1984 ലെ സിഖ് കൂട്ടക്കൊലയും വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടും കോണ്‍ഗ്രസിനെ, കോണ്‍ഗ്രസ് നേതൃത്വത്തെ വേട്ടയാടുന്നു. ഡല്‍ഹിയില്‍ നടന്ന സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ദല്‍ഹി കോടതി രണ്ടുപേരെ ശിക്ഷിച്ചിരുന്നു. ഒരാള്‍ക്ക് വധശിക്ഷയും ഒരാള്‍ക്ക് ജീവപര്യന്തവും. അതോടെ സിഖ് സമൂഹം കൂടുതല്‍ പ്രതീക്ഷയിലാണ്. തങ്ങളുടെ ബന്ധുക്കളെ കൊന്നൊടുക്കിയവരെ ആക്രമിച്ചവരെ നീതിപീഠം മാതൃകാപരമായി ശിക്ഷിക്കും എന്ന് അവര്‍ പ്രത്യാശിക്കുന്നു. അതേസമയം പഞ്ചാബിലെ അകാലി ദള്‍ നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബിന്ദര്‍ സിങ് ബാദല്‍ പുതിയൊരു വാദവുമായി എത്തിയിരിക്കുന്നത്; ഈ കേസിന്റെ അന്വേഷണത്തിനായി രൂപീകരിച്ച സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഉടനെ സോണിയ ഗാന്ധിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യണം എന്നതാണത്. സോണിയയെ നുണ പരിശോധനക്ക് വിധേയമാക്കണമെന്നും ബാദല്‍ പഞ്ചാബ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനൊക്കെ പുറമെയാണ് ഹെലികോപ്റ്റര്‍ ഇടപാടിലെ മധ്യസ്ഥന്‍ ഇന്ത്യയിലെത്തുന്നു എന്നുള്ള വാര്‍ത്തകള്‍ സ്ഥിരീകരിക്കപ്പെടുന്നത്. അയാളെ ചോദ്യം ചെയ്യാന്‍ സിബിഐക്കായാല്‍ കാര്യങ്ങള്‍ കോണ്‍ഗ്രസിന് വലിയ പ്രശ്‌നമായിക്കൂടായ്കയില്ല.
ഇന്ദിര ഗാന്ധിയുടെ വധത്തെത്തുടര്‍ന്നാണ് ഡല്‍ഹിയില്‍ കൂട്ടക്കൊലക്ക് കോണ്‍ഗ്രസ് തയ്യാറായത്. അന്ന് 2,800 പേരാണ് വധിക്കപ്പെട്ടത്. ഡല്‍ഹിയില്‍ മാത്രം ഏതാണ്ട് 2,100 പേരുടെ ജീവനെടുത്തു.അതിന് നേതൃത്വം നല്‍കിയത് കോണ്‍ഗ്രസ് നേതാക്കളാണ്. മാത്രമല്ല രാജീവ് ഗാന്ധി അന്ന് അതിനെ പരസ്യമായി ന്യായീകരിക്കുകയും ചെയ്തു. എന്നാല്‍ ഇതുവരെ ഒരു പ്രധാന കോണ്‍ഗ്രസ് നേതാവും ആ കേസുകളില്‍ ശിക്ഷിക്കപ്പെട്ടില്ല. കേസുകള്‍ നീണ്ടുപോയിക്കൊണ്ടിരുന്നു; അതോടെ സാക്ഷികള്‍ ലഭ്യമല്ലാതായി. പോലീസും അതില്‍ വേണ്ടതിലധികം കളിച്ചു. ഇന്ത്യ കണ്ട ഏറ്റവും വലിയ കൂട്ടക്കൊലയുടെ കഥയാണിത്. നരേന്ദ്ര മോഡി സര്‍ക്കാര്‍ വീണ്ടും അതൊക്കെ ട്രാക്കില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാനുള്ള മറ്റൊരു ശ്രമം. അതിനായി ഒരു എസ്‌ഐടിയും നിലവിലുണ്ട്. അതിനിടയിലാണ് രണ്ടുപേരെ കോടതി ശിക്ഷിച്ചത്. അത് തീര്‍ച്ചയായും സിഖ് സമൂഹത്തിന് വലിയ പ്രതീക്ഷ നല്‍കി.
