തിരുവനന്തപുരം: : ബി.ജെ.പി ഇന്ന് പ്രതിഷേധ ദിനം ആചരിയ്ക്കുന്നു. പ്രതിഷേധ ദിനത്തിന്റെ ഭാഗമായി വാഹനങ്ങള്‍ തടയും. കെ സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് ബിജെപി പ്രതിഷേധ ദിനം ആചരിക്കുന്നത്. ശബരിമല സന്നിധാനത്തേയ്ക്ക് പോവുകയായിരുന്ന ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
അതേസമയം പ്രതിഷേധ ദിനത്തില്‍ ഹര്‍ത്താല്‍ നടത്തില്ല. എന്നാല്‍ ഹൈവേകളില്‍ വാഹനങ്ങള്‍ തടയുമെന്ന് ശ്രീധരന്‍ പിള്ള അറിയിച്ചു. രാവിലെ 10 മണി മുതല്‍ ഒന്നര മണിക്കൂര്‍ നേരമാണ് ഉപരോധം നടക്കുക. യാത്രക്കാര്‍ക്കു ബുദ്ധിമുട്ടൊഴിവാക്കാനാണ് ഈ ക്രമീകരണം. കെ സുരേന്ദ്രനെ നിലയ്ക്കലില്‍ വെച്ചാണ് പോലീസ് തടഞ്ഞത്. ഇരുമുടിക്കെട്ടുമായി എത്തിയ സുരേന്ദ്രനൊപ്പം ഏഴോളം ബിജെപി പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. നട അടയ്ക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് വരെ മാത്രമേ തീര്‍ത്ഥാടകരെ കടത്തിവിടൂ എന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. രാത്രിയില്‍ സന്നിധാനത്തേയ്ക്ക് ആരേയും കടത്തിവിടരുതെന്നാണ് തീരുമാനം. ഇക്കാര്യങ്ങള്‍ എസ് പി യതീഷ് ചന്ദ്ര സുരേന്ദ്രനെ അറിയിച്ചുവെങ്കിലും അദ്ദേഹം മുന്നോട്ട് പോകാന്‍ ഒരുങ്ങുകയായിരുന്നു. ഇതോടെ പോലീസ് സുരേന്ദ്രനേയും കൂട്ടരേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ഇതിനിടെ സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകരെ പിരിച്ച് വിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
Post Your Comments