KeralaLatest News

കെ. എം ഷാജിയുടെ പോരാടാനുള്ള തീരുമാനം ശ്രദ്ധേയം: അഭിനന്ദിച്ച് വി ടി ബല്‍റാം

ആര്‍ജ്ജവമുള്ള സഹപ്രവര്‍ത്തകന് എല്ലാ വിജയാശംസകളും നേരുന്നു

കൊച്ചി: വര്‍ഗീയ ദ്രുവീകരണത്തിന്റെ പേരില്‍ തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ പോരാടാനുറപ്പിച്ച കെ. എം ഷാജി എംഎല്‍എയ്ക്ക് അഭിനന്ദനവുമായി വി ടി ബല്‍റാം. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷാജിക്ക് പിന്തുണയുമായി ബല്‍റാം രംഗത്തെത്തിയത്. തികഞ്ഞ മതേതര ബോധ്യങ്ങളുടേയും ഉറച്ച വര്‍ഗ്ഗീയ വിരുദ്ധ നിലപാടുകളുടേയും പേരില്‍ എന്നും മതതീവ്രവാദികളുടെ കണ്ണിലെ കരടാണ് കെ എം ഷാജിയെന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍. ഹൈക്കോടതിയുടെ വിധിക്കെതിരെ ഉയര്‍ന്ന കോടതികള്‍ വഴി നിയമത്തിന്റെ മാര്‍ഗ്ഗത്തില്‍ത്തന്നെ പരിഹാരം കാണാനും നീതിക്ക് വേണ്ടിയുള്ള പോരാട്ടവുമായി മുന്നോട്ടു പോകാനുമുള്ള കെ.എം. ഷാജിയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്ന് ബല്‍റാം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

തികഞ്ഞ മതേതര ബോധ്യങ്ങളുടേയും ഉറച്ച വര്‍ഗ്ഗീയ വിരുദ്ധ നിലപാടുകളുടേയും പേരില്‍ എന്നും മതതീവ്രവാദികളുടെ കണ്ണിലെ കരടാണ് കെ എം ഷാജിയെന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍. ഹിന്ദുത്വ, ഇസ്ലാമിക തീവ്രവാദങ്ങളോട് ഒരുപോലെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്ന ഷാജിയെ തങ്ങളുടെ എതിര്‍ വര്‍ഗീയതയുടെ ആളായി ചിത്രീകരിക്കുക എന്നതാണ് ഇരുകൂട്ടരും എപ്പോഴും ചെയ്തു പോന്നിട്ടുള്ളത്. ആരാലും വിമര്‍ശിക്കപ്പെടാനാവാത്ത തങ്കവിഗ്രഹങ്ങളാണെന്ന് അന്തമില്ലാത്ത അണികള്‍ കരുതിവച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളും ഷാജിയുടെ ചാട്ടുളി പോലത്തെ വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരാറുണ്ട്.

കമ്മ്യൂണിസ്റ്റ് കോട്ടയായ കണ്ണൂരിലെ അഴീക്കോട് നിന്നാണ് തുടര്‍ച്ചയായി രണ്ട് തവണ കെ.എം ഷാജി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യതവണത്തെ നേരിയ ഭൂരിപക്ഷം അഞ്ചിരട്ടിയാക്കി വര്‍ദ്ധിപ്പിച്ച് രണ്ടാം വിജയം കൈവരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് ജനപ്രതിനിധി എന്ന നിലയിലും കേരളം ശ്രദ്ധിക്കുന്ന രാഷ്ട്രീയ നേതാവ് എന്ന നിലയിലും മത, രാഷ്ട്രീയ ഭേദമന്യേ അവിടത്തെ ജനങ്ങളുടെ വിശ്വാസമാര്‍ജിക്കുന്നതില്‍ വിജയിച്ചതുകൊണ്ട് തന്നെയാണെന്ന് നിസ്സംശയം പറയാം.

കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കുന്ന ഹൈക്കോടതി വിധിക്ക് ആധാരമായിപ്പറയുന്ന വിവാദ ലഘുലേഖ ഒറ്റനോട്ടത്തില്‍ത്തന്നെ രാഷ്ട്രീയ എതിരാളികളായ കുബുദ്ധികളുടെ ഗൂഡാലോചനയുടെ ഭാഗമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. എത്ര വോട്ടു കിട്ടുമെങ്കിലും സാമാന്യബോധമുള്ള ഒരു സ്ഥാനാര്‍ത്ഥിയോ ഇലക്ഷന്‍ കമ്മിറ്റിയോ ഇത്തരത്തിലുള്ള ഒരു നോട്ടീസ് പുറത്തിറക്കില്ല. ഇങ്ങനെയൊരു നോട്ടീസിനാല്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുമെന്ന് പറയുന്നത് തന്നെ കേരളത്തിലേയും കണ്ണൂരിലേയും പ്രബുദ്ധരായ വോട്ടര്‍മാരെ അപമാനിക്കുന്ന തരത്തിലുള്ള വാദമാണ്. വ്യാജരേഖകള്‍ ചമക്കുന്നതില്‍ പ്രത്യേക പ്രാവീണ്യമുണ്ടെന്ന് മുന്‍പും ആരോപണമുള്ള തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ നേര്‍ക്ക് കെഎം ഷാജി സംശയത്തിന്റെ മുന നീട്ടുമ്പോള്‍ അത് ഒറ്റയടിക്ക് തള്ളിക്കളയാന്‍ ആര്‍ക്കും സാധിക്കില്ല.

ഹൈക്കോടതിയുടെ വിധിക്കെതിരെ ഉയര്‍ന്ന കോടതികള്‍ വഴി നിയമത്തിന്റെ മാര്‍ഗ്ഗത്തില്‍ത്തന്നെ പരിഹാരം കാണാനും നീതിക്ക് വേണ്ടിയുള്ള പോരാട്ടവുമായി മുന്നോട്ടു പോകാനുമുള്ള കെ.എം. ഷാജിയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നു. തെരഞ്ഞെടുപ്പ് ജയപരാജയങ്ങളായിരിക്കരുത് യുവനേതാക്കളുടെ പരിഗണന എന്നും ”തെരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ തയ്യാറുള്ള യുവനേതാക്കള്‍ക്കേ മാറ്റങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ സാധിക്കുകയുള്ളൂ” എന്നും എക്കാലത്തും ധീരമായി പ്രഖ്യാപിച്ചിട്ടുള്ള ഷാജി ഈ കോടതി വിധിയോട് പ്രതികരിച്ചതും ശ്രദ്ധേയമായ രീതിയിലാണ്. തന്റെ എംഎല്‍എ സ്ഥാനം നഷ്ടപ്പെടുന്നതില്‍ വിഷമമില്ലെന്നും എന്നാല്‍ തന്നേപ്പോലൊരാള്‍ തെരഞ്ഞെടുപ്പ് വിജയത്തിനായി മതത്തെ കൂട്ടുപിടിച്ചു എന്നുള്ള ഹീനമായ ആരോപണം ശരിവക്കുന്ന തരത്തില്‍ കോടതി വിധിയുണ്ടായതിലാണ് ദു:ഖമെന്നും ഷാജി പറയുന്നതിനെ അദ്ദേഹത്തെയും രാഷ്ട്രീയ നിലപാടുകളേയും അറിയാവുന്നവര്‍ക്കെല്ലാം ഉള്‍ക്കൊള്ളാനാകും.

ആര്‍ജ്ജവമുള്ള സഹപ്രവര്‍ത്തകന് എല്ലാ വിജയാശംസകളും നേരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button