ശബരിമലയിലെ യുവതി പ്രവേശത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ നല്‍കിയ പുന:പരിശോധനാഹര്‍ജിയില്‍ കോടതി എന്ത് തീരുമാനമെടുക്കുമെന്ന ആകാംക്ഷക്ക് അറുതിയായി. ഹര്‍ജി തള്ളുമെന്ന ആശങ്കയ്ക്ക് വിരാമമിട്ട് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുനഃപരിശോധനാ, റിട്ട് ഹര്‍ജികള്‍ തുറന്ന കോടതിയിലേക്ക് വിട്ടു. ജനുവരി 22ന് ഈ ഹര്‍ജികളില്‍ വാദം കേള്‍ക്കും. അതേസമയം വിധിക്ക് സ്റ്റേ ഇല്ലാത്തതിനാല്‍ മണ്ഡലകാലത്ത് യുവതികള്‍ക്ക് പ്രവേശനമുണ്ടാകുകയും ചെയ്യും. പുന:പരിശോധനഹര്‍ജിക്കൊപ്പം സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ തള്ളണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ റിട്ട് ഹര്‍ജികളും പരിഗണിക്കുന്നത് യുവതി പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്ക് ഇരട്ടിസന്തോഷം നല്‍കുന്നതാണ്. ഹര്‍ജികളില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും അടക്കം എല്ലാ കക്ഷികള്‍ക്കും നോട്ടീസയക്കുമെന്ന് സുപ്രീംകോടതി രജിസ്ട്രാര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്തു.
ശബരിമല മുഖ്യതന്ത്രി, ശബരിമല തന്ത്രിമാരില്‍ ഒരാളായ കണ്ഠരര് രാജീവര്, നായര്‍ സര്‍വീസ് സൊസൈറ്റിക്കു വേണ്ടി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍, പന്തളം കൊട്ടാരം നിര്‍വാഹക സമിതി, കേരള ക്ഷേത്ര സംരക്ഷണ സമിതി, ശബരിമല അയ്യപ്പ സേവ സമാജം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, പി സി ജോര്‍ജ് എംഎല്‍എ, യോഗക്ഷേമ സഭ തുടങ്ങിയവരാണ് പുനപരിശോധനഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ആകെ 50 പുനഃപരിശോധന ഹര്‍ജികളും നാല് റിട്ട് ഹര്‍ജികളുമാണ് കോടതി മുന്നാകെ എത്തിയിരിക്കുന്നത്. കേരളത്തിലെ ഭക്തരുടെ വികാരം കണക്കിലെടുത്താകണം പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചതെന്ന് കരുതാം. മുമ്പ് യുവതി പ്രവേശനത്തെ അനുകൂലിച്ച് വിധി പറഞ്ഞ ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, രോഹിന്റണ്‍ നരിമാന്‍, ഡിവൈ ചന്ദ്രചൂഡ്, എന്നിവരും വിയോജിപ്പ ്പ്രകടിപ്പിച്ച വനിതാ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും അടങ്ങുന്ന ബെഞ്ച് തന്നെയാണ് ഹര്‍ജികള്‍ വീണ്ടും പരിഗണിക്കുന്നത്. അതേസമയം ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് പകരം പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ് ആണ് അധ്യക്ഷനാകുന്നതെന്നതും പ്രതീക്ഷ നല്‍കുന്നതാണ്.
പുന പരിശോധനാഹര്‍ജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ച സുപ്രീംകോടതി നിലപാട് സര്‍ക്കാര്‍ സ്വാഗതം ചെയ്തു. ഇക്കാര്യത്തില്‍ കൂട്ടായ ആലോചനകള്‍ നടത്തണമെന്നും ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യപുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ശബരിമല വിഷയത്തിലെ സുപ്രീം കോടതി നിലപാടില്‍ സന്തോഷമറിയിച്ച് തന്ത്രി കണ്ഠരര് രാജീവര് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. എല്ലാം അയ്യപ്പന്റെ അനുഗ്രഹമാണെന്നും വിധിയില്‍ ഒരുപാടു സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ചരിത്രത്തിലെ ഏറ്റവും നിര്‍ണായക ഘട്ടത്തിലൂടെയാണു ശബരിമല കടന്നു പോയതെന്നും തുറന്ന കോടതിയില്‍ വിജയം പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ബിജെപി സംസ്ഥാനഅധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയും പ്രതികരിച്ചു. പക്ഷേ യുവതി പ്രവേശം സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ മണ്ഡലകാലം സര്‍ക്കാരിന് തലവേദനയാകുമെന്നുറപ്പ്. സര്‍വകക്ഷിയോഗം വിളിച്ച് സമവായത്തിനുള്ള സാധ്യത തേടുക എന്നതാണ് സര്‍ക്കാരിന് മുന്നിലുള്ള മാര്‍ഗം. പകരം പഴയ നിലപാടില്‍ ഉറച്ച് നിന്ന് പൊലീസിനെയും പട്ടാളത്തെയും നിയോഗിച്ച് പ്രതിഷേധക്കാരെ തടഞ്ഞ് ബലാത്കരമായി യുവതികളെ സന്നിധാനത്തെത്തിക്കാന്‍ ശ്രമിക്കുന്നത് നിലവിലെ സാഹചര്യത്തില്‍ സ്ഥിതി വഷളാക്കുമെന്നുറപ്പാണ്.
