Latest NewsArticle

ശബരിമല: ഹൈക്കോടതി സര്‍ക്കാരിനെ കുടഞ്ഞു തീര്‍ത്ഥാടകര്‍ക്ക് സന്തോഷം പകരുന്ന ഉത്തരവ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെവിഎസ് ഹരിദാസ് എഴുതുന്നു

ശബരിമല പ്രശ്‌നത്തില്‍ ഹൈക്കോടതിയില്‍ കേരള സര്‍ക്കാരും പോലീസും തുറന്നുകാട്ടപ്പെട്ടു. കഴിഞ്ഞ കുറെ ദിവസമായി പോലീസ് ശബരിമലയില്‍ സ്വീകരിച്ച നടപടികളെ കോടതി തള്ളിപ്പറഞ്ഞപ്പോള്‍ മുന്‍ ഉത്തരവ് നടപ്പിലാക്കാത്തതിന് അഡ്വക്കേറ്റ് ജനറല്‍ രൂക്ഷ വിമര്‍ശനത്തിന് ഇരയാവുകയും ചെയ്തത്. ശരണം വിളിക്കുന്നതിന്റെ പേരില്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്തുകൂടാ; ഒറ്റക്കും കൂട്ടായും ശരണം വിളിക്കാം, ശരണ കീര്‍ത്തനങ്ങള്‍ ചൊല്ലുകയുമാവാം. സംഘങ്ങളായും ഒറ്റക്കും തീര്‍ത്ഥാടകര്‍ക്ക് ശബരിമലയിലെത്താം എന്നും കോടതി ഇന്ന് വ്യക്തമാക്കി. ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ എങ്ങിനെ ശബരിമലയില്‍ ഡ്യൂട്ടിക്ക് നിയുക്തമായി ; അവരാണോ തീര്‍ത്ഥാടകരുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കുന്നത് എന്നും മറ്റും കോടതി എജിയോട് ചോദിച്ചു. ഇത് യഥാര്‍ഥത്തില്‍ കേരള പൊലീസിന് മാത്രമല്ല സംസ്ഥാന ഭരണകൂടത്തിനും കാണാതെ പ്രഹരമായി. ശബരിമലയിലെ നിരോധനാജ്ഞ റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ കേള്‍ക്കവേയാണ് ഈ സുപ്രധാന ഉത്തരവ്.

ഇത്തവണ ശബരിമല നട തുറന്നത് മുതല്‍ പോലീസ് സ്വീകരിച്ച നടപടികള്‍ കോടതിയുടെ വിമര്‍ശനത്തിന് ഇതിനു മുന്‍പും വിധേയമായതാണ്.അന്നും എജിയെ കോടതി വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ അന്ന് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഒന്നും സര്‍ക്കാരും പോലീസും പാലിച്ചില്ല. സന്നിധാനത്തെ നടപ്പന്തല്‍ ഭക്തര്‍ക്കായി തുറന്നു കൊടുക്കണം എന്നതായിരുന്നു അതിലൊന്ന്. നാമം ജപിക്കുന്നവരെ പീഡിപ്പിക്കരുത് എന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ വൈകീട്ടാണ് നടപ്പന്തല്‍ തുറന്നുകൊടുത്തത്, അതും വി മുരളീധരന്‍ എംപി ബഹളം ഉണ്ടാക്കിയശേഷം. പക്ഷെ, അപ്പോഴും രാത്രി അവിടെക്കിടക്കാന്‍ ഭക്തരെ പോലീസ് അനുവദിച്ചില്ല. നടയടച്ചാല്‍ തീര്‍ത്ഥാടകര്‍ സന്നിധാനം വിടണം എന്ന ഉത്തരവും പോലീസ് കൊണ്ടുവന്നു. അതായത് വൈകി സന്നിധാനത്ത് എത്തുന്നവര്‍ക്ക് നെയ്യഭിഷേകം നിഷേധിക്കുന്നു. നെയ്യഭിഷേകത്തിന് രശീതിവാങ്ങി കാത്തിരുന്നവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. ഇതൊക്കെ കോടതി ഉത്തരവിന്റെ നഗ്‌നമായ ലംഘനമായിരുന്നു. കോടതിയില്‍ ഹാജരായിരുന്ന എ ജി എന്തുകൊണ്ട് ആ ഉത്തരവുകള്‍ അന്ന് ബന്ധപ്പെട്ടവരെ ധരിപ്പിച്ചില്ലെന്ന് കോടതി ചോദിച്ചപ്പോള്‍ മറുപടിയുണ്ടായില്ല. നിങ്ങളെ വിശ്വസിക്കുന്നത് കൊണ്ടാണ് രേഖാമൂലം ഉത്തരവ് നല്‍കാതിരുന്നത് …….. കോടതി ഓര്‍മ്മിപ്പിച്ചു. എനിക്ക് തോന്നുന്നു, ഒരു അഡ്വക്കേറ്റ് ജനറലിനും അടുത്തകാലത്തൊന്നും ഇത്ര രൂക്ഷമായ വിമര്‍ശനം കോടതിയില്‍ നിന്ന് കേള്‍ക്കേണ്ടിവന്നിട്ടുണ്ടാവില്ല.

