മഞ്ചേരി: മതസൗഹാര്‍ദത്തിനു മാതൃകയായി മാറി മഞ്ചേരി ഷാഫി ജുമാമസ്ജിദ്. വെള്ളിയാഴ്ച നടന്ന ജുമുഅ പ്രാര്‍ത്ഥനയില്‍ ഇതര മതസ്ഥരെ അതിഥികളായി ക്ഷണിച്ചാണ് മതസൗഹാര്‍ദത്തിന് പുതിയ മാതൃക സൃഷ്ടിച്ചത്. സ്ത്രീകളുള്‍പ്പടെ 35 പേര്‍ നമസ്‌കാരവും പ്രഭാഷണവും വീക്ഷിക്കാന്‍ എത്തിയിരുന്നു. പ്രവാചക ദര്‍ശനവും ഇസ്ലാം മുന്നോട്ടുെവയ്ക്കുന്ന മൂല്യങ്ങളും മറ്റ് മതസ്ഥര്‍ക്കും അനുഭവവേദ്യമാക്കുക എന്നതാണ് മസ്ജിദ് പരിപാലനകമ്മിറ്റി ഇതിലൂടെ ലക്ഷ്യമിട്ടത്.
പ്രാര്‍ത്ഥിക്കുന്നതിന് തൊട്ടപ്പുറത്ത് അതിഥികള്‍ക്ക് കസേരകള്‍ ഒരുക്കുയായിരുന്നു സ്വീകരണം. ഇത്തരം ചടങ്ങളുകള്‍ വലിയ സൗഹൃദങ്ങള്‍ക്ക് വാതില്‍തുറക്കുമെന്ന് പള്ളികമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ശിഹാബ് പൂക്കോട്ടൂര്‍ ജുമുഅ പ്രഭാഷണം നടത്തി. വിശുദ്ധ ഖുര്‍ ആന്‍ എല്ലാ മനുഷ്യരെയുമാണ് അഭിസംബോധന ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രാര്‍ത്ഥനയ്ക്കുശേഷം നടന്ന സ്നേഹസംഗമത്തില്‍ അതിഥികള്‍ അനുഭവങ്ങളും വീക്ഷണവും പങ്കുവെച്ചു. സംഗമത്തില്‍ പള്ളികമ്മിറ്റി പ്രസിഡന്റ് കെ. അബ്ദുള്ള ഹസ്സന്‍ അധ്യക്ഷനായി. മഞ്ചേരി എ.ഇ.ഒ. ഷാജന്‍, തോമസ് ബാബു, ടി.എം. ഗോപാലകൃഷ്ണന്‍, ഫാ. ജയദാസ് മിത്രന്‍, ദ്വാരക ഉണ്ണി, ധര്‍മരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Post Your Comments