തിരുവനന്തപുരം: ശബരിമലയിലെ വരുമാനം തകര്‍ന്നടിഞ്ഞതായി റിപ്പോര്‍ട്ട്. മണ്ഡലകാലം തുടങ്ങി 6 ദിവസം പിന്നിടുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 14.34 കോടി രൂപയുടെ കുറവാണ് വിലയിരുത്തന്നത്. നട തുറന്നതിന് ശേഷമുള്ള പ്രതിസന്ധികളാണ് വരുമാനത്തില്‍ കുറവുണ്ടാക്കിയതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടലുകള്‍. കഴിഞ്ഞവര്‍ഷം ആറുദിവസത്തെ വരുമാനം 22.82 കോടി രൂപയായിരുന്നു. ഇത്തവണയത് 8.48 കോടി രൂപ മാത്രമായി ചുരുങ്ങി. വരും ദിവസങ്ങളില്‍ കൂടുതല്‍ ഭക്തര്‍ എത്തിയില്ലെങ്കില്‍ പ്രതിസന്ധി തുടരുക തന്നെ ചെയ്യും. അരവണ വിറ്റുവരവ് കഴിഞ്ഞ വര്‍ഷം 9.88 കോടി ആയിരുന്നിടത്ത് ഇത്തവണ 3.14 കോടി രൂപയായി ചുരുങ്ങി. അപ്പം വിറ്റുവരവ് ലക്ഷത്തില്‍ ഒതുങ്ങി. അപ്പം വില്‍പനയിലൂടെ ലഭിച്ചത് 29.31 ലക്ഷമാണ്.
കഴിഞ്ഞ വര്‍ഷം ഇത് 1.47 കോടി രൂപയായിരുന്നു. കഴിഞ്ഞവര്‍ഷത്തെ കാണിക്ക വരുമാനം 7.33 കോടി രൂപയായിരുന്നു. ഇത്തവണ 3.83 കോടി രൂപയായി. നിരോധനാജ്ഞ ഉള്ളതിനാല്‍ ഭക്തജനങ്ങളെ സന്നിധാനത്ത് തങ്ങാന്‍ അനുവദിച്ചില്ല. ഇത് മുറിവാടക ഇനത്തിലും നഷ്ടമുണ്ടാക്കി. മുറിവാടകയിലൂടെയുള്ള വരുമാനം 43.96 ലക്ഷം മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണ 74.25 ലക്ഷം ലഭിച്ചിരുന്നു. അതേസമയം ദേവസ്വം ബോര്‍ഡിന് ശമ്പളം ഉള്‍പ്പടെയുള്ളവ നല്‍കാന്‍ ബുദ്ധിമുട്ട് ഉണ്ടായാല്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി അറിയിച്ചു.
Post Your Comments