മാസ പൂജയ്ക്കായി നട തുറക്കുന്നതുപോലെയല്ല മണ്ഡലകാലത്തെ സ്ഥിതി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കോടിക്കണക്കിന് വരുന്ന ഭക്തര്‍ക്ക് ആവശ്യമായ സൗകര്യവും സുരക്ഷയുമൊരുക്കുന്നതില്‍പോലും തയ്യാറെടുപ്പുകളായിിട്ടില്ല. ഇതിനിടെ യുവതികളെ സന്നിധാനത്തെത്തിക്കാന്‍ ശ്രമിച്ചാല്‍ അത് വലിയ ക്രമസമാധാനപ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഏതെങ്കിലും തരത്തിലുള്ള സുരക്ഷാവീഴ്ച്ച വന്‍കലാപത്തിലേക്ക് നയിക്കുമെന്നതിനാല്‍ വളരെ സൂക്ഷ്മതയോടെ വേണം സര്‍ക്കാരും പ്രതിഷേധക്കാരും മണ്ഡലകാലം കൈകാര്യം ചെയ്യേണ്ടത്. ഓണ്‍ലൈന്‍ വഴി അയ്യായിരത്തിലേറെ സ്ത്രീകള്‍ സന്നിധാനത്തേക്ക് പുറപ്പെടാന്‍ അനുമതി ചോദിച്ചിട്ടുണ്ട്. ഇത്രയും പേര്‍ക്ക് സുരക്ഷിതമായി ദര്‍ശനസൗകര്യമൊരുക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ ഒരുതരത്തിലും സാധ്യമായ കാര്യമല്ല. ഇത്തരത്തിലൊരു പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്. സുപ്രീംകോടതി പുനപരിശോധനഹര്‍ജികള്‍ തള്ളിയാല്‍പ്പോലും യുവതികളെ പ്രവേശിപ്പിക്കാനുള്ള നിയമം നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലുറച്ചു നില്‍ക്കുന്നവരാണ് പ്രതിഷേധക്കാര്‍. താത്കാലികമായെങ്കിലും കോടതിയില്‍ നിന്ന് ആശ്വാസകരമായ നടപടിയുണ്ടായത് സമരക്കാരുടെ വീര്യം കൂട്ടുകയും ചെയ്യും.
അതേസമയം കീറിമുറിച്ച് പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിച്ച വിധി ഭക്തരുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിയെഴുതപ്പെടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഒരു വിഭാഗം നിയമവിദഗ്ധര്‍. എന്നാല്‍ പുനപരിശോധനാഹര്‍ജികള്‍ക്കൊപ്പം റിട്ട് ഹര്‍ജി കൂടി പരിഗണിക്കപ്പെടുമ്പോള്‍ ശബരിമല പൊതു ആരാധനാലയമല്ല എന്നതുള്‍പ്പെടെയുള്ള കാര്യം ഭരണഘടനാബെഞ്ചിന്റെ ശ്രദ്ധയില്‍പ്പെടുത്താനാകുമെന്നെ കണക്കുകൂട്ടലിലാണ് വിശ്വാസി സമൂഹം. 2018 സെപ്തംബര്‍ 28 ന് ആണ് ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന ചരിത്ര വിധി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബഞ്ച് പുറപ്പെടുവിക്കുന്നത്. പ്രളയക്കെടുതിയില്‍പ്പെട്ട പമ്പയിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താതിരുന്നിട്ടും പെട്ടെന്ന് സ്ത്രീകളെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കുമ്പോള്‍ വേണ്ടി വരുന്ന അടിസ്ഥാനസൗകര്യങ്ങളൊന്നും ഇല്ലാതിരുന്നിട്ടും വിധി നടപ്പിലാക്കാന്‍ പിണറായി സര്‍ക്കാര്‍ കാണിച്ച തിടുക്കമാണ് പ്രതിഷേധം രൂക്ഷമാക്കിയത്. ഒരു തയ്യാറെടുപ്പുമില്ലാതിരുന്നിട്ടും നിരീശ്വരവാദികളും ആക്ടിവിസ്റ്റുകളുമായ യുവതികളെപ്പോലും സന്നിധാനത്തെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത് കനത്ത തിരിച്ചടിയായി. പോകണമെന്നുള്ള സ്ത്രീകള്‍ പോകട്ടെ എന്ന നിലപാട് സ്വീകരിച്ചവര്‍ പോലും ഇതിന് ശേഷം സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ക്കുകയും പ്രതിഷേധ സമരത്തിന്റെ ഭാഗമാകുകയുമായിരുന്നു. ജില്ലകള്‍ തോറും കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ച് ബോധവത്കരണം നടത്താന്‍ മുഖ്യമന്ത്രി ശ്രമിച്ചതും എതിര്‍പ്പിന്റെ കാഠിന്യം കൂട്ടുകയായിരുന്നു.
Post Your Comments