കൊല്ലം :തേവലക്കരയിലെ കോണ്‍ഗ്രസ് പോര് എല്‍ഡിഎഫിനെ തുണച്ചു. തേവലക്കര ഗ്രാമപ്പഞ്ചായത്ത് ഭരണം എല്‍.ഡി.എഫ്. സ്വന്തമാക്കി. കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ എ, ഐ ഗ്രൂപ്പ് അംഗങ്ങള്‍ തമ്മില്‍ പടലപിണക്കം ആരംഭിച്ചതാണ് പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായത്. അവിശ്വാസത്തിലൂടെ യു.ഡി.എഫ്. പ്രസിഡന്റിനെ പുറത്താക്കിയശേഷം നടന്ന തിരഞ്ഞെടുപ്പില്‍ സി.പി.ഐ.യിലെ ഐ.ഷിഹാബ് ആണ് പ്രസിഡന്റായത്. നേരത്തേ കോണ്‍ഗ്രസിലെ ജോസ് ആന്റണിയായിരുന്നു പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നത്.
ചില കോണ്‍ഗ്രസ് അംഗങ്ങളുടെ ഒത്താശയോടെ ജോസ് ആന്റണിയെ അവിശ്വാസത്തിലൂടെ പുറത്താക്കുകയായിരുന്നു. ഇരുപത്തിമൂന്നംഗ പഞ്ചായത്ത് ഭരണ സമതിയില്‍ സി.പി.എം.-5, സി.പി.ഐ.-6, ആര്‍.എസ്.പി.-2, കോണ്‍ഗ്രസ്-7, സി.എം.പി.-1, സ്വതന്ത്രര്‍-2 എന്നിങ്ങനെയാണ് കക്ഷിനില. രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യു.ഡി.എഫ്. ഭരണം നടത്തിയിരുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത് മൂന്നുപേരായിരുന്നു. യു.ഡി.എഫിലെ തേവലക്കര ബക്കറിന് അഞ്ച് വോട്ടും സ്വതന്ത്രനും കോണ്‍ഗ്രസ് വിമതനുമായ രാജേഷിന് ഏഴ് വോട്ടും ഐ.ഷിഹാബിന് പതിനൊന്ന് വോട്ടും ലഭിച്ചു.
ഡി.സി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണയും പ്രാദേശിക നേതാക്കളും തമ്മില്‍ ചൊവ്വാഴ്ച നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ എല്ലാവരും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന രാജേഷിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞിരുന്നെങ്കിലും ബുധനാഴ്ച രാവിലെ തിരഞ്ഞെടുപ്പ് സമയത്ത് ഗ്രൂപ്പ് പോര് കാരണം എ ഗ്രൂപ്പ് ഇത് പാലിക്കാതിരുന്നതുകൊണ്ടാണ് യു.ഡി.എഫിന് ഭരണം നഷ്ടമായതെന്ന് ചില നേതാക്കള്‍ ആരോപിക്കുന്നു. ഗ്രൂപ്പ് പോരില്‍ ചവറ മണ്ഡലത്തിലെ ഏക യു.ഡി.എഫ്. പഞ്ചായത്തിന്റെ ഭരണം നഷ്ടമായതില്‍ കോണ്‍ഗ്രസ് അണികള്‍ക്കുള്ളില്‍ത്തന്നെ അമര്‍ഷം ഉടലെടുത്തിരിക്കുകയാണെന്നാണ് സൂചന.
Post Your Comments