Latest NewsArticle

തെരഞ്ഞെടുപ്പ് റാലികളില്‍ തരംഗമാകാന്‍ നരേന്ദ്ര മോദി, രാജ്യമെമ്പാടും വന്‍ റാലികള്‍ സംഘടിപ്പിക്കാന്‍ ബിജെപി തയ്യാറെടുക്കുന്നു, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെവിഎസ് ഹരിദാസ് എഴുതുന്നു

നരേന്ദ്ര മോഡി രാജ്യവ്യാപകമായ പര്യടനത്തിന്. ലോകസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള വന്‍ പ്രചാരണ പരിപാടിക്കാണ് പ്രധാനമന്ത്രിയും ബിജെപിയും തയ്യാറെടുക്കുന്നത്. സര്‍ക്കാര്‍ കഴിഞ്ഞ നാല് വര്‍ഷക്കാലത്ത് ചെയ്തത് ജനമധ്യത്തിലെത്തിക്കാനുള്ള പുറപ്പാടുകൂടിയാണിത്. അടുത്ത ഏതാനും മാസങ്ങളിലായി അന്‍പതോളം വന്‍ റാലികളെയാണ് അദ്ദേഹം അഭിസംബോധന ചെയ്യുക. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ പരിപാടികള്‍ക്ക് പുറമെയാണിത്. രണ്ടുകോടി ജനങ്ങളെയാണ് ഈ അന്‍പത് റാലികളിലൂടെ അദ്ദേഹം അഭിസംബോധന ചെയ്യാന്‍ പോകുന്നത്. ലോകസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പായി മോദി ചുരുങ്ങിയത് 160- 180 ലോകസഭാ മണ്ഡലങ്ങളില്‍ എത്തിയിട്ടുണ്ടാവും. രാജ്യത്തെ നാനൂറോളം മണ്ഡലങ്ങളില്‍ മോദിയുടെ സാന്നിധ്യം ഉറപ്പാക്കുന്നതാവും ബിജെപിയുടെ പ്രധാന പ്രചാരണ തന്ത്രം. ഫെബ്രുവരിയോടെ ഈ ആദ്യഘട്ടം പൂര്‍ത്തിയാവും.

കഴിഞ്ഞദിവസം യു.പിയിലും പഞ്ചാബിലും ഓരോ റാലിയെ മോദി അഭിസംബോധന ചെയ്തിരുന്നു. അകാലിദള്‍- ബിജെപി റാലിയായിരുന്നു അത്. യു.പിയിലെ മഘറില്‍ കബീര്‍ ദാസ് അക്കാഡമിക്ക് ശിലാന്യാസം നടത്തുകയാണ് ചെയ്തത്. കബീര്‍ദാസിന്റെ അഞ്ഞൂറാം ചരമ ദിനത്തോട് അനുബന്ധിച്ചായിരുന്നു ആ ചടങ്ങ്. അത് പിന്നാക്ക വിഭാഗത്തിന് വലിയ സന്ദേശമാണ് നല്‍കുന്നത്. അടുത്തിടെ സര്‍ക്കാര്‍ തീരുമാനിച്ച ഭക്ഷ്യധാന്യങ്ങളുടെ താങ് വില സംബന്ധിച്ച പ്രഖ്യാപനമുണ്ടായത് പഞ്ചാബിലെ മലൗട്ടില്‍ ആയിരുന്നു; അത് കിസാന്‍ റാലിയായിരുന്നുതാനും. ഇന്നിപ്പോള്‍ ബിജെപി അധികാരത്തിലില്ലാത്ത പഞ്ചാബില്‍ നല്ല പ്രതികരണമാണ് ഉണ്ടാക്കിയത് എന്നതാണ് വിലയിരുത്തല്‍. അടുത്ത പരിപാടി പശ്ചിമ ബംഗാളിലെ ജംഗിള്‍ മഹാളിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഒറീസ, കര്‍ണാടകം, ബീഹാര്‍ തുടങ്ങിയ ബിജെപി വലിയ പ്രതീക്ഷ വെക്കുന്ന സംസ്ഥാനങ്ങളില്‍ അദ്ദേഹം ആദ്യമെത്തും.