ശബരിമലയില്‍ നിയോഗിക്കപ്പെട്ട പോലീസ് ഓഫിസര്‍മാരെക്കുറിച്ചും രൂക്ഷ വിമര്‍ശനം ആണുണ്ടായത്. എന്ത് നോക്കിയാണ് ഇവരെ നിയമിച്ചത് ……. ഒരു വധക്കേസുമായി ബന്ധപ്പെട്ട് ആക്ഷേപത്തിന് വിധേയനായ ആളല്ലേ ഒരാള്‍ എന്നും കോടതി ചോദിച്ചു. ഒരു എസ്പിയെക്കുറിച്ചും രൂക്ഷവിമര്ശനമുണ്ടായി. കോണ്‍ഗ്രസ് നേതാക്കള്‍ ചെന്നപ്പോള്‍ സ്വീകരിച്ച നിലപാടാണോ മറ്റ് കക്ഷിക്കാരോട് കാണിച്ചത് എന്നും കോടതി ചോദിക്കുന്നുണ്ടായിരുന്നു. അത് നിലക്കലില്‍ ചുമതലയുള്ള എസ്പിയെക്കുറിച്ചാണ് എന്നുവ്യക്തം. അവര്‍ക്കൊക്കെ മലയാളം അറിയാമോ … ഡിജിപി പുറപ്പെടുവിച്ച ഉത്തരവ് അവര്‍ക്ക് മനസിലായിട്ടില്ലേ, അത്തരക്കാരെ എങ്ങിനെയാണ് എന്തിനാണ് അവിടേക്ക് നിയോഗിച്ചത്, കോടതി ചോദിച്ചു.

കഴിഞ്ഞദിവസം ശരണം വിളിച്ച ഭക്തരെ അറസ്റ്റ് ചെയ്തത്, നാമജപം നടത്തിയവരെ വിളിച്ചുകൊണ്ടുപോയി മലിനമായ സ്ഥലത്തിരുത്തിയത്, എരുമേലിയിലെത്തിയ ഒരു സംഘം ഭക്തര്‍ ശബരിമല ദര്‍ശനം കൂടാതെ തിരിച്ചു പോയതും മറ്റും കോടതി ഗൗരവത്തിലെടുത്തു എന്നുവേണം കരുതാന്‍. പോലീസ് ഉണ്ടാക്കിയ തടസ വാദങ്ങളും നിയന്ത്രണങ്ങളും കൊണ്ടാണ് അന്യ സംസ്ഥാന തീര്‍ത്ഥാടകര്‍ വഴിക്കുവെച്ച് മടങ്ങിയത്. അക്രമമോ ക്രമസമാധാന പ്രശ്‌നമോ ഉണ്ടാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാം. പക്ഷെ നാമം ജപിക്കുക, കീര്‍ത്തനങ്ങള്‍ ചൊല്ലുക തുടങ്ങിയവരെ അറസ്റ്റ് ചെയ്യാനോ പിടിച്ചുമാറ്റാനോ പാടില്ലെന്ന് നിര്‍ദ്ദേശമുണ്ട്. അത് നേരത്തെയും കോടതി പറഞ്ഞതാണ്. നടപ്പന്തലിലെ നിയന്ത്രണങ്ങളും പൊലീസിന് പിന്‍വലിക്കേണ്ടിവരും. അതൊക്കെ ഭക്തര്‍ക്ക് ഇന്നുമുതല്‍ സഹായകരമായി മാറിയേക്കാം.

കെഎസ്ആര്‍ടിസി ബസുകള്‍ നടത്തേണ്ട സര്‍വീസ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളും പാലിക്കപ്പെട്ടിട്ടില്ല. ഭക്തരെ വല്ലാതെ വിഷമിപ്പിക്കുന്ന അവസ്ഥയാണ് നിലക്കല്‍ -പമ്പ മേഖലയിലുള്ളത്. ആറ് മണിക്കൂറിനകം തൊഴുത് മടങ്ങണം എന്ന നിര്‍ദ്ദേശം എന്തിന് നല്‍കി, ആര്‍ക്കാണ് അത് നല്‍കുന്നത് എന്നും മറ്റും കോടതി ആരാഞ്ഞിരുന്നു. അതിനിടെയാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള ഓഫീസര്‍മാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ട് മറ്റുള്ളവരുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കുന്നോ എന്ന് കോടതി ചോദിച്ചത്.

പോലീസിനെ മുന്നില്‍ നിര്‍ത്തി ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാനാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശ്രമിക്കുന്നതെന്ന് പൊതുവെ ആക്ഷേപം ഉയര്‍ന്നിരുന്നു. ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകരുടെ വിവരങ്ങള്‍ അന്വേഷിക്കാനും മറ്റും ശ്രമിച്ചതും കണ്ടതാണ്. സര്‍ക്കാരിന് അതൊക്കെ ഇനി പ്രയാസമാകും . മാത്രമല്ല കൂടുതല്‍ ചോദ്യങ്ങള്‍ നാളെകളില്‍ കോടതിയില്‍ നിന്ന് ഉയര്‍ന്നുകൂടായ്കയുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button