സഞ്ജന മേനോന്
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ലോകത്തെ എല്ലാ ഭരണകൂടങ്ങള്‍ക്കുമുള്ള മുന്നറിയിപ്പാണ്. ഒരു ജനതയുടെ വൈകാരികമായ വിഷയത്തില്‍ അധികാരത്തിന്റെ ഹുങ്കുകാട്ടി ഇടപെടാമെന്നുള്ള ധാരണ എങ്ങനെ തിരിച്ചടിയാകുമെന്ന് ശബരിമല വിഷയം പഠിപ്പിക്കും. ഇപ്പോള്‍ നിലപാടില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയത് ആശ്വാസകരം തന്നെ. സുപ്രീംകോടതി റിവ്യൂ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെ സര്‍ക്കാര്‍ സര്‍വകക്ഷിയോഗത്തിന് തയ്യാറെടുക്കുകയാണ്. ദേവസ്വം ബോര്‍ഡിന് വേണ്ടി ശേഖര്‍ നഫാഡെയാണ് ഹാജരാകുന്നത്. . ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകന് ആര്യാമ സുന്ദരം പിന്മാറിയതിന് പിന്നാലെയാണ് ശേഖര്‍ നഫ്ഡെ ആ സ്ഥാനത്തെത്തിയത്. വിശ്വാസവും സമത്വവും മുന്‍നിര്‍ത്തി വാദവും പ്രതിവാദവും നടന്ന ഹര്‍ജിയില്‍ ഇനി എന്ത് തീരുമാനമാണ് കോടതി സ്വീകരിക്കുക എന്നതില്‍ ആര്‍ക്കും ധാരണയില്ല. അതെന്തായാലും സര്‍ക്കാരിന് ഒരു തീരുമാനം മുന്‍കൂര്‍ ഉണ്ടായേ തീരൂ എന്ന് കഴിഞ്ഞ ഒന്നുരണ്ട് മാസമായി നടക്കുന്ന പ്രക്ഷോഭം ഓര്‍മ്മിപ്പിക്കുന്നുണ്ട്.
സുപ്രീംകോടതിയില്‍ നിന്നുള്ള വിധിക്ക് ശേഷം അന്തിമതീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്. അതേസമയം യഥാര്‍ഥ ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം യുവതികളുടെ മൗലികാവകാശങ്ങള്‍ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തവും ഉണ്ടെന്ന ഉറച്ച നിലപാടും ഇടത് സര്‍ക്കാരിനുണ്ട്. ഇക്കാര്യം ഹൈക്കോടതിയില്‍ വ്യക്തമാക്കിക്കഴിഞ്ഞു. ശബരിമലയിലെ ആചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നു എന്നും ആചാര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു എന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ല എന്നും ഇനിയും ഇടപെടില്ല എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സുരക്ഷ പ്രധാനമാണെന്നും അതിനുള്ള ഇടപെടലുകള്‍ നടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ആചാരങ്ങളില്‍ ഇടപെടില്ലെന്ന് ഉറപ്പ് നല്കുന്ന സര്‍ക്കാര്‍ നിരീശ്വരവാദികള്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും സംരക്ഷണം നല്കുന്ന കാര്യത്തില്‍ കൂടി നിലപാട് വ്യക്തമാക്കണമായിരുന്നു. അപ്പോഴാണല്ലോ സുരക്ഷാപ്രശ്നം ഉണ്ടാകുന്നതും.
