പത്തനംതിട്ട : മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി നവംബര്‍ 17ന് ശബരിമല നടതുറക്കുന്നത് അതീവ സുരക്ഷാവലയത്തിലായിരിക്കും. നാല് ഘട്ടങ്ങളിലായി 4500 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും നട തുറന്നപ്പോള്‍ അഭിമുഖീകരിക്കേണ്ടി വന്ന പ്രതിഷേധങ്ങളും സുരക്ഷയും കണക്കിലെടുത്താണ് സര്‍ക്കാരിന്റെ ഈ തീരുമാനം.
തൃപ്തി ദേശായി അടക്കം ഇത്തവണ കൂടുയുവതികളാണ് ശബരിമലയില്‍ പ്രവേശിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. സ്ത്രീകള്‍ എത്തിയാല്‍ തടയുമെന്ന് ആര്‍.എസ്.എസും സംഘപരിവാറും അറിയിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് നാല് ഘട്ടങ്ങളിലായി 4500 പോലീസുകാരെ വീതം ശബരിമലയില്‍ വിന്യസിക്കാനാണ് തീരുമാനം.
മകരവിളക്കിന് 5000 പോലീസുകാരെ സന്നിധാനത്ത് എത്തിക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്നുമടക്കം എത്തുന്ന വനിതാ പോലീസുകാരെ ആവശ്യമെങ്കില്‍ മാത്രം സന്നിധാനത്ത് വിന്യസിക്കും. ഇല്ലെങ്കില്‍ ചിത്തിര ആട്ടവിശേഷ സമയത്തേത് പോലെ അമ്പത് വയസ് കഴിഞ്ഞ വനിതാ പോലീസുകാരെയാകും സന്നിധാനത്ത് വിന്യസിക്കുക.
പമ്പ മുതല്‍ നിലയ്ക്കല്‍ വരെ 200 വനിതാ പോലീസുകാരെ നിയോഗിക്കും. പോലീസ് വിന്യാസത്തില്‍ വനിത ബറ്റാലിയനെയും ഉള്‍പ്പെടുത്തി. 1500 വനിത പോലീസുകാരെ മണ്ഡല, മകര വിളക്ക് കാലത്ത് ശബരിമലയില്‍ വിന്യസിക്കും.
രണ്ട് ഐ.ജിമാരുടെ മേല്‍നോട്ടത്തിലായിരിക്കും സന്നിധാനത്തെയും പമ്പയിലെയും സുരക്ഷാക്രമീകരണങ്ങള്‍ നിയന്ത്രിക്കുക. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ രണ്ട് എസ്.പിമാര്‍ വീതമുണ്ടാകും. ക്രമസമാധാനം, തിരക്ക് എന്നിവ നിയന്ത്രിക്കുന്നതിനാണ് രണ്ട് എസ്.പിമാരുടെ സേവനം.
മാധ്യമ പ്രവര്‍ത്തകരെ വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് ശേഷമായിരിക്കും പ്രവേശിപ്പിക്കുക. ഭക്തന്മാര്‍ക്ക് പ്രവേശനം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ശേഷമായിരിക്കും. കാല്‍നടയായി എത്തുന്ന ഭക്തന്മാരെയാകും ആദ്യം പ്രവേശിപ്പിക്കുക.
Post Your Comments