KeralaLatest News

ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഇലക്ട്രിക് ബസുകളും

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇനി ഇലക്ട്രിക് ബസുകളില്‍ യാത്ര ചെയ്യാം. മലിനീകരണമില്ലാത്ത ശബ്ദ രഹിത ഇലക്ട്രിക് ബസുകള്‍ പൊതുഗതാഗതത്തിനായി എത്തിക്കുന്നത് ഒലെക്ട്ര-ബിവൈഡിയാണ്. ഹിമാച്ചല്‍ പ്രദേശിലെ കുളു-മണാലി-രോഹ്തങ് പാതയില്‍ വിജയകരമായി സര്‍വീസ് നടത്തുന്ന ഏതു പരിസ്ഥിതിയിലും ഉപയോഗിക്കാവുന്ന ഇബസ് കെ9 മോഡലാണ് ശബരിമലയിലേക്ക് എത്തുന്നത്. കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനു (കെഎസ്ആര്‍ടിസി) കീഴിലാണ് വാണീജ്യാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ബസുകള്‍ ഫഌഗ് ഓഫ് ചെയ്തു. ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന കമ്പനിയായ ബിവൈഡി ഓട്ടോ ഇന്‍ഡസ്ട്രിയുമായി ചേര്‍ന്ന് ഒലെക്ട്ര ഗ്രീന്‍ടെക്കാണ് ഇന്ത്യയില്‍ ഈ ബസുകള്‍ നിര്‍മ്മിച്ചത്.

ഒമ്പതു മീറ്റര്‍ വരുന്ന ലോ ഫ്‌ളോര്‍ എയര്‍ കണ്ടിഷന്‍ഡ് ബസുകള്‍ക്ക് 32+1 (ഡ്രൈവര്‍) യാത്രക്കാരെ ഉള്‍ക്കൊള്ളനാകും. തീര്‍ത്ഥാടകര്‍ക്ക് സുഖകരമായ യാത്രയാണ് വാഗ്ദാനം ചെയുന്നത്. ബസില്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുള്ള ലിഥിയം ഇയോണ്‍ ബാറ്ററി ഒരു തവണത്തെ ചാര്‍ജിങ്ങില്‍ ട്രാഫിക്ക് അനുസരിച്ച് ശരാശരി 250 കിലോമീറ്റര്‍ സഞ്ചരിക്കും. സാങ്കേതികമായി മുന്നില്‍ നില്‍ക്കുന്ന ഇബസില്‍ ഓരോ തവണ ബ്രേക്ക് ചെയ്യുമ്പോഴും നഷ്ടപ്പെടുന്ന പ്രവര്‍ത്തന ഊര്‍ജം ശേഖരിക്കപ്പെടുന്നു. 2-3 മണിക്കൂര്‍ കൊണ്ട് ബസ് ബാറ്ററി പൂര്‍ണമായും റീചാര്‍ജ് ചെയ്യപ്പെടുന്നു. ഇലക്‌ട്രോണിക് നിയന്ത്രിത എയര്‍ സസ്‌പെന്‍ഷന്‍ യാത്ര സുഖകകരമാക്കുമെന്ന് ഉറപ്പിക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട്, ചൂട്, ഇടിമിന്നല്‍ തുടങ്ങിയവയില്‍ നിന്നും യാത്രക്കാര്‍ക്ക് പൂര്‍ണ സംരക്ഷണവും ഉറപ്പുനല്‍കുന്നു.
രാജ്യത്തെ ഒരു സംസ്ഥാനത്തു കൂടി ഇലക്ട്രിക് ബസ് സര്‍വീസ് നടത്താന്‍ സാധിച്ച ഒലെക്ട്ര-ബിവൈഡിക്ക് അഭിമാനമുണ്ടെന്നും മലിനീകരണം കുറച്ച് കാര്യക്ഷമമായ പൊതു ഗതാഗത സംവിധാനത്തിലൂടെ ദൈവത്തിന്റെ സ്വന്തം നാട്ടിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിലേക്ക് സംഭാവന ചെയ്യാനും മറ്റു സംസ്ഥാനങ്ങളിലെ പോലെ ഇവിടെയും ഈ 10 ബസുകള്‍ വിജയകരമായ സര്‍വീസ് ആവര്‍ത്തിക്കുമെന്നും കരുതുന്നതായി ഒലെക്ട്ര ഗ്രീന്‍ടെക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍. നാഗ സത്യം പറഞ്ഞു.

ബെംഗളൂരുവില്‍ ഈയിടെയാണ് കമ്പനി ആദ്യത്തെ ആഢംഭര ഇലക്ട്രിക് ബസായ ഇബസ് കെ6 എല്‍യുഎക്‌സ്ഇ അവതരിപ്പിച്ചത്. ഇന്ത്യയില്‍ ആദ്യമായി വാണീജ്യ അടിസ്ഥാനത്തില്‍ ഇലക്ട്രിക്ക് ബസ് സര്‍വീസ് നടത്തിയത് ഒലെക്ട്ര-ബിവൈഡിയാണ്. ഹിമാച്ചല്‍ പ്രദേശ് കൂടാതെ മുംബൈയില്‍ ഇബസ് കെ7 സര്‍വീസ് നടത്തുന്നുണ്ട്. കൂടാതെ 12 മീറ്റര്‍ വരുന്ന ഇബസ് കെ9 ബെംഗളൂര്‍, ഡല്‍ഹി, ചണ്ഡിഗഢ്, ഗോവ, രാജ്‌കോട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ ട്രയല്‍ റണ്‍ നടത്തി കഴിഞ്ഞു. ഒലെക്ട്രയുടെ ഇബസ്6 ആദ്യമായി ഇന്ത്യയില്‍ നിര്‍മ്മിച്ച് നേപ്പാളിലേക്ക് കയറ്റുമതി ചെയ്ത ഇലക്ട്രിക് ബസ് എന്ന ബഹുമതിയും സ്വന്തമാക്കി.

ഇതിനകം ഇന്ത്യന്‍ റോഡുകളില്‍ നാലു ലക്ഷം കിലോമീറ്റര്‍ പിന്നിട്ട ഒലെക്ട്ര-ബിവൈഡി ഇലക്ട്രിക് ബസുകള്‍ 419 ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറം തള്ളല്‍ കുറച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button