കാത്തിരിപ്പിക്കുൾക്ക് വിരാമമിട്ട് ഇന്ത്യൻ നിരത്തുകളെ കിടുകിടാ വിറപ്പിക്കാൻ ജാവ ബൈക്കുകള്‍ എത്തി. ജാവ, ജാവ 42, പെറാക്ക് എന്നീ ബൈക്കുകൾ അവതരിപ്പിച്ചാണ് തങ്ങളുടെ രണ്ടാം വരവ് കമ്പനി ആഘോഷമാക്കിയത്. മഹീന്ദ്രയാണ് ജാവ ബൈക്കുകളുടെ തിരിച്ചുവരവിനു പിന്നിൽ. പഴയ ബൈക്കിനെ ഓർമപെടുത്തും വിധം ക്ലാസിക് റെട്രോ ശൈലി രൂപകൽപ്പന തന്നെയാണ് കമ്പനി നൽകിയിരിക്കുന്നതെങ്കിൽ ബോബര്‍ വിഭാഗത്തിൽപ്പെടുന്ന പെറാക്ക് നിരത്തിൽ ഏറെ വ്യത്യസ്തനായിരിക്കും.ബുള്ളറ്റുകളെ പോലെ വട്ടത്തിലുള്ള ഹെഡ്‌ലാംബ്, ക്രോം തിളക്കമുള്ള ഇന്ധന ടാങ്ക്, പരന്ന സീറ്റ്, ഇരട്ട പുകക്കുഴലുകള്‍ എന്നിവയാണ് പ്രധാന പ്രത്യേകതകൾ.
മഹീന്ദ്ര മോജോയെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന ഭാരത് സ്റ്റേജ് VI 293 സിസി ഒറ്റ സിലിണ്ടര്‍ എൻജിൻ ആണ് ജാവ, ജാവ 42വിനു നല്‍കിയിരിക്കുന്നത്. 27 bhp കരുത്തും 28 Nm torque -മാണ് പരമാവധി കരുത്ത്. ആറു സ്പീഡ് ഗിയർ ബോക്സ് നിരത്തിൽ കുതിപ്പ് നൽകും. അതേസമയം 334 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനായിരിക്കും പെറാക്കില്‍ കരുത്തു പകരുക. മറ്റു സാങ്കേതിക വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. പഴയ ടൂ സ്‌ട്രോക്ക് ബൈക്കുകളുടെ ഗാംഭീര്യ ശബ്ദം അനുകരിക്കാന്‍ ഫോര്‍ സ്‌ട്രോക്ക് ജാവ എഞ്ചിനുകള്‍ക്ക് സാധിക്കുമെന്നു കരുതാം.
ബ്ലാക്, മറൂണ്‍, ഗ്രെയ് എന്നിങ്ങനെ മൂന്നു നിറങ്ങളാണ് ജാവയ്ക്ക് ഭംഗി നൽകുന്നതെങ്കിൽ ഹാലീസ് ടിയല്‍, ഗലാറ്റിക് ഗ്രീന്‍, സ്റ്റാര്‍ലൈറ്റ് ബ്ലൂ, ല്യുമോസ് ലൈം, നെബ്യുല ബ്ലൂ, കോമറ്റ് റെഡ് നിറങ്ങളിലായിരിക്കും ജാവ 42 എത്തുക. പ്രാരംഭ ജാവ 42 മോഡലിനു 1.55 ലക്ഷം രൂപയും, ഇടത്തരം ജാവ ബൈക്ക് മോഡലിന് 1.65 ലക്ഷം രൂപയും, ബോബര്‍ ശൈലിയുള്ള ജാവ പെറാക്കിന് 1.89 ലക്ഷം രൂപയുമാണ് മുംബൈ ഷോറൂം വില. അധികം വൈകാതെ തന്നെ ജാവാ ബൈക്കുകളുടെ ശബ്‌ദം ഇനി കേട്ട് തുടങ്ങാം. കൂടാതെ 2019 ആദ്യപാദത്തിലായിരിക്കും ജാവ പെറാക്ക് വിപണിയില്‍ എത്തുക.
Post Your Comments