്രദ്ധേയമാണ്. വര്‍ഗീയ വിദ്വോഷമുണര്‍ത്തുന്ന പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്ക്കെതിരെ കേസെടുത്തിട്ടും  ഇതുവരെ അറസ്റ്റ് ചെയ്യ്തിട്ടില്ല. അതുപോലെ ഇടതും വലതുമായ പക്ഷങ്ങളിലെ എത്രയോ നേതാക്കന്മാര്‍ അറസ്റ്റ് ചെയ്യപ്പെടാതെ പുറത്താണ്. ശ്രീധരന്‍ പിള്ളയും രമേശുമടക്കമുള്ള മറ്റ് ബിജെപി നേതാക്കന്മാര്‍ ശബരിമലയില്‍  പോകാന്‍ തയാറാവുകയും അറസ്റ്റ് കൈവരിക്കുകയും ചെയ്താല്‍ സര്‍ക്കാരിന് പിന്നോട്ട് പോകേണ്ടിവരും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ മാത്രമല്ല വി മുരളീധരനെന്ന നേതാവ് ശബരിമലയില്‍
പോയപ്പോള്‍ നമ്മള്‍ മനസിലാക്കിയതാണത്. എന്നാല്‍ ബിജെപിയുടെ ജനകീയ മുഖമായ സുരേന്ദ്രനെ പിണറായി സര്‍ക്കാര്‍ ഭയപ്പെടുകയാണ്. അതിന്റെ സൂചനകളാണ് ഒരു കേസിന് പിറകെ മറ്റൊന്നായി ചാര്‍ത്തി സുരേന്ദ്രനെ ജയിലില്‍ അടയ്ക്കാനുള്ള നീക്കം.

ഫസല്‍ വധക്കേസില്‍ അര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുബീഷിനെ ചോദ്യംചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ. സുരേന്ദ്രനെ നാളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കും.  അതിനായി കൊട്ടാരക്കര സബ് ജയിലില്‍നിന്ന് സുരേന്ദ്രനെ കണ്ണൂരിലെക്ക് കൊണ്ടുപോയിരിക്കുകയാണ്.

നിലയ്ക്കലില്‍ നിന്ന് കരുതല്‍ തടങ്കലിലെടുത്ത കെ. സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തിയാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഇതിന്  പുറമേ ചിത്തിരആട്ടവിശേഷ സമയത്ത് സന്നിധാനത്ത് 52 കാരിയെ തടഞ്ഞതിന് സുരേന്ദ്രനും വത്സന്‍ തില്ലങ്കരി ഉള്‍പ്പെടെയുള്ള ബിജെപി ആര്‍എസ് എസ് നേതാക്കള്‍ക്കെതിരെ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു. നിരോധനാജ്ഞ  ലംഘിച്ചതിനും 2012 ല്‍ ചാലക്കയത്ത് ടോള്‍ പ്ലാസ് അക്രമിച്ച കേസിലും കോടതി ജാമ്യമനുവദിച്ചു. എന്നാല്‍ ഫസല്‍ വധക്കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകനെ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ  ഭീഷണിപ്പെടുത്തിയ കേസില്‍ പൊലീസ്പ്രൊഡക്ഷന്‍ വാറണ്ട് നല്‍കി. ഇതനുസരിച്ചാണ് സുരേന്ദ്രനെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റിയത്. പങ്കെടുക്കാത്ത പരിപാടികളുടെ പേരില്‍ പോലും പ്രതി ചേര്‍ക്കാനാണ് പൊലീസ് നീക്കമെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചിട്ടുണ്ട്. കണ്ണൂര്‍ ജയിലിലേക്ക് പോകാന്‍ ഭയമില്ലെന്ന് സുരേന്ദ്രന്‍ പറയുമ്പോഴും കണ്ണൂര്‍ ജയില്‍ ആരുടെ നിയന്ത്രണത്തില്‍ ആണെന്ന് മലയാളികള്‍ക്ക് അറിയാം. സിപിഎമ്മിന്റെ കൊലയാളി സംഘങ്ങളുടെ  നേതാക്കളുടെ നിയന്ത്രണത്തിലുള്ള കണ്ണൂര്‍ ജയിലില്‍ കൂടുതലും രാഷ്ട്രീയ തടവുകാരാണ്. ടിപി എന്ന സാമൂഹിക പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കൊടി സുനി അടക്കമുള്ളവര്‍ കണ്ണൂര്‍ ജയിലില്‍ സുഖവാസം അനുഭവിക്കുന്നത്  പലപ്പോഴും വാര്‍ത്തകള്‍ ആയിട്ടുണ്ട്. എന്നാല്‍ ബിജെപി നേതാക്കളില്‍ സിപിഎം ഏറെ ഭയപ്പെടുന്നത് കെ സുരേന്ദ്രനെയാണ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ കണ്ണൂര്‍ ജയിലില്‍ എത്തിക്കണമെന്ന വാശി സഖാക്കള്‍ക്ക്
ഉള്ളതും.

വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു, പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തി ഒരു വീട്ടമ്മയെ വധിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് സുരേന്ദ്രനെ ജയില്‍ അടച്ചിരിക്കുന്നത്. സുരേന്ദ്രന്‍ എന്ന പൊതുപ്രര്‍ത്തകനെ ജയിലില്‍ തന്നെ കിടത്തണമെന്ന വാശിയാണ് പോലീസിനുള്ളത്. അതുകൊണ്ട് തന്നെയാണ് ഒരു കേസില്‍ ജാമ്യം നേടുമ്പോള്‍ മറ്റൊരു കേസ് എന്ന നിലപാട് പോലീസ് എടുക്കുന്നതും. ഇത് ചോദ്യം ചെയ്യപ്പെടെണ്ടതാണ്.
കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍ ഇത് തിരിച്ചരിയേണ്ടതാണ്. കാരണം നിരോധനാജ്ഞ ലംഘിച്ച പ്രതിപക്ഷ നേതാവ് അടക്കമുള്ള കോണ്ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. തിരഞ്ഞു പിടിച്ചു ജയിലില്‍ അടക്കുന്നത്  ബിജെപി  സുരേന്ദ്രനെ മാത്രം. ഒരു വിശ്വാസ സംഹിതയുടെ സംരക്ഷണത്തിനായി നാമജപ പ്രതിഷേധവുമായി എത്തിയതിന്റെ പേരില്‍ എത്ര ഹൈന്ദവ വിശ്വാസികളാണ് അറസ്റ്റില്‍ ആയത്. അവര്‍ക്കെല്ലാം ഒന്നോ രണ്ടോ
ദിവസം മാത്രം ജയില്‍, പക്ഷെ കെ സുരേന്ദ്രന് മാത്രം പുതിയ കേസുകള്‍ ചാര്‍ത്തി ജയിലില്‍ തന്നെ കിടത്താനുള്ള ശ്രമവും.

കോഴിക്കടത്തുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതികളെ സംഘം ചേര്‍ന്നെത്തി സ്റ്റേഷനില്‍ നിന്നും ബലം പ്രയോഗിച്ച് ഇറക്കിക്കൊണ്ടുപോയ സിപിഎം നേതാവും മണ്ണാര്‍ക്കാട് ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊന്നതില്‍ പ്രതിഷേധിച്ച് നടത്തിയ ഹാര്‍ത്തലിനിടെ അക്രമം കാട്ടിയതിനെ തുടര്‍ന്ന് അറസ്റ്റു ചെയ്ത ലീഗ് പ്രവര്‍ത്തകരെ സ്റ്റേഷനില്‍ നിന്നും ബലമായി മോചിപ്പിച്ച യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റും വിലസുന്ന കേരളത്തിലാണ് ഈ പോലീസ് അഴിഞ്ഞാട്ടം നടക്കുന്നത്. അങ്ങനെ ആണെങ്കില്‍ ഒരു ചോദ്യം മാത്രം. കേരളം ഭരിക്കുന്ന മന്ത്രിയടക്കം സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ ഉള്ളവര്‍ വധശ്രമ കേസിലും കൊലപാതക കേസിലും ഗൂഡാലോചനയിലും പങ്കെടുത്തിട്ടുണ്ടെന്ന  ആരോപണം ഉണ്ട്. അങ്ങനെ പ്രതി ചേര്‍ക്കപ്പെട്ട എത്രപേര്‍ അറസ്റ്റില്‍ , ജയിലില്‍ ആയിട്ടുണ്ട്? ലൈംഗിക ആരോപണവിധേയനായ എം എല്‍ എ ശശി നടത്തുന്ന ജനമുന്നേറ്റ യാത്ര സ്വീകരിക്കപ്പെടുമ്പോഴാണ് വിശ്വാസ സംരക്ഷണത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ പോലീസ് പിടിയില്‍ അകപ്പെടുകയും കണ്ണൂര്‍ ജയിലിലെ സുഖവാസ തടവുകാര്‍ക്ക് അരികിലേയ്ക്ക് എത്തിക്കാനുള്ള ഗൂഡ ശ്രമം നടത്തുകയും ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button