ബംഗാളില്‍ ഇത്തവണ വലിയ രാഷ്ട്രീയ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് പാര്‍ട്ടി കരുതുന്നു. കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം അവിടെ ഇതിനകം തന്നെ ബിജെപിയില്‍ ചേര്‍ന്നുകഴിഞ്ഞു. സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയില്‍ ആരുമായി കൂട്ടുകെട്ടുണ്ടാക്കണം എന്നത് സംബന്ധിച്ച് കോണ്‍ഗ്രസിലുള്ള തര്‍ക്കങ്ങളും ആശയക്കുഴപ്പങ്ങളും പാര്‍ട്ടി അണികളെ വല്ലാതെ നിരാശരാക്കിയിട്ടുണ്ട്. സ്വാതവെ ദുര്‍ബലമായ കോണ്‍ഗ്രസിന് ഇനി പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും താഴെത്തട്ടില്‍ തൃണമൂല്‍ പ്രവര്‍ത്തകരില്‍നിന്നുള്ള ആക്രമണങ്ങള്‍ ചെറുക്കാന്‍ ആരുമില്ലെന്നുമാണ് പരാതി. അവരാണ് ഇപ്പോള്‍ ബിജെപിയിലേക്ക് എത്തുന്നത്. നാളെകളില്‍ കൂടുതല്‍ പേര് പാര്‍ട്ടിയിലേക്ക് എത്തുമെന്നും ബിജെപി കരുതുന്നു.

അതുപോലെതന്നെയാണ് ഒറീസയിലെ അവസ്ഥ. നവീന്‍ പട് നായിക് ഇന്നിപ്പോള്‍ ജനങ്ങളില്‍ നിന്ന് ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്. കോണ്‍ഗ്രസ് അവിടെ ഏതാണ്ട് നശിച്ചുകഴിഞ്ഞു. ആ രാഷ്ട്രീയസാഹചര്യത്തെ ഉപയോഗപ്പെടുത്താന്‍ ബിജെപിക്കായിട്ടുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭരണം കിട്ടുന്നവിധത്തിലാണ് കാര്യങ്ങള്‍ പാര്‍ട്ടി നീക്കുന്നത്. പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രഥാനോട് അവിടെ ശ്രദ്ധിക്കാന്‍ പ്രധാനമന്ത്രി വളരെ നേരത്തെതന്നെ നിര്‍ദ്ദേശിച്ചിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് അവിടെ നിയമസഭയിലേക്കും വോട്ടെടുപ്പ് നടക്കുക. ഒരു പക്ഷെ മോഡി ഇത്തവണ ഒറീസയില്‍ നിന്ന് കൂടി ലോകസഭയിലേക്ക് മത്സരിക്കാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല. ക്ഷേത്രനഗരിയായ പുരി നരേന്ദ്ര മോഡിക്കായി ഒരുങ്ങുന്നു എന്നുള്ള സൂചനകള്‍ ചില മാധ്യമങ്ങള്‍ നല്‍കിക്കഴിഞ്ഞു. അങ്ങനെവന്നാല്‍ കാര്യങ്ങള്‍ ബിജെപിക്ക് കൂടുതല്‍ സഹായകരമാവും എന്നാണ് വിലയിരുത്തല്‍.

മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ശക്തമായ പോരാട്ടം അവശ്യമാവുന്ന സ്ഥലങ്ങളില്‍ യുപിയും കര്‍ണാടകവും ഉള്‍പ്പെടും ;കര്‍ണാടകത്തില്‍ ജനതാദള്‍-എസ് , കോണ്‍ഗ്രസ് സഖ്യമുള്ള സാഹചര്യത്തില്‍ കഴിഞ്ഞതവണത്തേക്കാള്‍ ശക്തമായ പോരാട്ടം വേണ്ടിവരും. എന്നാല്‍ ആ സഖ്യം വലിയതോതില്‍ ബാധിക്കില്ല എന്നും ജനങ്ങള്‍ ലോകസഭാ തിരഞ്ഞെടുപ്പില്‍ മോദിയെയാണ് പിന്തുണക്കുക എന്നും കരുതുന്നവരുണ്ട്. എന്നാല്‍ ഒരുതരത്തിലും ലാഘവബുദ്ധിയോടെ നീങ്ങേണ്ടതില്ല എന്നതാണ് അമിത് ഷായുടെ നിലപാട്. അതുകൊണ്ട് ഇത്തവണ മോഡി കൂടുതല്‍ ശ്രദ്ധിക്കുന്ന സംസ്ഥാനങ്ങളില്‍ കര്‍ണാടകവും ഉള്‍പ്പെടും. ഇപ്പോള്‍, ആദ്യ റൗണ്ടില്‍, മൂന്ന് വന്‍ റാലികളാണ് അവിടെ മോദി പ്ലാന്‍ ചെയ്തിരിക്കുന്നത്.

