പമ്പ : മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കുമ്പോള്‍ മുങ്ങി നിവരാന്‍ വെള്ളമില്ലാത്ത പമ്പാ നദിയാണ് ഭക്തരെ കാത്തിരിക്കുന്നത്. ഒഴുക്ക് കുറഞ്ഞ നദിയുടെ പലഭാഗത്തെയും ജലനിരപ്പ് കാല്‍മുട്ടിന് താഴെയാണ്. പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ സ്‌നാനഘട്ടം പുനഃസ്ഥാപിക്കലും വൈകി.ത്രിവേണി പാലത്തിന് മുകളില്‍ വരെ അടിഞ്ഞ മണ്ണ് നീക്കി പമ്പയുടെ ഗതി വീണ്ടെടുത്തിട്ടുണ്ട്. പുഴയുടെ ആഴം അഞ്ചടി വരെ കൂട്ടിയെങ്കിലും മണല്‍ ഒഴുകിയെത്തുന്നതിനാല്‍ അടിത്തട്ട് ഉയരുകയാണ്.
മണ്ഡലകാലത്തും ഹിറ്റാച്ചിയുപയോഗിച്ച് മണല്‍ നീക്കും. മണല്‍പ്പുറം നിരപ്പാക്കുന്നത് പൂര്‍ത്തിയാകാത്തതിനാല്‍ ജല അതോറിട്ടിയുടെ വാട്ടര്‍ കിയോസ്കുകള്‍ സ്ഥാപിച്ചിട്ടില്ല. മണല്‍പ്പുറം നിരപ്പാകാത്തതിനാല്‍ മഴയത്ത് വെള്ളം ഗണപതി ക്ഷേത്രത്തിലേക്കുള്ള പടിയിലേക്കു കയറും. തുലാമാസ പൂജയ്‌ക്കിടെയുണ്ടായ ശക്തമായ മഴയില്‍ മണല്‍പ്പുറം മുങ്ങിയിരുന്നു. വാട്ടര്‍ അതോറിട്ടി വെള്ളമെടുക്കുന്നിടത്ത് അടിഞ്ഞ മണ്ണ് ഹിറ്റാച്ചി ഉപയോഗിച്ച് നീക്കും.
ആറാട്ടുകടവ് മുതല്‍ ത്രിവേണി വരെയുള്ള ഏഴിടത്ത് സ്‌നാനഘട്ടം നിര്‍മ്മിക്കുന്നുണ്ട്. രണ്ടു മീറ്റര്‍ ഉയരത്തില്‍ മണല്‍ച്ചാക്കടുക്കിയാണ് സ്‌നാനഘട്ടം ഒരുക്കുന്നത്. മന്ത്രി മാത്യു ടി. തോമസ് ഇന്നലെ പമ്പയും നിലയ്‌ക്കലും സന്ദര്‍ശിച്ചു. തടയണ നിര്‍മ്മാണം വേഗത്തിലാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. പ്രളയത്തില്‍ പമ്പയിലടിഞ്ഞ മണല്‍ നീക്കുന്ന ടാറ്റാ പ്രോജക്‌ട്സ് ലിമിറ്റഡ് ആറും, ഇറിഗേഷന്‍ വകുപ്പ് ഒന്നും തടയണ നിര്‍മ്മിക്കും.
Post Your Comments