തിരുവനന്തപുരം: അടിയന്തരാവസ്ഥയേക്കാൾ ഭീകരമാണ് കേരളത്തിലെ അവസ്ഥയെന്ന് ബിജെപി മീഡിയ സെൽ കോ ഓർഡിനേറ്റർ സന്ദീപ് ആർ വചസ്പതി. കേന്ദ്ര ധനകാര്യ സഹമന്ത്രിക്കൊപ്പം ശബരിമലയിൽ നിന്ന് മടങ്ങി വന്ന തങ്ങൾക്ക് ഉണ്ടായ അനുഭവം വിവരിക്കുകയാണ് ഇദ്ദേഹം. ഫേസ്ബുക്കിലാണ് ഇദ്ദേഹത്തിന്റെ വിശദീകരണം:
പോസ്റ്റ് കാണാം: അടിയന്തരാവസ്ഥയേക്കാൾ ഭീകരമാണ് കേരളത്തിലെ അവസ്ഥ. കേന്ദ്ര ധനകാര്യ സഹമന്ത്രിക്കൊപ്പം ശബരിമലയിൽ നിന്ന് മടങ്ങി വന്ന ഞങ്ങൾക്ക് ഉണ്ടായ അനുഭവം ഇതിന്റെ നേർക്കാഴ്ചയാണ്. ദർശനം കഴിഞ്ഞ് പമ്പയിൽ മടങ്ങിയെത്തിയപ്പോൾ സമയം പുലർച്ചെ 1മണി. നടപ്പന്തലിൽ വാഹനം കാത്തു നിന്ന എന്നെയും ബിജെപി ട്രേഡേഴ്‌സ് സെൽ സംസ്ഥാന കമ്മിറ്റി അംഗം വിഷ്‌ണുവിനെയും സായുധ പൊലീസ് വളഞ്ഞു.
വിഷ്ണുവിന്റെ കയ്യിൽ പിടിച്ച് കൊണ്ടു പോകാൻ ശ്രമിച്ച ഓഫീസറോട് മന്ത്രിക്കൊപ്പം എത്തിയവരാണെന്ന് പറഞ്ഞിട്ടും വിടാൻ കൂട്ടാക്കിയില്ല. പൊലീസ് മുറയിൽ തിരിച്ചും മറിച്ചും ചോദ്യമായി. തർക്കത്തിനൊടുവിൽ മുതിർന്ന ഓഫീസർ പോകാൻ അനുവദിച്ചു. “ആൾ ഇതു തന്നെ” എന്ന് കൂട്ടത്തിലുള്ള ഒരു പൊലീസുകാരൻ എന്നെ ചൂണ്ടിക്കാട്ടി പറയുന്നുണ്ടായിരുന്നു. അപ്പോഴേക്കും റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ഷൈൻ വാഹനത്തിൽ എത്തി.
(മന്ത്രിയുടെ വാഹനം മുന്നിൽ, രണ്ടാമത് ഞങ്ങളുടെ വാഹനം, മന്ത്രിക്കൊപ്പം എത്തിയ കന്യാകുമാരിയിലെ പ്രവർത്തകരുടെ കാർ പിറകിൽ. ഇതായിരുന്നു കോണ്വോയിയുടെ ക്രമം.)
ത്രിവേണി പാലത്തിൽ എത്തിയപ്പോഴേക്കും മുപ്പതോളം സായുധ പൊലീസുകാർ വീണ്ടും ഞങ്ങളുടെ വാഹനം തടഞ്ഞു നിർത്തി. ഓരോരുത്തരെയും വീണ്ടും ചോദ്യം ചെയ്യാൻ തുടങ്ങി. ഈ വാഹനത്തിൽ ക്രിമിനലുകൾ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന എന്ന് വിശദീകരണം. (മന്ത്രിയുടെ ഒപ്പം പോകാൻ രാവിലെ തന്നെ പൂർണ്ണ വിവരങ്ങൾ നൽകിയ വണ്ടിയാണ് ഇത്. സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണന്റെ പേരിലുള്ള വാഹനമാണിത്.) എസ് ഐ ഫോണിൽ ഒരു ഫോട്ടോ കാണിച്ച് ഇത് ഞാനല്ലേയെന്ന് ചോദിച്ചു.
