പത്തനംതിട്ട: ശബരിമല യുവതീപ്രവേശന കേസില്‍ ചാടിക്കളിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സുപ്രീംകോടതിയില്‍ ഉടന്‍ പുതിയ സത്യവാങ്മൂലം നല്‍കില്ലെന്ന് ദേവസ്വം പ്രസിഡന്റ് എന്‍ വാസു. ആചാര അനുഷ്ഠാനങ്ങള്‍ വിലയിരുത്തി പുതിയ സത്യവാങ്മൂലം നല്‍കുമെന്നാണ് എന്‍ വാസു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ സുപ്രീം കോടതി ആവശ്യപ്പെട്ടാല്‍ മാത്രം സത്യവാങ്മൂലം നല്‍കുമെന്ന് എന്‍ വാസു വ്യക്തമാക്കി.
.
സമാധാനാന്തരീക്ഷത്തില്‍ പുരോഗമിക്കുന്ന നിലവിലെ സ്ഥിതി പരിഗണിച്ചാണ് നിലപാടില്‍ മാറ്റം വരുത്താന്‍ ബോര്‍ഡ് നീക്കം നടത്തിയത്. കൂടാതെ ശബരിമല വിഷയത്തില്‍ ഇപ്പോഴത്തെ ബോര്‍ഡിന് പ്രത്യേക നിലപാട് ഇല്ല. പഴയ ബോര്‍ഡുകളുടെ നിലപാട് തുടരുമെന്നും പ്രസിഡന്റ് പറഞ്ഞു. പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്ന ജനുവരി പതിമൂന്നിന് സുപ്രീംകോടതിയില്‍ എത്താന്‍ ദേവസ്വം ബോര്‍ഡിന് അറിയിപ്പ് കിട്ടിയിട്ടില്ലെന്നും എന്‍ വാസു പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ എ പത്മകുമാര്‍ അധ്യക്ഷനായ ദേവസ്വം ബോര്‍ഡ് യുവതീപ്രവേശന വിധിയെ അനുകൂലിക്കുന്ന നിലപാടാണ് കോടതിയിലെടുത്തത്. റിവ്യു ഹര്‍ജി കൊടുക്കാന്‍ വിസമ്മതിച്ച ബോര്‍ഡ് വിധി നടപ്പാക്കാനുള്ള സാവകാശ ഹര്‍ജി ആയിരുന്നു കോടതിയില്‍ നല്‍കിയിരുന്നത്.
ശബരിമലയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നിലപാടില്‍ മാറ്റമില്ലെന്നെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. അതേസമയം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഇക്കാര്യത്തില്‍ സ്വതന്ത്ര നിലപാട് എടുക്കാമെന്നും മന്ത്രി പറഞ്ഞു. ദേവസ്വം ബോര്‍ഡ് സ്വതന്ത്രമായ അധികാര സ്ഥാപനമാണ്. അവര്‍ക്കു സ്വതന്ത്രമായി നിലപാട് സ്വീകരിക്കാം. അതില്‍ സര്‍ക്കാര്‍ കൈ കടത്തില്ല. ശബരിമലയില്‍ യുവതീ പ്രവേശനം വേണ്ടെന്ന പഴയ നിലപാടിലേക്ക് ദേവസ്വം ബോര്‍ഡ് എത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്നലെ കടകംപള്ളി പ്രതികരിച്ചത്.
Post Your Comments