Latest NewsKerala

വനിതാ ജീവനക്കാര്‍ മാത്രമുള്ള ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ സൗഹൃദ ഷോപ്പിങ് മാള്‍ കോഴിക്കോട്; ഉദ്ഘാടനം ഇന്ന്

കോഴിക്കോട്: വനിതാ ജീവനക്കാര്‍ മാത്രമുള്ള ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ സൗഹൃദ ഷോപ്പിങ് മാള്‍ കോഴിക്കോട്. കോര്‍പറേഷന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വയനാട് റോഡില്‍ ഫാത്തിമ ആശുപത്രിക്കു മുന്‍വശത്തായി അഞ്ചു കോടി രുപ ചെലവഴിച്ച് അഞ്ചു നിലയില്‍ നിര്‍മിച്ച മഹിളാ മാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും.

മാനേജര്‍ മുതല്‍ സര്‍വീസും ശുചീകരണവും സുരക്ഷ ഒരുക്കലും വരെയുള്ള മുഴുവന്‍ ജോലികളും പരിശീലനം ലഭിച്ച സ്ത്രീകള്‍ ചെയ്യും. സ്ത്രീകള്‍ക്കായി സ്പാ, ബ്യൂട്ടി പാര്‍ലര്‍, ഫാന്‍സി ഐറ്റങ്ങളുടെ വിപുലമായ ശേഖരം, ഡിസൈനര്‍ വസ്ത്രങ്ങളുടെ ഷോറൂമുകള്‍, മിനി സൂപ്പര്‍മാര്‍ക്കറ്റായ മിനി കിച്ചണ്‍ മാര്‍ട്ട്, മൈക്രോ ബസാര്‍, ഫാമിലി കൗണ്‍സലിങ് സെന്റര്‍, സോഫ്റ്റ് സ്‌കില്‍ ട്രെയിനിങ് സെന്റര്‍, യോഗാ സെന്റര്‍,വനിതാ ബാങ്ക്, കണ്‍സ്ട്രക്ഷന്‍ കമ്ബനി, ജൈവ പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും സ്റ്റാള്‍, കുട്ടികള്‍ക്കായി കളി സ്ഥലം, കാര്‍ വാഷിങ് സെന്റര്‍, ജിഎസ്ടി സെന്റര്‍ തുടങ്ങി എഴുപത്തി ഒമ്പത് സ്ഥാപനങ്ങളാണ് മഹിളാ മാളിലുള്ളത്.

രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് മഹിളാ മാളിന്റെ പ്രവൃത്തി സമയം. ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 11 വരെ മാള്‍ പ്രവര്‍ത്തിക്കും.കെ. ബീന പ്രസിഡന്റും കെ. വിജയ സെക്രട്ടറിയുമായ പത്തംഗ വനിതാ ഗ്രൂപ്പാണ് മഹിളാ മാളിനു ചുക്കാന്‍ പിടിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉല്‍പാദിപ്പിക്കുന്ന സാധന സാമഗ്രികളും യൂണിറ്റ് സംരംഭങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടു വരികയെന്ന ആശയത്തിന്റെ ഭാഗമായാണ് മഹിളാ മാള്‍ ഒരുക്കിയിരിക്കുന്നത്. രാത്രി പത്തു വരെ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സര്‍വീസ് സെന്ററും ഇവിടെയുണ്ടാകും. കോര്‍പറേഷനില്‍നിന്നും സര്‍ക്കാരില്‍നിന്നും ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളെല്ലാം രാത്രി പത്തുവരെ ഇവിടെനിന്നു ലഭ്യമാക്കാനാകും.

https://www.youtube.com/watch?v=3pZ4ddPw-WM&t=9s

shortlink

Related Articles

Post Your Comments

Related Articles


Back to top button