രണ്ടോ മൂന്നോ ലോക് സഭ മണ്ഡലങ്ങള്‍ ചേര്‍ന്നുള്ള റാലികളാവും മോഡിക്കായി പാര്‍ട്ടി ഒരുക്കുക. അതുവഴി ഏതാണ്ട് നാനൂറ് മണ്ഡലങ്ങളില്‍ പ്രധാനമന്ത്രിക്ക് എത്താന്‍ കഴിയും. അദ്ദേഹത്തിന് പുറമെ അമിത് ഷാ, രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, സുഷമ സ്വരാജ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ റാലികളിലെത്തും. മറ്റു മുഖ്യമന്ത്രിമാര്‍ തല്ക്കാലം അവരവരുടെ സംസ്ഥാനങ്ങളില്‍ മാത്രമാവും കേന്ദ്രീകരിക്കുക. അങ്ങിനെ എല്ലാ ലോകസഭാ മണ്ഡലത്തിലും കൂറ്റന്‍ ബിജെപി റാലി എന്നതാണ് പദ്ധതി.

ഇതിനിടയില്‍ സഖ്യകക്ഷികളുമായി അമിത് ഷാ ഒരുവട്ടം സംസാരിച്ചുകഴിഞ്ഞു. അകാലിദള്‍, ശിവസേന, ജെഡി-യു അടക്കമുള്ളവര്‍ അടുത്തതിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പമുണ്ടാവുമെന്ന് ഉറപ്പാക്കിക്കഴിഞ്ഞു. സഖ്യകക്ഷികളുള്ള സംസ്ഥാനങ്ങളില്‍ അവരെയും ചേര്‍ത്തുള്ള റാലികളാവും നടക്കുക. അതാണ് പഞ്ചാബില്‍ കണ്ടത്. മഹാരാഷ്ട്ര, ബീഹാര്‍ എന്നിവിടങ്ങളിലും അതാവും നടക്കുക. ലോകസഭാ സമ്മേളനത്തിനിടെ എന്‍ഡിഎ നേതാക്കളുടെ യോഗവും തീരുമാനിച്ചിട്ടുണ്ട്. അതോടെ എന്‍ഡിഎ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്ന സന്ദേശം നല്‍കാനാവും.

പാര്‍ലമെന്റ് സമ്മേളനം ഈമാസം 18 നു തുടങ്ങും. ഇത്തവണയും പാര്‍ലമെന്റ് അലങ്കോലപ്പെടുത്താന്‍ തന്നെയാണ് പ്രതിപക്ഷ നീക്കമെങ്കില്‍ പരസ്യമായി രംഗത്ത് വരാന്‍ ബിജെപി തയ്യാറാവും എന്ന സൂചനയുമുണ്ട്. അനവധി നിയമങ്ങള്‍ പാസാവാതെ കിടക്കുന്നുണ്ട്. അത് ചര്‍ച്ചചെയ്യാനോ പാസാക്കാനോ പ്രതിപക്ഷം കഴിഞ്ഞ സമ്മേളനകാലത്ത് അനുവദിച്ചില്ല. ‘മോഡി സര്‍ക്കാരിനെ അനങ്ങാന്‍ അനുവദിക്കേണ്ടതില്ല’ എന്നതാണത്രേ സോണിയ ഗാന്ധിയുടെ തീരുമാനം. അങ്ങനെവന്നാല്‍ അതിനെ എങ്ങിനെയാണ് നേരിടേണ്ടത് എന്നതുസംബന്ധിച്ചു ബിജെപിക്ക് ഒരു ധാരണയുമുണ്ട്. രാജ്യസഭയില്‍ ഉപാധ്യക്ഷന്റെ തിരഞ്ഞെടുപ്പ് അടക്കം നടക്കേണ്ടതുണ്ട്. ഈ പാര്‍ലമെന്റ് സമ്മേളനം മിക്കവാറും ലോകസഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാനത്തെ ഒത്തുചേരലാവും. ഇനി ഒരുപക്ഷെ വോട്ട് ഓണ്‍ അക്കൗണ്ടിനായി അടുത്ത ഫെബ്രുവരിയിലോ മാര്‍ച്ചിലോ സമ്മേളിച്ചാലായി. അതുകൊണ്ട് രാഷ്ട്രീയമായും ഈ സമ്മേളനത്തിന് പ്രാധാന്യമേറെയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button