KeralaLatest News

നിരന്തര ശത്രുത; യുവാവിനെ അയൽവാസി കറന്റടിപ്പിച്ച്‌ കൊലപ്പെടുത്തി

മുൻപും ഇതേ കെണിയൊരുക്കിയിരുന്നതായും ഇന്നലെ ആണ് ബിനു അതിൽ വീണതെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചു.

കൊല്ലം: ശത്രുത കാരണം യുവാവിനോട് അയൽവാസിയുടെ ക്രൂരത. 29 കാരനായ യുവാവിനെ അയൽവാസി കറന്റടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊട്ടിയം പറക്കുളം വയലില്‍ പുത്തന്‍ വീട്ടില്‍ അനില്‍കുമാറിന്റെ മകന്‍ ബിനുവിനെയാണ് (29) അയല്‍വാസിയായ വിജയൻ (35)കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു ദാരുണ സംഭവം അരങ്ങേറിയത്.

സ്ഥിരമായി മദ്യപിക്കാറുള്ള ബിനു അയൽവാസിയായ വിജയൻറെ വീട്ടിലെത്തി പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇങ്ങനെ ഇന്നലെ എത്തി ഭീഷണി മുഴക്കിയ ബിനു വീണ്ടും വരുമെന്ന് അറിയിച്ചതിനെ തുടർന്നാണ് വിജയൻ കെണിയൊരുക്കിയത്. ബിനുവിനെ കുടുക്കാനായി ഇയാൾ ഇലക്‌ട്രിക് വയറിലൂടെ വൈദ്യുതി കടത്തിവിട്ട് ഇന്‍സുലേഷന്‍ ടേപ്പ് ഇളക്കി വീടിന്റെ മുന്‍വശത്ത് തൂക്കിയിട്ടു.

തുടർന്ന് വിവരമറിയാതെ ബിനു വരികയും വയറില്‍ പിടിച്ചതോടെ ഷോക്കേറ്റ് നിലത്ത് വീഴുകയും ചെയ്തു. മദ്യ ലഹരിയില്‍ വീണതാണെന്നാണ് വിജയൻ ബിനുവിന്റെ വീട്ടുകാരെ ധരിപ്പിച്ചത്. എന്നാൽ ഷോക്കേറ്റു നിലത്തു വീണ ബിനു പിന്നീട് ഉണർന്നില്ല. മദ്യലഹരി വിടുമ്പോൾ ബിനു ഉണരുമെന്നായിരുന്നു വീട്ടുകാരുടെ പ്രതീക്ഷ. എന്നാൽ രാവിലെ ബിനു മരിച്ചു കിടക്കുന്നതായാണ് വീട്ടുകാർ കാണുന്നത്.

വീഴ്ചയിൽ തലയുടെ പിന്നിലേറ്റ മുറിവിൽ നിന്ന് രക്തം വാർന്നൊഴുകിയതായി കണ്ടതോടെ വീട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസിന്റെ ചോദ്യം ചെയ്യലിലാണ്‌ കറന്റടിപ്പിച്ച വിവരം വിജയൻ പറഞ്ഞത്. മുൻപും ഇതേ കെണിയൊരുക്കിയിരുന്നതായും ഇന്നലെ ആണ് ബിനു അതിൽ വീണതെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചു.

എന്നാൽ വിജയൻ മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്ന ആളാണെന്നാണ് വിജയൻറെ ഭാര്യ പോലീസിനോട് പറയുന്നത്.പോലീസ് പോസ്റ്റ് മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് ബിനുവിന്റെ മൃതദേഹം മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button