എന്തായാലും നാമജപയജ്ഞത്തില്‍ പങ്കെടുത്തവരുടെയും പ്രക്ഷോഭസമരങ്ങളില്‍ ഭാഗമായവരുടെയും ഫോട്ടോ തേടിപ്പിടിച്ച് പ്രസിദ്ധീകരിച്ച് കൂട്ടത്തോടെ അറസ്റ്റ് ചെയ്തിട്ടും അടങ്ങാത്തതാണ് ശബരിമലയിലെ പ്രതിഷേധമെന്ന് വ്യക്തമാണ്. ചിത്തിരആട്ട വിശേഷാല്‍ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ കെട്ടും നിറച്ച് സന്നിധാനത്തേക്ക് പുറപ്പെട്ടവരില്‍ വലിയൊരു വിഭാഗം യുവതി പ്രവേശത്തെ എതിര്‍ക്കുന്നവരും അങ്ങനെ സംഭവിച്ചാല്‍ അതിനെ തടയാന്‍ എത്തിയവരുമായിരുന്നു. പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ പിണറായി സര്‍ക്കാരിന്റെ പൊലീസിനോ ഇനി പട്ടാളത്തെ ഇറക്കിയാല്‍ അവര്‍ക്കോ കയ്യും കെട്ടി നോക്കിനില്‍ക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവില്‍. സര്‍ക്കാരിനും പൊലീസിനും കണക്കുകൂട്ടാന്‍ കഴിയുന്നതിലും അപ്പുറം വിശ്വാസികള്‍ എന്ത് പ്രതിസന്ധിയും മറികടന്ന് ആചാരലംഘനത്തിനെ എതിര്‍ക്കാന്‍ സംസ്ഥാനത്തിന്റെ ഏത് ഭാഗത്ത് നിന്നും പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടെന്നാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ലാത്തിച്ചാര്‍ജ്ജ് നടത്തിയോ ജയിലില്‍ അടച്ചോ ഇവരുടെ മനോവീര്യത്തെ കെടുത്താനാകില്ലെന്നിരിക്കെ സമവായം എന്നതിനപ്പുറം മറ്റൊരു മാര്‍ഗം സര്‍ക്കാരിന് മുന്നില്‍ ഇല്ലെന്നത് പകല്‍പോലെ വ്യക്തം. ഇനി ഉണ്ടെങ്കില്‍ അതെന്താണെന്ന് മുഖ്യമന്ത്രിയുടെ വിദഗ്ധരായ ഉപദേശകവൃന്ദം അദ്ദേഹത്തിന് ഉപദേശിച്ചുകൊടുക്കട്ടെ.
ശബരിമല പ്രക്ഷോഭം ഇത്രയും ശക്തമാക്കിയത് ഒരു രാഷ്ട്രീയപാര്‍ട്ടിയോ സംഘടനകളോ അല്ല എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. ഇപ്പോള്‍ മുന്‍നിരയില്‍ നില്ക്കുന്നവരുള്പ്പെടെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചവരാണ്. എന്നാല്‍ ആരുടെയും പ്രേരണയില്ലാതെ അയ്യപ്പന്റെ തിരുസങ്കേതത്തിന് ഒരു കളങ്കവും വരുത്താന്‍ അനുവദിക്കില്ലെന്ന നിലപാടുമായി ആദ്യം തെരുവിലിറങ്ങിയത് രാഷ്ട്രീയമില്ലാത്ത യഥാര്‍ത്ഥ വിശ്വാസികളായ അമ്മമാരും യുവതികളുമാണ്. അവരുടെ മനക്കരുത്തിന്റെ ബലത്തിലാണ് ആ പ്രതിഷേധസമരം കേരളം മുഴുവന്‍ വ്യാപിച്ചത്. പിന്നീട് കേരളത്തിന് പുറത്തും രാജ്യത്തിന് പുറത്തുംവരെ നിരന്തരം ശരണം വിളി മുഴക്കിയ ആ മഹാസമരത്തിന് മുന്നില്‍ പിടിച്ചുനില്ക്കാനാകില്ലെന്നത് ഭരണവര്‍ഗം കുറച്ചുകൂടി നേരത്തെ മനസിലാക്കണമായിരുന്നു. മണ്ഡലകാലത്ത് ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ഒരു മന്ത്രിപോലും പങ്കെടുക്കാത്തത് നമ്മുടെ ബഹുമാനപ്പെട്ട ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന് പറയുന്നതുപോലെ അവര്‍ക്ക് മറ്റ് തിരക്കുകള്‍ ഉണ്ടായിരുന്നതുകൊണ്ടല്ല. മറിച്ച് തങ്ങളുടെ സംസ്ഥാനത്തെ ആയിരക്കണക്കിന് വരുന്ന അയ്യപ്പഭക്തരുടെ വിശ്വാസത്തില്‍ ഒരു പോറല്‍ പോലും വരുത്താന്‍ അവര്‍ തയ്യാരല്ലാത്തതിനാല്‍ മാത്രമാണ്. അങ്ങനെ ചെയ്താല്‍ അതെത്രമാത്രം തിരിച്ചടിയാകുമെന്ന ബോധ്യം അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കേരളത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്ക അത് മനസിലാക്കാനുള്ള വിവേചന ബുദ്ധി ഇല്ലാതെയും പോയി.
