തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി.ശശികലയുടെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്ന് വ്യക്തമാക്കി കെ.പി.സി.സി പ്രചരണ സമിതി ചെയര്‍മാന്‍ കെ.മുരളീധരന്‍ എം.എൽ.എ. ശശികല ഒരുദിവസം ശബരിമലയില്‍ തങ്ങിയാല്‍ മലയിടിഞ്ഞു വീഴുമോ. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നടത്തിയ പ്രചരണങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം വന്നെന്ന് മനസിലാക്കി ശ്രദ്ധ തിരിക്കാന്‍ മുഖ്യമന്ത്രി ബി.ജെ.പിയുമായി ചേര്‍ന്ന് നടത്തിയ അഡ്‌ജസ്‌റ്റ്‌മെന്റാണ് അറസ്‌റ്റെന്നും അദ്ദേഹം ആരോപിച്ചു.
ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറങ്ങി നടക്കില്ല. പിണറായിയുടെ ഭരണത്തിന് കീഴില്‍ അയ്യപ്പന് പോലും കഷ്ടകാലമാണ്. ഇങ്ങനെയൊരു കാലം ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ശബരിമലയില്‍ അടിസ്ഥാനസൗകര്യങ്ങളൊന്നും തന്നെ ഒരുക്കിയിട്ടില്ല. ഡ്രെയിനേജ് നിറഞ്ഞ് ശബരിമല പരിസരം ദുര്‍ഗന്ധപൂരിതമായിരിക്കുന്നു. നിരോധനാജ്ഞയും പുറപ്പെടുവിച്ചു. ശബരിമലയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് നിരീശ്വരവാദം പ്രചരിപ്പിക്കുന്ന സി.പി.എമ്മും കപടഭക്തി കാണിക്കുന്ന ബി.ജെ.പിയുമാണെന്നും മുരളീധരന്‍ ആരോപിച്ചു.
Post Your Comments