അകമ്പാടം: സ്വയം തൊഴില്‍ പദ്ധതിയില്‍ ആദിവാസി യുവതിയ്ക്ക് ലഭിച്ച ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധര്‍ തീവച്ചു നശിപ്പിച്ചതായി പരാതി. കക്കാടംപൊയില്‍ വാളാംതോട്ടിലാണ് സംഭവം. കണ്ടിലപ്പാറ കോളനിയിലെ സരോജിനിയുടെ ഓട്ടോറിക്ഷയാണ് കത്തിച്ചത്.
അഞ്ച് വര്‍ഷം മുമ്പാണ് വനിതകള്‍ക്കുള്ള സ്വയംതൊഴില്‍ പദ്ധതിയുടെ ഭാഗമായി സരോജിനിയ്ക്ക് ഓട്ടോറിക്ഷ കിട്ടിയത്. ഐടിഡിപിയാണ് വാഹനം നല്‍കിയത്. ഓട്ടോയുടെ വരുമാനത്തിലാണ് ഭര്‍ത്താവും 4 മക്കളും അടങ്ങുന്ന ഇവരുടെ കുടുംബം ജീവിച്ചു പോന്നത്. എന്നാല്‍ ആകെയുള്ള ജീവനോപാധി ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് നശിപ്പിച്ചതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് സരോജിനിയും കുടുംബവും.
കോളനിയിലേക്കുള്ള റോഡ് ഗതാഗത യോഗ്യമല്ലാത്തതിനാല്‍ വഴിയോരത്താണ് ഓട്ടോ നിര്‍ത്തിയിട്ടിരുന്നത്. എന്നാല്‍ ഇന്നലെ രാവിലെ ഓട്ടോ പൂര്‍ണമായും കത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ഭരണകക്ഷിയിലെ യുവജന നേതാവ് തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് 2 മാസം മുമ്പ് നല്‍കിയ പരാതിയില്‍ നടപടിയുണ്ടായില്ലെന്നും സരോജിനി ആരോപിച്ചു.
Post Your Comments