നവോത്ഥാന മൂല്യങ്ങള്‍ എല്ലാ രംഗത്തും വ്യാപിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വി.ജെ.ടി ഹാളില്‍ സംഘടിപ്പിച്ച വിജ്ഞാനോല്‍സവം 2018 പുസ്തകമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നവോത്ഥാനം എന്നത് മനസിന്റെ നവീകരണമാണ്. അറിവിലൂടെയാണ് മനസ് നവീകരിക്കുന്നത് എന്നാണ് മാനവചരിത്രം പഠിപ്പിക്കുന്നത്. എല്ലാക്കാലത്തും ഇതിനെതിരായ ശക്തികള്‍ രംഗത്തു വരാറുണ്ട്. നവോത്ഥാനത്തിലൂടെ രൂപംകൊണ്ട മതനിരപേക്ഷ മൂല്യങ്ങളെ തകര്‍ക്കാന്‍ രംഗത്തു വന്നിരിക്കുന്നതും ഇത്തരക്കാരാണ്. എല്ലാ ചിന്തകളും ജനകീയമാകുമ്പോഴാണ് അത് ജനങ്ങളിലേക്ക് കൂടുതല്‍ അടുക്കുന്നത്. ഭാഷ ജനകീയമായതോടെയാണ് കാവ്യപCരമായ ജീവിതവീക്ഷണങ്ങള്‍ രൂപപ്പെട്ടത്. അതുപോലെ ശാസ്ത്രവും ജനകീയവത്കരിക്കുമ്പോഴാണ് അത് വളരുന്നത്. എഴുത്തച്ഛന്‍ കിളിപ്പാട്ടു പ്രസ്ഥാനത്തിലൂടെ ഭാഷയെ ജനകീയവത്കരിക്കുകയായിരുന്നു. അതിനെ തുടര്‍ന്ന് കുഞ്ചന്‍നമ്പ്യാരും ജനകീയമായ ഭാഷയെ സൃഷ്ടിച്ചു. ഇത്തരത്തില്‍ ഒരോ കാലത്തും രൂപപ്പെടുന്ന പുതിയ ചിന്തകളിലൂടെയാണ് സമൂഹം മാറുന്നതെന്നും മന്ത്രി പറഞ്ഞു.
കേരള ഭാഷാ ഇന്‍സ്റ്ററ്റിയൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍നായര്‍ അധ്യക്ഷത വഹിച്ചു. ഡോ.കെ.കൃഷ്ണകുമാരിയുടെ വള്ളിക്കുടിലും പുഷ്പഭാരങ്ങളും, ഡോ.മുഹമ്മദ് അഷ്‌റഫിന്റെ കളിയെഴുത്തിന്റെ സൗന്ദര്യം, പള്ളിയറ ശ്രീധരന്റെ മല്‍സരപരീക്ഷയിലെ ഗണിതം എന്നീ പുസ്തകങ്ങള്‍ ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂരിന് നല്‍കി മന്ത്രി പ്രകാശനം ചെയ്തു. ബുള്ളറ്റിന്‍ കെ.ടി.ഡി.സി ചെയര്‍മാന്‍ എം.വിജയകുമാര്‍ പ്രകാശനം ചെയ്തു. ശ്രീകല ചിങ്ങോലി സ്വാഗതവും നിതിന്‍ കെ.എസ് നന്ദിയും പറഞ്ഞു.
Post Your Comments