തിരുവനന്തപുരം: യുവാവിനെ മര്‍ദ്ദിച്ച് കാറിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന ഡിവൈ.എസ്.പിക്ക് ചില കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യത്തിന് പണം എത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഡിവൈ.എസ്.പിയെ രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും സഹായിച്ചതുമായി ബന്ധപ്പെട്ട് തൃപ്പരപ്പില്‍ ടൂറിസ്റ്റ് ഹോം നടത്തുന്ന സതീഷിനെ ഇന്നലെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഡിവൈ.എസ്.പിക്ക് ഒളിവില്‍ കഴിയുമ്ബോള്‍ ഉപയോഗത്തിനായി തന്റെ ആധാര്‍ കാര്‍ഡുകളുപയോഗിച്ച് രണ്ട് സിം കാര്‍ഡുകള്‍ എടുത്ത് നല്‍കിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്
കഴിഞ്ഞ ഏഴുദിവസമായി തമിഴ്നാട്ടില്‍ മാറി മാറി കഴിയുന്ന ഡിവൈ.എസ്.പി ഹരികുമാറിന് ഒളിവില്‍ കഴിയാനും നിയമ സഹായത്തിനും ക്വാറി, റിസോര്‍ട്ട് മാഫിയയില്‍പ്പെട്ടവരും ചില ഉറ്റ സുഹൃത്തുക്കളും പണവും മറ്റ് സഹായങ്ങളും എത്തിച്ചുകൊടുക്കുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ഡിവൈ.എസ്.പിയുമായി ഉറ്റ സൗഹൃദം പുലര്‍ത്തുന്ന ഇവര്‍ നേരിട്ട് ഒളിത്താവളങ്ങളിലെത്തിയാണ് പണവും വസ്ത്രങ്ങളും മറ്റ് സാധനങ്ങളും എത്തിച്ചുകൊടുക്കുന്നത്. ഇവരില്‍ ചിലരുടെ ഫോണില്‍ നിന്നാണ് ഡിവൈ.എസ്.പി നിയമ വിദഗ്ദ്ധരുമായി കൂടിയാലോചന നടത്തുകയും മുന്‍കൂര്‍ ജാമ്യമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആശയവിനിമയം നടത്തുകയും ചെയ്യുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഡിവൈ.എസ്.പി ഹരികുമാറിനും ഒപ്പുമുണ്ടായിരുന്ന സുഹൃത്ത് ബിനുവിനും രക്ഷപ്പെടാന്‍ പാറശാല രജിസ്ട്രേഷനുള്ള സ്വിഫ്റ്റ് കാറും അത് ഓടിക്കാന്‍ തന്റെ ഡ്രൈവറായ നെടുമങ്ങാട് സ്വദേശിയേയും താനാണ് ഏര്‍പ്പാട് ചെയ്തുകൊടുത്തതെന്ന് അറസ്റ്റിലായ സതീഷ് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാളില്‍ നിന്ന് കാറിന്റെ രജിസ്ട്രേഷന്‍ നമ്ബര്‍ മനസിലാക്കിയ അന്വേഷണ സംഘം തമിഴ്നാട് പൊലീസുമായി ബന്ധപ്പെട്ട് പ്രധാന റോഡുകളിലെയും ജംഗ്ഷനുകളിലേയും സി.സി.ടി.വി കാമറകളുടെ സഹായത്തോടെ കാര്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഡിവൈ.എസ്.പിയുടെ കാര്‍ കല്ലറയിലെ കുടുംബവീട്ടില്‍ എത്തിച്ചതിന് ബിനുവിന്റെ മകന്‍ അനൂപ് കൃഷ്ണയുടെ അറസ്റ്റ് ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.
Post Your Comments