Latest NewsKeralaIndia

സാഹിത്യ ലോകത്തേക്കും മീ ടു വിവാദം: ഒലിവ് ബുക്ക് എഡിറ്റര്‍ അടക്കമുള്ളവര്‍ക്കെതിരെ മീ ടുവുമായി യുവതി

ബസിൽ കയറിയതു മുതൽ അനാവശ്യമായി ശരീരത്തിൽ കൈവെക്കാനുള്ള ശ്രമങ്ങളുണ്ടായിരുന്നു അയാൾക്ക്

കോഴിക്കോട്: സിനിമാക്കാരിലും പത്രക്കാരിലും മാത്രം മീ ടു ഒതുങ്ങുന്നില്ല. സാഹത്യ രംഗത്തേക്കും മീ ടു വിവാദം. പ്രമുഖ എഴുത്തുകാരെ തന്നെ വെട്ടിലാക്കി ഫെയ്‌സ് ബുക്കില്‍ ആര്‍ഷാ കബനിയുടെ വെളിപ്പെടുത്തലുകൾ വിവാദത്തിലേക്ക്. ഒലിവ് ബുക്ക് എഡിറ്റര്‍ അര്‍ഷാദ് ബത്തേരി, കവി ശ്രീജിത്തരിയല്ലൂർ തുടങ്ങിയവരും ആരോപണ വിധേയരാണ്. ആര്‍ഷാ കബനിയുടെ മീടൂ വെളിപ്പെടുത്തല്‍ ഇങ്ങനെ

#Me Too
പല എഴുത്തുകാരും ‘സാഹിത്യ പ്രവർത്തകരും ‘ രതിവൈകല്യങ്ങളെ ഒരു അലങ്കാരമായി കൊണ്ടു നടക്കുന്നവരാണ് .കാണുന്നവരോടെല്ലാം പ്രായഭേദമന്യേ കാമം പ്രകടിപ്പിക്കുക എന്നത് എഴുത്തിന്റെ അവകാശമായിട്ടാണ് ഇത്തരം ആളുകൾ കാണുന്നത്. സ്ത്രീയുടെ ആന്തരിക ആഴം, സ്ത്രീയുടെ പവിത്രത പ്രസവം, ആർത്തവം തുടങ്ങി സ്ത്രീകളെ തൊട്ടറിഞ്ഞവരെന്ന് എഴുത്തിലൊക്കെ ശർദ്ദിച്ച് വെച്ചിട്ട് പെണ്ണിനെ കാണുമ്പോൾ കൊത്തിപ്പറിക്കുന്ന മനുഷ്യരെ എഴുത്തുകാരെന്ന് വിളിക്കേണ്ടിവരുന്നതിൽ വിഷമമുണ്ട്.

ഞാൻ ഡിഗ്രിയിൽ പഠിക്കുന്ന കാലത്താണ് അർഷാദ് ബത്തേരിയെ പരിചയപ്പെടുന്നത്. അന്നയാൾ എന്റെ മകളെപ്പോലെയാണ് നീയെന്ന് പറഞ്ഞിരുന്നു. പിന്നീട് എന്റെ കാമുകിയാകാമോ എഴുത്തിൽ ഒപ്പം നിക്കാമോ എന്നും ചോദിച്ചു. ചിലപ്പോൾ മിഠായികൾ, മുത്തുമാല, പുസ്തകങ്ങൾ തുടങ്ങിയവയൊക്കെ കൊണ്ടുത്തരും. “എന്നെ ടൗണിൽ കണ്ടാൽ ആളുകൾ തിരിച്ചറിയും പലതും പറഞ്ഞുണ്ടാക്കും. കാറിലിരുന്ന് സംസാരിക്കാമെന്ന് പറയും ” .

പുൽപ്പള്ളി ടാണിന് പരിസരത്തുള്ള ഏതെങ്കിലും വഴിയിലൂടെ സഞ്ചരിക്കും. ഇടക്കെവിടെയെങ്കിലും നിർത്തിയിട്ട് സംസാരിക്കും.
കവിതകളാണ് കൂടുതലും പറയുക. കവിത ഇഷ്ടപ്പെടുന്നവൾക്ക് കവിതയിലൂടെ കെണി.ഒരിക്കൽ സംസാരിച്ചുകൊണ്ടിരിക്കെ അയാൾ എന്റെ മുലകളിൽ കയറിപ്പിടിച്ചു. ഒരു സ്ത്രീയെന്ന നിലയിൽ അതിനു മുൻപും ശേഷവും ഞാനിതുപോലെ അപമാനിക്കപ്പെട്ടിട്ടില്ല. ഒരാളിൽ കാമം മാത്രമായി രൂപപ്പെടുന്ന വികാരത്തിനു പോലും ഒരു നിലവാരമുള്ളതായാണ് എനിക്ക് തോന്നുന്നത്.

