നിസാരമായ ഒരു വിഷയത്തിന്റെ പേരിലാണ് ഡിവൈഎസ്പി ഹരികുമാറിന്റെയും സനൽ കുമാറിന്റെയും ജീവൻ നഷ്ടപ്പെട്ടത്. ഒരു വാഹനത്തിന്റെ മുന്നിൽ മറ്റൊരു വാഹനം പാർക്ക് ചെയ്‌തതാണ് ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിനും സനലിന്റെ മരണത്തിനും കാരണമായത്. നിസ്സാരമായ വാക്കു തർക്കത്തിൽ അവസാനിക്കാവുന്ന ഒരു സംഭവം രണ്ട് ജീവനുകൾ ഇല്ലാതായപ്പോൾ നഷ്ടം ഉണ്ടായത് അവരുടെ കുടുംബങ്ങൾക്ക് മാത്രമാണ്. ഇങ്ങനെയൊരു സംഭവം രണ്ട് ജീവനുകൾ ഇല്ലാതാക്കുമ്പോൾ ഇത്തരം സാഹചര്യങ്ങളെ ദൈനം ദിനം നേരിടുന്ന നമ്മളും ചിന്തിക്കേണ്ടതുണ്ട്.
ഇങ്ങനെ ഒരു തർക്കം നടക്കുമ്പോൾ തന്റെ ജീവൻ നഷ്ടപ്പെടുമെന്ന് സനൽ അറിഞ്ഞിരുന്നോ? ഇത് തന്റെ ആത്മഹത്യയിലേക്ക് നയിക്കുന്ന ഒരു കാരണമായി മാറുമെന്ന് ഹരികുമാറും ചിന്തിച്ചിരുന്നോ? കൊലപാതകങ്ങളും അടിപിടിക്കേസുകളും ഒക്കെ പരിശോധിക്കുമ്പോൾ ക്രിമിനൽ മനസ്സോട് കൂടി അത് ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണ്. പെട്ടെന്നുള്ള പ്രകോപനവും ഈഗോയുമാണ് പലരെയും ഇത്തരം പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. ഒരാൾ നിനച്ചിരിക്കാതെ അപകടത്തിലേക്ക് വീണു മരിച്ചെങ്കിൽ മറ്റൊരാൾ നിസ്സഹായനായി സ്വയം ജീവൻ എടുക്കുകയായിരുന്നു. ക്രിമിനൽ മനോഭാവം ഇല്ലാത്ത ഹരികുമാർ ഇത്തരമൊരു സാഹചര്യത്തിൽ അറിയാതെ പെട്ടത് കൊണ്ടാണ് സ്വയം ജീവനൊടുക്കിയതെന്നാണ് ഭൂരിഭാഗം ആളുകളും പറയുന്നത്. പരിശോധിച്ച് നോക്കുമ്പോൾ അതിൽ സത്യമുണ്ടെന്നും മനസിലാക്കാൻ കഴിയും.
ക്രിമിനലായ ഒരു ഓഫിസറാണ് ഹരികുമാർ എങ്കിൽ അയാൾ ആത്മഹത്യ ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു. സ്വന്തം സഹപ്രവർത്തകരുടെ സഹായത്തോടെ രക്ഷപെടാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. നിസ്സാരമായി അവഗണിക്കേണ്ട കാര്യങ്ങളെ വലിയ സംഭവമാക്കി മാറ്റുന്ന നമുക്ക് ഓരോരുത്തർക്കും പാഠമാകേണ്ടതാണ് സനലിന്റേയും ഹരികുമാറിന്റെയും ജീവിതം.
Post Your Comments