കേരളം അതിജീവിച്ച പ്രളയത്തെക്കുറിച്ച് ഡിസ്‌ക്കവറി ചാനല്‍ ഡോക്യുമെന്ററി തയ്യാറാക്കുന്നു. ‘കേരള ഫ്ളഡ്സ് ദി ഹ്യൂമണ്‍ സ്റ്റോറി’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. നവംബര്‍ 12ന് രാത്രി ഒമ്പത് മണിക്കായിരിക്കും ഡിസ്‌കവറി ചാനലില്‍ ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുക.
ദുരിതത്തില്‍ പെട്ടവരുടെ അതിജീവന കഥകള്‍, രക്ഷകരായി മാറിയ മത്സ്യത്തൊഴിലാളികള്‍ നീട്ടിയ സഹായ ഹസ്തങ്ങള്‍, സന്നദ്ധ സംഘടനകളിലുള്ളവര്‍ക്കൊപ്പം കൈമെയ് മറന്ന് പണിയെടുത്ത സിനിമാ താരങ്ങള്‍, അങ്ങനെ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് നീട്ടിയ കൈകളെ പിടിച്ചു കയറ്റിയ നിരവധി പേരെ ഈ ഡോക്യമെന്ററിയിലൂടെ ഡിസ്‌കവറി ചാനല്‍ പരിചയപ്പെടുത്തുന്നുണ്ട്.
കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിനാണ് ഓഗസ്റ്റ് 15 മുതല്‍ കേരളം സാക്ഷിയായത്. 11 ദിവസത്തിലധികം നീണ്ടു നിന്ന മഴ 40,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. ഈ ഡോക്യുമെന്ററിയിലൂടെ തകര്‍ച്ച എന്ന് സ്വയം നിര്‍വചിക്കാന്‍ കൂട്ടാക്കാതെ നിവര്‍ന്ന് നിന്ന് പോരാടിയ കേരളത്തെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡിസ്‌കവറി ചാനലിന്റെ വൈസ് പ്രസിഡന്റ് ആന്‍ഡ് ഹെഡ് സുല്‍ഫിയ വാരിസ് പറഞ്ഞു.
Post Your Comments