തിരുവനന്തപുരം: ഡിവൈഎസ്പി ഹരികുമാറിയന്റെ അവസാനവാക്കുകൾ ഇങ്ങനെയായിരുന്നു, പോലീസിനു കീഴടങ്ങി നെയ്യാറ്റിന്കര സബ് ജയിലില് കിടക്കാൻ എന്നെ കിട്ടില്ല. ഇന്നലെ വരെ സല്യൂട്ട് ചെയ്ത് വണങ്ങിയിരുന്ന പോലീസുകാർ കൈവിലങ്ങുവച്ച് കൊണ്ട് നടക്കുന്നതും, താന്‍ തന്നെ പിടിച്ചകത്തിട്ട ക്രിമിനലുകളും, കള്ളന്മാരും ജയിലിനുള്ളിൽ തനിക്കു നേരെ കൈവയ്ക്കുന്നതും സഹിക്കാനാവില്ലായിരുന്നു ഹരികുമാറിന്. അതിനേക്കാള്‍ ഭേദം മരണമാണെന്ന് ഡിവൈഎസ്പി കണക്കു കൂട്ടി.
ക്രിമിനലായ ബിനുവുമായുള്ള ചങ്ങാത്തമാണ് ഹരികുമാറിന് വിനയായത്. പഴയ ഹരികുമാർ നല്ലവനായിരുന്നുവെന്ന് സഹ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. നല്ല കുടുംബ പശ്ചാത്തലം. സുഹൃത്തുക്കള്‍ക്കും വീട്ടുകാര്‍ക്കും പ്രിയങ്കരന്‍. പഠനത്തില്‍ മികവ്. വലിയ സുഹൃദ്ബന്ധം. പോലീസ് സര്‍വീസിലും കഴിവു തെളിയിച്ചു. ഇതിനിടയില്‍ മൂത്തമകന്റെ കാന്‍സര്‍ രോഗം ഹരികുമാറിനെ തകർത്തു. ധാരാളം പണം ചിലവായി കടം കയറി. ഫോര്‍ട്ട് സി.ഐ ആയിരുന്നപ്പോള്‍ ഒരു സ്ത്രീയില്‍ നിന്നും മുപ്പത്തയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി. രണ്ടു മാസത്തെ സസ്‌പെന്‍ഷന്‍. അവിടെ രക്ഷകനായെത്തിയത്, പോലീസില്‍ ഒപ്പം ചേര്‍ന്ന കൂട്ടുകാരന്‍ ബിനു. ബിനു പിന്നീട് പോലീസ് സര്‍വീസില്‍ നിന്നു പുറത്തുപോയി കണ്‍സ്ട്രക്ഷന്‍ സബ് കോണ്‍ട്രാക്ട് ബിസിനസ്സിലായിരുന്നു. സസ്‌പെന്‍ഷന്‍ കാലഘട്ടത്തില്‍ ബിനുവിനൊപ്പം ചേര്‍ന്ന് മണ്ണടിക്കലും, ണെല്‍ ബിസിനസ്സും നടത്തി. കുറെ പണം കിട്ടി കൂട്ടിന് ക്രിമിനലുകളും. ഈ ബിസിനസ്സിലാണ് തന്റെ കടം വീട്ടാന്‍ കഴിഞ്ഞതെന്ന് ഡി.വൈ.എസ്.പി സഹോദരനോട് പറഞ്ഞിരുന്നു. ബിനു പിന്നീട് ശ്രീധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ സൈറ്റ് സൂപ്പര്‍വൈസറായി. സാമ്പത്തിക ക്രമക്കേടുകളെത്തുടര്‍ന്ന് അവിടുന്ന് പുറത്താക്കി.
സസ്‌പെന്‍ഷന്‍ കഴിഞ്ഞതോടെ സി.പി.എം നേതാക്കളുടെ സഹായത്തോടെ അങ്കമാലി സ്റ്റേഷനില്‍ സി.ഐ.യായി. വിവാദമായ തെറ്റയില്‍ കേസ് അന്വേഷിച്ച് പ്രശസ്തനും, രാഷ്ട്രീയക്കാര്‍ക്ക് പ്രിയങ്കരനുമായി. പിന്നീട് കടയ്ക്കലിലേക്ക്, തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെത്തി. അവിടെ പഴയ സുഹൃത്ത് ബിനുവും. പിന്നെ ബിനുവിന്റെ കൂട്ടുകെട്ട്. പണപ്പിരിവും സ്വകാര്യ കച്ചവടവുമൊക്കെ ബിനു കൊഴുപ്പിച്ചു. ക്രിമിനല്‍ സംഘങ്ങളെ ഒപ്പം കൂട്ടിയ ബിനുവിന്റെ കെണിയില്‍ ഹരികുമാര്‍ പെടുകയായിരുന്നു.
മൂത്തമകന് തലച്ചോറില് കാൻസറുവന്നു മരിച്ചതോടെ ഹരികുമാറിന് ജീവിതത്തോട് ഒരു തരം വെറുപ്പു വന്നു. കൂടെ ബിനുവും ചങ്ങാതികളുമായ കുറെ ക്രിമിനലുകളും കൂടെ കൂടി. മണൽക്കടത്തിനും, പാറ പൊട്ടിച്ചു നീക്കുന്നതിനും, മണ്ണടിക്കുന്നതിനും, ക്രിമിനലുകൾക്ക് കൂട്ടു നിന്നു. അതിൽ നിന്നു കുറച്ചു പണം കിട്ടി. ഹരികുമാറിന്റെ അധപതനം തുടങ്ങിയതിങ്ങനെയായിരുന്നു.
വഴക്കിനിടയിൽ സനൽ കുമാറിനെ പിടിച്ചു തള്ളിയെന്നും അതുവഴി ഓവർ സ്പീഡിൽ കടന്നു പോയ കാറിനു മുന്നിൽ വീണത് യാദൃശ്ചികമാണെന്നും സഹോദരനോട് ഹരികുമാർ പറഞ്ഞിരുന്നു. ഒളിവിലായിരുന്ന ഓരോ നിമിഷവും ഹരികുമാർ പൊട്ടിക്കരയുകയായിരുന്നു. താനുമായി ബന്ധപ്പെട്ട ഒരുപാടു കഥകൾ പൊടിപ്പും തൊങ്ങലും വച്ചതാണെന്ന് ഹരികുമാർ കരഞ്ഞു പറഞ്ഞിരുന്നു. ഭര്ത്താവിനെയും, ഏറെ മുമ്പേ മകനെയും നഷ്ടപ്പെട്ട ഹരികുമാറിന്റെ ഭാര്യയെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും. വീട്ടിലെ നായയെ തുറന്നു വിട്ട് വീടിനു പുറകിലെ വിറകു പുരയിലാണ് ഹരികുമാര് തൂങ്ങിമരിച്ചത്. നാട്ടുകാരാണ് ഹരികുമാർ തൂങ്ങി നിൽക്കുന്നത് ആദ്യം കണ്ടത്. കുറച്ചു ദിവസമായി കല്ലമ്പലത്തെ വീട് പൂട്ടിയിട്ട നിലയിലായിരുന്നു.
Post Your Comments