ഇതിപ്പോൾ മാനസിക വൈകൃതമെന്നല്ലാതെ എന്താണ് പറയേണ്ടത്. ” മാസം തികയാതെ ജനിച്ച തന്റെ കുഞ്ഞ് വെന്റിലേറ്ററിൽ കിടക്കുമ്പോൾ മുലപ്പാൽ കല്ലിച്ച് അസ്വസ്ഥതപ്പെടുന്ന ഭാര്യയുടെ നെഞ്ചിലേക്ക് ഒരു കുഞ്ഞിന്റെ ചുണ്ടുകളുമായി എത്തിപ്പെടാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് എഴുതിയ ആളാണ്.” ആ എഴുത്ത് വായിച്ച് പല സ്ത്രീകളും തന്റെ വിരലുകളിൽ ചുംബിക്കണമെന്ന് പറഞ്ഞതായി അയാൾ പറഞ്ഞു കേട്ടിട്ടുണ്ട്.

ഈ ദിവസങ്ങളിലെന്നോ ആണ് എങ്ങോട്ടെങ്കിലും യാത്ര പോകാമെന്നും, നിനക്കെന്നോട് അഭിനിവേശം തോന്നുന്നില്ലേ എന്നുമൊക്കെ അയാൾ ചോദിച്ചത്. എന്തായാലും ആ ബന്ധം ഞാനങ്ങനെ അവസാനിപ്പിച്ചു. ഈ അടുത്ത ദിവസങ്ങളിൽ നീ എനിക്ക് മോളെ പോലെയാണ് എന്ന് പറഞ്ഞ് അയാൾ സമീപിച്ചതായി പല സുഹൃത്തുക്കളും പറയുന്നതുകേട്ടു .കവി ശ്രീജിത്തരിയല്ലൂരിന്റെയും പ്രശ്നം ഇതൊക്കെ തന്നെയാണെന്ന് തിരിച്ചറിഞ്ഞ ഒരവസരമുണ്ടായി.

ഒരു വർഷം മുൻപ് മഞ്ചേരിയിലെ ഒരു സാഹിത്യ കൂട്ടായ്മയുടെ പരിപാടി കഴിഞ്ഞ് തിരികെ പോരുമ്പോൾ … കോഴിക്കോട്ടേക്കാണെങ്കിൽ ഒരുമിച്ച് പോകാമെന്ന് ഞാനയാളോട് പറഞ്ഞു. ബസിൽ കയറിയതു മുതൽ അനാവശ്യമായി ശരീരത്തിൽ കൈവെക്കാനുള്ള ശ്രമങ്ങളുണ്ടായിരുന്നു അയാൾക്ക് … കോഴിക്കോട്ടെത്തിയപ്പോൾ ഇന്ന് ഒരുമിച്ച് നിക്കാമെന്നായി. ഞാൻ ആദ്യമായി കാണുന്ന വ്യക്തിയായിരുന്നു. മുൻപരിചയമൊന്നും ഉണ്ടായിരുന്നില്ല.

ആദ്യമായി കാണുന്ന ആളോട് അപ്പോൾ തന്നെ കൂടെ പോരുന്നോ എന്ന് ചോദിക്കുന്ന പ്രണയകവിതകളെഴുതി ലോകത്തെ തോൽപ്പിക്കുന്ന കവി!
പിന്നീട് കോഴിക്കോടുവെച്ച് കണ്ടപ്പോൾ പല സ്ത്രീകളുമായി അയാൾക്കുണ്ടായ രതിബന്ധങ്ങളെക്കുറിച്ച് പറഞ്ഞു. എല്ലാവരുടേയും നഗ്നഫോട്ടോസുണ്ട് കയ്യിലെന്നും ആരെങ്കിലും തനിക്കെതിരെ ശബ്ദമുയർത്തിയാൽ ഉപയോഗിക്കാനുള്ള ആയുധമാണതെന്നും പറഞ്ഞു.

ഇതൊന്നുമറിയാതെ ഒരുവൾ വീട്ടിലുണ്ടെന്നും .അത് വെറും ഭാര്യയാണെന്നും പറഞ്ഞു ..വെറും ഭാര്യ! ഇന്നുപോലും സംസാരത്തിനിടയിൽ എന്റെ പെൺ കവി സുഹൃത്തുക്കൾ അയാളെക്കുറിച്ച് ഇത്തരം അനുഭവങ്ങൾ തന്നെയാണ് പറഞ്ഞത്.
ഇവരെയൊന്നും സംബന്ധിച്ച് എഴുത്ത് പ്രതിരോധമോ ആശ്രയമോ അല്ല… കെണിയാണ്… നിറം പുരട്ടിവെച്ച അക്ഷരക്കെണി.

shortlink

Related Articles

Post Your Comments

Related Articles


Back to top button