വാങ്ങി നോക്കിയപ്പോൾ റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ ഷൈനിന്റേതാണ് ഫോട്ടോ. രാവിലെ മുതൽ ധരിച്ചിരുന്ന അതേ ഷർട്ട് ധരിച്ച ചിത്രം. എന്താണ് ഞങ്ങൾ ചെയ്‌ത ക്രിമിനൽ കുറ്റമെന്ന് അറിഞ്ഞിട്ടേ പോകുന്നുള്ളൂ എന്ന് പറഞ്ഞെങ്കിലും മുതിർന്ന ഓഫീസർമാരുടെ ക്ഷമാപണത്തെ തുടർന്ന് വീണ്ടും മുന്നോട്ട് പോയി. കെ എസ് ആർ ടി സി സ്റ്റാൻഡ് എത്തുന്നതിന് മുൻപ് വീണ്ടും പൊലീസ് സംഘം വാഹനം തടഞ്ഞു.
അപ്പോഴേക്കും മന്ത്രി തിരികെയെത്തി. ത്രിവേണി പാലത്തിൽ ഉണ്ടായിരുന്ന എസ് പി ഹരിശങ്കറും വിവരം അറിഞ്ഞ്
എത്തി. നിരവധി തവണ അദ്ദേഹം മാപ്പ് പറഞ്ഞെങ്കിലും അത് എഴുതി തരണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പമ്പ സി ഐയിൽ നിന്ന് അത് എഴുതി വാങ്ങി മടങ്ങിയപ്പോൾ സമയം വെളുപ്പിന് 1.48. നാൽപ്പത് മിനിറ്റാണ് ഒരു കേന്ദ്രമന്ത്രിയെ പൊലീസ് വഴിയിൽ തടഞ്ഞിട്ടത്.
1.എന്തിനായിരുന്നു ഇത്തരത്തിൽ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്?.
2. മന്ത്രിക്കൊപ്പം പോകുന്നവരുടെ പേര് വിവരങ്ങളും വാഹന നമ്പറും രാവിലെ 7.30ന് തന്നെ പൊലീസിന് ലഭ്യമായിരുന്നില്ലേ?.
3. അതിൽ ക്രിമിനലുകൾ ഉണ്ടായിരുന്നുവെങ്കിൽ എന്ത് കൊണ്ട് രാവിലെ തന്നെ പിടികൂടിയില്ല?.
4. സന്നിധാനത്ത് നിന്ന് മന്ത്രിയും മറ്റുള്ളവരും വരുന്നത് പമ്പയിലെ പൊലീസ് അറിഞ്ഞിരുന്നില്ലേ?.
5. 500 മീറ്ററിനുള്ളിൽ ഒരേ വാഹനം 3 തവണ തടഞ്ഞ് പരിശോധിക്കാനുണ്ടായ സാഹചര്യം എന്തായിരുന്നു?.
6. മന്തിയെ അപമാനിച്ച യതീഷ് ചന്ദ്രയെ എതിർത്ത ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ ആയിരുന്നോ ഇവരുടെ ലക്ഷ്യം?.
7. മന്ത്രി ഒപ്പം ഉണ്ടായിരുന്നില്ലെങ്കിൽ ഞങ്ങളെ ഇന്നലെ രാത്രി ക്രിമിനലുകൾ എന്ന് ചാപ്പ കുത്തി ജയിലിൽ ആക്കില്ലായിരുന്നോ?.
8. ഇത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ അല്ലാതെ മറ്റെന്താണ്?.
Post Your Comments