തിരുവനന്തപുരം•കേരളം മുന്നോട്ടാണോ പിന്നോട്ടാണോ സഞ്ചരിക്കുന്നതെന്ന് നാം ഗൗരവമായി ചിന്തിക്കേണ്ട സന്ദര്‍ഭമാണിതെന്ന് സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
പുതിയ തലമുറയിലാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82 ാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാം മുന്നോട്ടുതന്നെ സഞ്ചരിക്കേണ്ടതുണ്ട്. നവോത്ഥാന പാരമ്പര്യമാണ് ഭ്രാന്താലയത്തില്‍നിന്ന് ദൈവത്തിന്റെ സ്വന്തം നാടാക്കി കേരളത്തെ മാറ്റിയത്. നവോത്ഥാന നായകന്‍മാര്‍ തെളിച്ചതും അവരെ പിന്തുടര്‍ന്നുവന്ന പുരോഗമന ആശയഗതിക്കാര്‍ സഞ്ചരിച്ചതുമായ വഴിയിലൂടെയാണോ നാം പോകുന്നതെന്ന് ആലോചിക്കേണ്ട കാലത്താണ് നാം നില്‍ക്കുന്നത്. രാജ്യത്തിന്റെ ഭരണഘടന തന്നെ പിച്ചിച്ചീന്തുന്ന സാഹചര്യമാണിന്ന്.
രാജ്യത്തിന്റെ ഭരണഘടനയ്ക്ക് ഏറ്റവും മുന്തിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുക എന്നത് അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ പ്രാഥമികമായ ഉത്തരവാദിത്തമാണ്. 1991ല്‍ 10നും 50നും ഇടയിലുള്ള സ്ത്രീകളുടെ പ്രവേശനം ശബരിമലയില്‍ വിലക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് വന്നപ്പോഴും അതു നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. 2018ല്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതും 12 വര്‍ഷത്തോളം എല്ലാവശവും പരിശോധിച്ചാണ്. വിധി നടപ്പാക്കാതെ സര്‍ക്കാരിന് മുന്നില്‍ വേറെ പോംവഴിയില്ലെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ട്.
സങ്കുചിത രാഷ്ട്രീയത്തിനായി ഇത് പ്രയോജനപ്പെടുത്താനാണ് ചില കൂട്ടര്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന് നിരക്കാത്ത സമീപനമാണിത്. മതമൈത്രിയുടെ ഉറവിടമാണ് ശബരിമല. 1936 വരെ പല പ്രമുഖ ക്ഷേത്രങ്ങളും അവര്‍ണ്ണര്‍ക്ക് മുന്നില്‍ അടഞ്ഞുകിടന്നപ്പോഴും നാനാജാതി മതസ്ഥര്‍ക്കുമായി തുറന്നിട്ടിരുന്ന മഹാക്ഷേത്രമായിരുന്നു ശബരിമല. അത്തരമൊരു ക്ഷേത്രത്തെപ്പോലും സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നതിനെതിരെ ജാഗ്രത നിലനിര്‍ത്താന്‍ സമൂഹത്തിന് ബാധ്യതയുണ്ട്. സുപ്രീംകോടതി എന്തു തീരുമാനിക്കുന്നുവോ അതായിരിക്കും സര്‍ക്കാരിന്റെയും തീരുമാനം.
രാജ്യത്തെ നിയമവാഴ്ചയാണ് സാംസ്‌കാരിക, സാമൂഹിക അവസ്ഥകളെ മുന്നോട്ടുനയിക്കുന്നത് എന്ന് നാം വിസ്മരിച്ചാല്‍ ഈ രാജ്യം എന്തായി തീരുമെന്ന് പറയാന്‍ പറ്റില്ല. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന അവസ്ഥ വന്നാല്‍ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാകും. നവോത്ഥാന ചിന്തകളുമായി നാടിനെ മുന്നോട്ടുനയിക്കേണ്ടവരായി വിദ്യാര്‍ഥികള്‍ മാറണം. ഇതിനായി സാമൂഹ്യ സാംസ്‌കരിക മണ്ഡലങ്ങളില്‍ ഇടപെടല്‍ നടത്തുന്നതിന്റെ ഭാഗമാണ് വാര്‍ഷികാഘോഷം. ഇത് സാംസ്‌കാരിക മുന്നേറ്റത്തിന്റെ തുടക്കമാണെന്നും മന്ത്രി പറഞ്ഞു.
ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഉപന്യാസ, ചിത്രരചന, ക്വിസ് മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ മന്ത്രി വിതരണം ചെയ്തു. ആഘോഷത്തോടനുബന്ധിച്ച് ലഘുനാടകം അവതരിപ്പിച്ച ‘കിറ്റ്‌സി’ലെ വിദ്യാര്‍ഥികള്‍ക്കും മന്ത്രി ഉപഹാരം നല്‍കി.
ചടങ്ങില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ടി.ആര്‍ സദാശിവന്‍ നായര്‍ സംബന്ധിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് അഡീ. ഡയറക്ടര്‍ (ജനറല്‍) പി.എസ്. രാജശേഖരന്‍ സ്വാഗതവും അഡീ. ഡയറക്ടര്‍ (ഇലക്‌ട്രോണിക് മീഡിയ) കെ. സന്തോഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
നവംബര്‍ ഒന്‍പതുമുതല്‍ നടന്ന സംസ്ഥാനതല പരിപാടികള്‍ക്കാണ് സമാപനമായത്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ന്യൂഡല്‍ഹിയിലും ക്ഷേത്രപ്രവേശനവിളംബരത്തിന്റെ വാര്‍ഷികാഘോഷം ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. ഇതോടനുബന്ധിച്ച് സംസ്ഥാനമുടനീളം നടത്തിയ ചരിത്രരേഖകളിലൂടെ കേരള നവോത്ഥാന ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന പ്രദര്‍ശനം എറെ ശ്രദ്ധനേടിയിരുന്നു. വിദ്യാര്‍ഥികള്‍ക്കുള്ള മത്‌സരങ്ങള്‍, വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ എന്നിവയും സംഘടിപ്പിച്ചു.
Post Your Comments