ആചാരങ്ങളേയും തന്ത്രിയേയും പന്തളം കൊട്ടാരത്തേയും വെല്ലുവിളിച്ച് കോടതി വിധി നടപ്പിലാക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ജില്ലകള്‍ തോറും നടത്തിയ പ്രസംഗം ശബരിമല പ്രതിഷേധത്തെ ആളിക്കത്തിക്കുന്നതായിരുന്നു. വിശ്വാസികളായ കമ്മ്യൂണിസറ്റുകാര്‍ പോലും അതിനെ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല മാറി ചിന്തിക്കുന്നതിന്റെ സൂചന നല്‍കുകയും ചെയ്തു. അതേസമയം പിണറായി ഭക്തര്‍ അത് അദ്ദേഹത്തിന്റെ ഇരട്ടച്ചങ്കിന്റെ ഭാഗമായി കരുതി കൊണ്ടാടുകയും ചെയ്തു. ഭൂരിപക്ഷം വരുന്ന ഒരു ജനതയുടെ വികാരത്തിന് പുല്ലുവില കൊടുത്ത് ഒരു വിധി അടിച്ചേല്‍പ്പിക്കാമെന്ന് കരുതുന്നതിലും വലിയ മൗഡ്യം മറ്റൊന്നില്ലെന്ന്് മനസിലാക്കാനുള്ള സാമാന്യബോധം പോലും മന്ത്രിസഭയില്‍ ആര്ക്കുമില്ലാതെപോയി എന്നതാണ് സങ്കടകരം. പുരോഗമനത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ലിംഗസമത്വത്തിന്റെയും വലിയ സമവാക്യങ്ങള്‍ വരച്ചും വിളിച്ചുപറഞ്ഞും നടന്നാല്‍ മാത്രം അതൊന്നും നടപ്പിലാക്കാന്‍ കഴിയില്ല. സ്വന്തം പാര്‍ട്ടിയില്‍ പോലുംനടപ്പിലാക്കാന് കഴിയാത്ത ലിംഗസമത്വവും മനുഷ്യാവകാശവുമാണ് ലാത്തി കാണിച്ച് പിണറായി ശബരിമലയില്‍ പ്രാബല്യത്തിലാക്കാന്‍ ശ്രമിച്ചതെന്നാണ് വലിയ തമാശ.
എന്തായാലും മണ്ഡലകാലത്തിന് മുമ്പ് കോടതി വിധി അനുകൂലമായാലും പ്രതികൂലമായാലും പിണറായി സര്‍ക്കാര്‍ മാറി ചിന്തിക്കാന്‍ തയ്യാറായാല്‍ അത് വലിയ ഫലം ചെയ്യുമെന്നുറപ്പ്. സമാധാനമാണ് ജനങ്ങള്‍ക്ക് വേണ്ടത്. അതില്ലാതാക്കുന്ന നിയമവും കോടതിവിധിയും നടപ്പിലാക്കാന്‍ വാശി കാണിക്കുമ്പോള്‍ അതാര്‍ക്ക് വേണ്ടിയാണെന്ന് കൂടി ചിന്തിക്കണം. നിലവിലെ സാഹചര്യത്തില്‍ നവംബര്‍ 13 കേരളത്തിന് ഏറെ നിര്‍ണായകമായ ഒരു ദിവസമാണ്. രക്തച്ചൊരിച്ചിലും സംഘര്‍ഷവും ഒഴിവാക്കുന്ന നല്ല തീരുമാനങ്ങള്‍ കോടതിയും സര്‍ക്കാരും കൊക്കൊള്ളട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് കേരളം മുഴുവന്‍. ആ പ്രാര്‍ത്ഥന മനസിലാക്കി ഉത്തരവാദിത്തപ്പെട്ടവര്‍ അറിഞ്ഞ് പ്രവര്‍ത്തിക്കട്ടെ..
Post Your Comments