ഓസ്ട്രേലിയന്‍ നഗരമായ സിഡ്നിയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് മഹാത്മാഗാന്ധിയുടെ വെങ്കലപ്രതിമ അനാഛാദനം ചെയ്തു. കലാപത്തിന്റെ ഈ കാലങ്ങളില്‍ ഗാന്ധിജിയുടെ അഹിംസയുടെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും ശക്തമായ സന്ദേശം പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
മുഴുവന്‍ ലോകത്തിന്റെയും ആദരവ് ഏറ്റുവാങ്ങുന്ന മഹാത്മാവിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ കഴിഞ്ഞത് തനിക്ക് ലഭിച്ച ആദരവാണെന്നും രാഷ്ട്രപതി പറഞ്ഞു. ഗാന്ധിജിയുടെ 150ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചായിരുന്നു ഓസ്ട്രേലിയന്‍ നഗരത്തില്‍ അദ്ദേഹത്തിന്റെ പ്രതിമാ അനാച്ഛാദനം. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസും ചടങ്ങില്‍ പങ്കെടുത്തു. ഓസ്ട്രേലിയ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രസിഡന്റാണ് രാം നാഥ് കോവിന്ദ്. തന്റെ ദ്വിദിന സന്ദര്‍ശനത്തിന്റെ രണ്ടാം ഘട്ടമായാണ് അദ്ദേഹം ബുധനാഴ്ച സിഡ്നിയില്‍ എത്തിയത്. വിയറ്റ്നാമായിരുന്നു ആദ്യ സന്ദര്‍ശന സ്ഥലം.
ഭാരത മാതാ കി ജയ്, വന്ദേ മാതരം എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഓസ്ട്രേലിയയിലെ ഇന്ത്യന്‍ സമൂഹവും സിഡ്നിയില്‍ ഒത്തുകൂടി. മഹാത്മാ ഗാന്ധിയുടെ പൈതൃകവും കാലാതീതമായ സന്ദേശവും ലോകമെമ്പാടുമെത്തിക്കാന്‍ ഇത്തരത്തിലുള്ള സംരംഭത്തിലൂടെ കഴിയുമെന്ന് രാംനാഥ് കോവിന്ദ് ചൂണ്ടിക്കാട്ടി.
ഓസ്ട്രേലിയയിലെ ബഹുമുഖ സാംസ്കാരികത ചൂണ്ടിക്കാട്ടിയ കോവിന്ദ് വിവിധ സാംസ്കാരിക ധാരകളുടെ വക്താവായ ഗാന്ധിജിയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധവും ഓസ്ട്രേലിയന്‍ ജനതയെ ഓര്‍മ്മിപ്പിച്ചു.
Post Your Comments