നിലയ്ക്കൽ: പ്രതിഷേധങ്ങൾ ഒക്കെ കെട്ടടങ്ങിയതോടെ ശബരിമലയിൽ ഈ സീസണിലെ ഏറ്റവും കൂടുതൽ തിരക്കുള്ള ദിവസങ്ങൾ ആയി മാറുകയാണ് ഇത്. പക്ഷെ ഭക്തരുടെ എണ്ണം കൂടിയപ്പോൾ നിലയ്ക്കലിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ബുദ്ധിമുട്ടുകയാണ് ഡ്രൈവർമാർ. പ്രതിഷേധം എല്ലാം മാറി കൂടുതൽ തീർത്ഥാടകർ എത്തിയപ്പോൾ ആവശ്യത്തിന് പാർക്കിങ് സൗകര്യം ഇല്ല. ഇത്തവണ പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തി വിടാത്തതിനാൽ നിലയ്ക്കൽ ആണ് എല്ലാവരുടെയും ആശ്രയ സ്ഥലം. 15,000 വാഹനങ്ങൾ ഒരുമിച്ച് പാർക്ക് ചെയ്യാൻ ഉള്ള സൗകര്യം ഇവിടെ ഉണ്ട്. എന്നാൽ പോലീസിന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ 2 ദിവസങ്ങളിൽ ഇവിടെ എത്തിയത് ഇരുപത്തിയൊന്നായിരം വാഹനങ്ങൾ ആണ്.
നിലയ്ക്കൽ ബേസ് ക്യാമ്പ് ആക്കി മാറ്റിയതിനു ശേഷം 2400 റബ്ബർ മരങ്ങൾ മുറിച്ചു മാറ്റി പാർക്കിംഗ് സൗകര്യം ഒരുക്കാൻ ശ്രമിച്ചെങ്കിലും ഒന്നും ഫലപ്രദം ആയില്ല. മുറിച്ച മരങ്ങളുടെ ശിഖരങ്ങൾ അവിടെ തന്നെ കൂടി ഇട്ടിരിക്കുന്നു. ഈ സ്ഥലങ്ങൾ ഒന്നും നിരപ്പാക്കിയിട്ടും ഇല്ല. 2 ദിവസത്തിന് ഉള്ളിൽ ഇതെല്ലം ശരി ആകുമെന്നും മകരവിളക്കിന് മുൻപേ തന്നെ നിലയ്ക്കൽ വാഹന പാർക്കിങ്ങിന് അനുയോജ്യം ആകുമെന്നും നിലയ്ക്കലിലെ എക്സിക്യുട്ടീവ് എഞ്ചിനീയർ ശ്രീപാദ് അറിയിച്ചു. ഭാവിയിൽ നിലയ്ക്കൽ ശബരിമലയുടെ സ്ഥിരം ബേസ് ക്യാമ്പ് ആകാൻ ആണ് സാധ്യത.
Post Your Comments