ശബരിമല : മണ്ഡലകാലത്തിനു നട തുറന്നപ്പോള്‍ അനിഷ്ടസംങ്ങളും അറസ്റ്റും ഉണ്ടായതോടെ ശബരിമലയിലേയ്ക്കുള്ള ഭക്തരുടെ ഒഴുക്ക് കുറഞ്ഞു. അതേസമയം മൂന്നാം ദിവസവും പൊലീസിന്റെ കടുത്ത നിയന്ത്രണവും അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും മൂലം തീര്‍ഥാടക ദുരിതം തുടരുന്നു. നട തുറന്ന ശേഷമുള്ള ആദ്യ ഞായറാഴ്ചയായിരുന്നിട്ടും ഇന്നലെ തിരക്ക് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പകുതിയില്‍ താഴെയായി. നിയന്ത്രണങ്ങളില്‍ ഭാഗികമായി ഇളവുവരുത്തുന്നതായി സംസ്ഥാന പൊലീസ് മേധാവിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ അറിയിച്ചെങ്കിലും ഇത് എത്രത്തോളം നടപ്പാകുമെന്ന് ആശങ്കയുണ്ട്
ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ പൊലീസ് മുഖവിലയ്‌ക്കെടുക്കുന്നില്ല. നെയ്യഭിഷേകത്തിനു പിന്നാലെ ശയനപ്രദക്ഷിണത്തിനും ഇന്നലെ പുലര്‍ച്ചെ നിയന്ത്രണം ഏര്‍പ്പെടുത്തി. ശയനപ്രദക്ഷിണത്തിനു ഭസ്മക്കുളത്തില്‍ മുങ്ങിയെത്തിയവരെ തിരുമുറ്റത്തേക്കു പ്രവേശിപ്പിക്കാതെ പടിഞ്ഞാറേ നടയില്‍ തടഞ്ഞു. ബാരിക്കേഡ് തീര്‍ത്തതിനാല്‍ വാവരു നടയില്‍ തൊഴാനും കാണിക്കയിടാനും പറ്റാതെയായി. രാത്രിയിലേതിനു പുറമേ ഇന്നലെ 11.30 മുതല്‍ ഒരുമണി വരെയും പമ്പയില്‍ മലകയറ്റത്തിനു പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. സന്നിധാനത്ത് വന്‍തിരക്ക് എന്നാണു കാരണം പറഞ്ഞതെങ്കിലും അപ്പോള്‍ മൂവായിരത്തില്‍ താഴെ ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
Post Your Comments