KeralaLatest News

ശബരിമലയിലെ രണ്ടാമത്തെ പരീക്ഷണവും കഴിഞ്ഞു : ഇനി വരുന്നത് ഏറ്റവും നിര്‍ണായകം

പത്തനംതിട്ട : ശബരിമലയിലെ രണ്ടാമത്തെ പരീക്ഷണവും
കഴിഞ്ഞു . ഇനി വരുന്നത് ഏറ്റവും നിര്‍ണായകം. നവംബര്‍ 13ലെ സുപ്രീംകോടതിയുടെ നിലപാട് എന്തെന്നറിയാനുള്ള ആകാംക്ഷയാണ് ഇനി. ആദ്യപരീക്ഷണം തുലാമാസ പൂജകള്‍ക്കായി നടതുറന്നപ്പോഴായിരുന്നു. യുവതികള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്ന സുപ്രീകോടതി ഉത്തരവ് വന്നതിന് ശേഷമായിരുന്നു ശബരിമലയില്‍ തുലാംമാസ പൂജകള്‍ക്കായി നടതുറന്നത്. നടതുറന്നതോടെ രഹ്ന ഫാത്തിമയടക്കമുള്ള ചില ആക്ടിവിസ്റ്റുകള്‍ മലകയറാന്‍ വന്നതും തുടര്‍ന്നുള്ള പ്രക്ഷോഭങ്ങളും സമരങ്ങളും ശബരിമലയെ ആളിക്കത്തിച്ചു.

രണ്ടാമത്തെ പരീക്ഷണഘട്ടം ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നപ്പോഴാണ്. ചിത്തിര ആട്ടവിശേഷ പൂജകള്‍ പൂര്‍ത്തിയാക്കി ഹരിവരാസനം പാടിയുറക്കി അടച്ചതോടെയാണ് ഒരു വലിയ ആശങ്ക വഴിമാറിയത്. എന്ത് വില കൊടുത്തും സുപ്രീംകോടതി വിധിയുടെ ബലത്തില്‍ ശബരിമല നടചവിട്ടുമെന്ന് ശഠിച്ച് ഒരു കൂട്ടരും, ഇത് ഏത് വിധേനയും തടയുമെന്ന നിലപാടില്‍ മറുപക്ഷവും നിലയുറപ്പിച്ചതോടെ പുണ്യപൂങ്കാവനം സമാനതകളില്ലാത്ത രീതിയില്‍ പ്രതിഷേധങ്ങള്‍ക്ക് വേദിയായി. നിരോധനാജ്ഞയും, പോലീസ് സംരക്ഷണവും ,അധികൃതര്‍ കാര്യങ്ങള്‍ക്ക് എണ്ണപകരുകയും ചെയ്തിരുന്നു.

വൃശ്ചികം ഒന്നിന് നടതുറക്കുന്നതിന് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് സുപ്രീംകോടതി വിധിയ്ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരമോന്നത കോടതി പരിശോധിക്കും. പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് ഭക്തരില്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവിന്റെ ബലത്തില്‍ മലചവിട്ടാന്‍ എത്തിയവരെ അയ്യപ്പഭക്തര്‍ തന്നെ തടയുന്ന കാഴ്ചയും ശബരിമലയില്‍ നിന്നും ദൃശ്യമായി.

എന്നാല്‍ ആചാരമെന്ന് പറയുന്ന ഈ രീതി സ്ത്രീകള്‍ക്ക് എതിരായ മതപരമായ വിവേചനമാണെന്ന് സുപ്രീംകോടതി നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. പ്രതിഷേധവുമായി എത്തിയവര്‍ക്കൊപ്പം ക്ഷേത്ര തന്ത്രി സമൂഹവും, രാജകുടുംബത്തിലെ അംഗങ്ങളും എത്തിയതോടെ പരമോന്നത കോടതിയുടെ വിധി നടപ്പാകാതെ പോകുകയായിരുന്നു. ശബരിമല വിധിക്കെതിരെ 19 ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ എത്തിയിരിക്കുന്നത്. റിവ്യൂ ഹര്‍ജികളില്‍ നവംബര്‍ 13ന് വാദം കേള്‍ക്കാമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. വിശ്വാസികളുടെ താല്‍പര്യം സംരക്ഷിച്ച് കൊണ്ട് കോടതിയില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.

വിധി മൂലം ശബരിമലയില്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ സുപ്രീംകോടതിയെ അറിയിക്കുകയാകും ദേവസ്വം ബോര്‍ഡിന്റെ നിലപാട്. മണ്ഡലമകരവിളക്കിനായി നവംബര്‍ 17ന് നടതുറക്കുമ്പോള്‍ ലക്ഷക്കണക്കിന് ഭക്തര്‍ ഇന്ത്യയിലും വിദേശത്തും നിന്നും ശബരിമലയിലെത്തും. ഈ ഘട്ടത്തില്‍ പ്രതിഷേധങ്ങള്‍ ഒഴിയുന്ന വിധത്തിലുള്ള ഇടപെടല്‍ സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഏവരും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button