Latest NewsIndia

ശബരിമലയിലെ സംഘർഷാവസ്ഥ ; കാര്യങ്ങൾ കൈവിടുമെന്നായപ്പോള്‍ പകച്ച്‌ പൊലീസ്; ഒടുവില്‍ അണികളെ ശാന്തരാക്കാൻ വത്സൻ തില്ലങ്കരിയുടെ ഇടപെടല്‍

ഈ സമയത്ത് പൊലീസിനെ മുന്നില്‍ നിര്‍ത്തി എല്ലാം വല്‍സന്‍ തില്ലങ്കിരി ഏറ്റെടുത്തു.

നടപ്പന്തല്‍: ശബരിമലയിലെ പ്രതിഷേധത്തെ തുടര്‍ന്ന് ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ദര്‍ശനത്തിനെത്തിയ സ്ത്രീയുടെ പ്രായം സംബന്ധിച്ച്‌ സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് ശബരിമല വലിയ നടപ്പന്തലില്‍ സംഘര്‍ഷം ഉണ്ടായി. തൃശ്ശൂര്‍ സ്വദേശിയായ ലളിതയുടെ പ്രായം സംബന്ധിച്ച്‌ സംശയമുണ്ടായതിനെത്തുടര്‍ന്നാണ് പ്രതിഷേധം ഉയര്‍ന്നത്. ഇതിന് നേതൃത്വം നല്‍കിയ ആളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെയാണ് സന്നിധാനത്ത് സംഘര്‍ഷം ഉടലെടുത്തത്. ആര്‍എസ്‌എസ് നേതാവ് വല്‍സന്‍ തില്ലങ്കരി എത്തിയാണ് സംഭവങ്ങള്‍ നിയന്ത്രിച്ചത്. എന്നാല്‍ അറസ്റ്റിലായ ആളെ പൊലീസ് വിട്ടയച്ചിട്ടില്ല.

തൃശ്ശൂര്‍ സ്വദേശികളായ ലളിത, ഗിരിജ, സുജാത എന്നീ മൂന്നു സ്ത്രീകളാണ് ദര്‍ശനത്തിനായി എത്തിയത്. ഇതില്‍ ലളിതയുടെ പ്രായം സംബന്ധിച്ച്‌ സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് ശരണം വിളിയും ആക്രോശവുമായി 500 ലധികമാളുകള്‍ ഇവരെ വളഞ്ഞു. ഉടന്‍ പൊലീസെത്തി് പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ചു. ഇവര്‍ക്ക് 50 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് പൊലീസ് അറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കിയില്ല. പ്രായം സംബന്ധിച്ച്‌ വ്യക്തത വരുത്താതെ പിരിഞ്ഞ് പോകില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

തുടര്‍ന്ന് പൊലീസ് ഇവരെ രക്ഷിച്ച്‌ വലിയ നടപ്പന്തലിന് പുറത്തെത്തിച്ചു. കൊച്ചുമകന്റെ ചോറൂണിനെത്തിയവരാണ് കുടുങ്ങിയത്. ഇതില്‍ ഒരാളെ സന്നിധാനത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെയാണ് ഒരാളെ പൊലീസ് പിടികൂടി സന്നിധാനം സ്റ്റേഷനിലേക്ക് കൊണ്ടു പോയത്. ഇതോടെ ഭക്തരെല്ലാം കൂടി സന്നിധാനം സ്‌റ്റേഷന്‍ ഉപരോധിച്ചു. ശരണം വിളികളുമായാണ് ഭക്തരെത്തിയത്. അതിവേഗം ആയിരങ്ങള്‍ തടിച്ചു കൂടി. സ്ഥിതി കൈവിട്ടു പോകുമെന്ന അവസ്ഥയുണ്ടായി. ഈ സമയത്ത് പൊലീസിനെ മുന്നില്‍ നിര്‍ത്തി എല്ലാം വല്‍സന്‍ തില്ലങ്കിരി ഏറ്റെടുത്തു.

വല്‍സന്‍ തില്ലങ്കേരിയുമായി പൊലീസ് ചര്‍ച്ചകള്‍ നടത്തി. വല്‍സന്‍ തില്ലങ്കേരി വയസ്സ് സംബന്ധിച്ച്‌ മൈക്കിലൂടെ അറിയിപ്പ് നല്‍കി. ഇതോടെയാണ് പ്രതിഷേധം ഒഴിവായത്. ദര്‍ശനത്തിന് എത്തിയത് 50 കഴിഞ്ഞ യുവതികളാണെന്നായിരുന്നു തില്ലങ്കേരി അറിയിച്ചത്. ഇതിന് ശേഷം സ്ത്രീകളെ ദര്‍ശനത്തിന് അനുവദിക്കുകയും ചെയ്തു. ഇതിനിടെ കസ്റ്റഡിയില്‍ എടുത്ത ആളാണ് സ്റ്റേഷനില്‍ ഇപ്പോഴും ഉള്ളത്.ഈ സംഘര്‍ഷത്തിനിടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റശ്രമം ഉണ്ടായി.

പൊലീസ് ഏയ്ഡ് പോസ്റ്റിന്റെ മുകളില്‍നിന്ന് പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ വിഷ്ണുവിനു നേരെ ആക്രമണമുണ്ടായി. അക്രമാസക്തരായ പ്രതിഷേധക്കാര്‍ കെട്ടിടത്തിന്റെ താഴെ ഒത്തുചേരുകയും ആക്രോശിക്കുകയും ചെയ്തുവെന്നും റിപ്പോർട്ട് ഉണ്ട്. വത്സൻ തില്ലങ്കേരിയും ജെ നന്ദകുമാറും കെ സുരേന്ദ്രനും വി വി രാജേഷും സന്നിധാനത്ത് കാര്യങ്ങൾ നിയന്ത്രിച്ചു കൂടെയുണ്ട്. എങ്കിലും ഭക്തർക്കിടയിൽ അക്രമ സംഭവങ്ങൾ മനഃപൂർവം ഉണ്ടാക്കാനായി ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും വത്സൻ തില്ലങ്കേരി നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button