തെക്കന്‍ ഡല്‍ഹിയിലെ മഹിപാല്‍പുരിലെ ഒരു കൊലപാതകമാണ് ഇപ്പോള്‍ ശിക്ഷക്ക് വഴിവെച്ചത്. ആയിരത്തോളം വരുന്ന സംഘം മാരകായുധങ്ങളുമായി എത്തി കൊലനടത്തുകയായിരുന്നു എന്നതാണ് കുറ്റപത്രത്തില്‍ ആരോപിച്ചത്. അവര്‍ കടകള്‍ കൊള്ളയടിച്ചു, വീടുകളില്‍ കയറിക്കിച്ചെന്ന് സിഖുകാരെ തിരഞ്ഞെടുപിടിച്ചു ആക്രമിച്ചു. അവരെ വലിച്ചിഴച്ചു കൊണ്ടുപോയി; അതിനിടയിലാണ് രണ്ടു മരണം സംഭവിച്ചത്. അവതാര്‍ സിങ്, ഹര്‍ദേവ് സിങ് എന്നിവരാണ് മരിച്ചത്. ആദ്യമൊക്കെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ കേസുകള്‍ എഴുതിത്തള്ളിയതാണ്. എന്നാല്‍ മോഡി സര്‍ക്കാര്‍ രൂപീകരിച്ച എസ്‌ഐടി അത് വീണ്ടും അന്വേഷിച്ചു കുറ്റപത്രം കൊടുക്കുകയായിരുന്നു. കേസ് നന്നായി തെളിയിക്കാന്‍ പ്രോസിക്യയൂഷന് കഴിഞ്ഞുവെന്ന് കോടതി അഭിപ്രായപെട്ടതും പ്രധാനമാണ്.
ഇത്തരമൊരു വലിയ കൂട്ടക്കൊല, അതും ഡല്‍ഹിയില്‍, വെറുതെ നടക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം. തലപ്പാവുമായി കണ്ടവരെയൊക്കെ കൊന്നൊടുക്കുകയായിരുന്നു എന്നത് പഴയ ചരിത്രമറിയാവുന്നവര്‍ ഓര്‍ക്കുന്നുണ്ടാവും. അത്തരക്കാരെ ശിക്ഷിക്കാതിരുന്നാല്‍ അത് നീതിയോട് ചെയ്യുന്ന വലിയ അപരാധമാവും എന്നും എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടാണ് സോണിയ ഗാന്ധിയെ ചിത്രത്തിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുന്നത്. അതാവട്ടെ സോണിയക്ക് പ്രശ്‌നമായിക്കൂടായ്കയില്ല. കേസില്‍ പ്രതിചേര്‍ക്കാനല്ല, എന്നാല്‍ അന്ന് രാജീവ് ഗാന്ധിയുടെ പത്‌നി എന്ന നിലക്ക് എന്താണ് പറയാനുള്ളത് എന്നത് അന്വേഷിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല; പ്രത്യേകിച്ചും രാജീവ് കൂട്ടക്കൊല പരസ്യമായി ന്യായീകരിച്ചത് കണക്കിലെടുക്കുമ്പോള്‍.
വേറൊരു കേസ് സോണിയക്ക് തലവേദനയാവുമെന്ന് തീര്‍ച്ചയാണ്. വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടാണ് അത്. ആ കേസിലെ മധ്യസ്ഥന്‍ ക്രിസ്ത്യന്‍ മിഷേലിനെ താമസിയാതെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അതിനുള്ള തടസ്സവാദങ്ങള്‍ ഒക്കെ ഇല്ലാതായതായി വാര്‍ത്തയുണ്ട്. അയാളെ സിബിഐ കസ്റ്റഡിയില്‍ കിട്ടിയാല്‍ സോണിയ ഗാന്ധിക്കും കോണ്‍ഗ്രസിനും വലിയ പ്രശ്‌നമാവും. അയാളുടെ കൈപ്പടയിലുള്ള കുറിപ്പുകള്‍ മുന്‍പേ വിവാദമായതാണ്. ഇന്ത്യയിലെ ഭരണകൂടത്തില്‍ വലിയ സ്വാധീനമുള്ള കുടുംബത്തെയും ‘എ പി’ യെയും അതില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അത് ആരൊക്കെ എന്താണവര്‍ക്ക് അതിലുണ്ടായിരുന്ന ബന്ധം എന്നതൊക്കെ പുറത്തുവന്നാല്‍ ആരാണ് വിഷമത്തിലാവുക എന്നത് തീര്‍ച്ചയാണ്. മാത്രമല്ല അന്ന് ആ വാര്‍ത്തകള്‍ പുറത്തുവരാതിരിക്കാന്‍ ഒരു മാധ്യമ സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിച്ചിരുന്നു എന്നും അവര്‍ക്ക് കോടികള്‍ വാരിവിതരണം ചെയ്തിരുന്നു എന്നും മറ്റും സൂചനകളുണ്ട്. അതിലുള്‍പ്പെട്ടവരെക്കുറിച്ചും വിവരങ്ങള്‍ സിബിഐ അന്വേഷിക്കുമെന്ന് തീര്‍ച്ചയാണ്. അതാവട്ടെ ദല്‍ഹിയിലെ മാധ്യമ ലോബിയിലെ പലരുടെയും ഉറക്കം കെടുത്തുന്നുണ്ട്.
Post Your Comments