പമ്പ: ശബരിമല ഡ്യൂട്ടിക്ക് എത്തിയ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും പമ്പ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കിടക്കാനിടവും ഭക്ഷണവുമില്ലാതെ ബുദ്ധിമുട്ടുന്നു. പമ്പ – നിലയ്ക്കല്‍ സര്‍വീസിനായി ബസ് കൊണ്ടുവന്ന കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ജീവനക്കാര്‍ക്കാണ് ഈ അവസ്ഥ. പരമാവധി അറുപത് പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മുറിയില്‍ ഇരുനൂറ് പേരാണ് തങ്ങുന്നത്. നിന്നു തിരിയാനോ ശ്വാസം വിടാനോ കഴിയാതെ ട്രെയിനിലെപ്പോലെ ഇടുങ്ങിയ രീതിയിലാണ് ബര്‍ത്തുകള്‍. ഒന്നിനു മുകളില്‍ ഒന്നായി മൂന്ന് കിടക്കകള്‍. സ്ഥലമില്ലത്തതിനാല്‍ വരാന്തയില്‍ വരെ കിടക്കേണ്ടി വന്നു പലര്‍ക്കും.
സര്‍വീസിന് ഇ- ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തിയതിനാല്‍ കണ്ടക്ടര്‍മാരുടെ ആവശ്യമില്ല. എന്നാല്‍ ഒരു ബസിന് രണ്ടു ഡ്രൈവര്‍മാരും ഒരു കണ്ടക്ടറുമാണ് എത്തിയത്. കണ്ടക്ടര്‍മാരെ തിരിച്ചു പോകാന്‍ അനുവദിച്ചില്ല. കഴിഞ്ഞ ദിവസം ഡിപ്പോയിലെത്തിയ കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി ജോലിയില്ലാത്ത ജീവനക്കാരെ അതത് ഡിപ്പോയിലേക്ക് തിരിച്ചയയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടും നടപടിയുണ്ടായില്ല.
തീര്‍ത്ഥാടകര്‍ കുറവായതിനാല്‍ ബസുകള്‍ പകുതിയിലധികവും സര്‍വീസ് നടത്താതെ ഡിപ്പോയിലിട്ടിരിക്കുകയാണ്. ഒരു കിലോമീറ്റര്‍ അകലെയുള്ള ത്രിവേണിയിലെ ഹോട്ടലില്‍ പണം കൊടുത്താണ് ഇവര്‍ ഭക്ഷണം കഴിക്കുന്നത്. എം.പാനല്‍ ജീവനക്കാര്‍ പോലും ജോലിയില്ലാതെ ഡിപ്പോയില്‍ തങ്ങുന്നുണ്ട്. ഇവര്‍ക്ക് നൈറ്റ് അലവന്‍സുമില്ല.
Post Your Comments