ശബരിമല: പെങ്ങള്‍ പാമ്പ് കടിയേറ്റ് മരിച്ചതിനു ശേഷം അയ്യപ്പ ദര്‍ശനം നിര്‍ത്തി . ഇനി കുഞ്ഞിന്റെ ചോറൂണിന് മാത്രം ശബരിമല ദര്‍ശനമെന്ന് ദൃഢപ്രതിജ്ഞയെടുത്തു. അതിനായിട്ടായിരുന്നു ഇന്ന് ഞങ്ങള്‍ ശബരിമലയിലെത്തിയത്. ശബരിമലയില്‍ ആക്രമണത്തിനിരയായ വിനീഷിന്റെ വാക്കുകള്‍ ഇങ്ങനെ. വിവാഹം കഴിഞ്ഞ് നാലുവര്‍ഷത്തിന് ശേഷമാണ് കുഞ്ഞ് ജനിച്ചത്. അതുകൊണ്ടുതന്നെ കുഞ്ഞിന് ഇവിടെ വെച്ച് ചോറൂണ്‍ നടത്താമെന്നും നേര്‍ന്നു.
ഇന്ന് രാവിലെ സന്നിധാനത്ത് ഭക്തരുടെ ആക്രമണത്തിന് വിധേയരായത് തൃശൂരില്‍ നിന്നും കുഞ്ഞിന് ചോറു കൊടുക്കാനെത്തിയ കുടുംബമാണ്. തൃശൂര്‍ ലാലൂര്‍ കണ്ടകക്കുറിശി വീട്ടില്‍ വിനീഷ് രവി, സഹോദരന്‍ മൃദുല്‍, പിതാവ് രവി, വിനീഷിന്റെ മാതാവ് ലളിത, ബന്ധുക്കളായ സുരേഷ്, ഗിരിജ, സുജാത എന്നിവരാണ് പിഞ്ചു പെണ്‍കുഞ്ഞുമായി മല ചവിട്ടിയത്. ഇക്കൂട്ടത്തില്‍ സ്ത്രീകളുടെ പ്രായത്തില്‍ സംശയം ഉണ്ടെന്ന് ആരോപിച്ചാണ് ഭക്തര്‍ സംഘടിച്ചത്.
കുഞ്ഞിനെ പൊതിഞ്ഞു പിടിച്ച് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വിനീഷിനും അനുജന്‍ മൃദുലിനും മര്‍ദനമേറ്റു. അക്രമികളുടെ ഇടയിലൂടെ ഒരു വിധത്തിലാണ് മൃദുല്‍ രക്ഷപ്പെട്ട് സന്നിധാനം പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയത്. ഇതോടെ ഈ സംഘം കൂട്ടം തെറ്റുകയും ചെയ്തു. ഇവര്‍ ആരും തന്നെ കെട്ടുമുറുക്കിയല്ല എത്തിയത്. വടക്കേ നടയിലൂടെ സന്നിധാനത്തേക്ക് കടക്കാന്‍ എത്തിയപ്പോള്‍ അവിടെ കൂടി നിന്ന ഭക്തര്‍ ആക്രോശത്തോടെ ഇവരെ പൊതിഞ്ഞു. ലളിതയുടെ പ്രായമാണ് സംശയത്തിന് ഇട നല്‍കിയത്. ഇവര്‍ ആധാര്‍ കാര്‍ഡ് കാണിക്കുകയും 52 വയസുണ്ടെന്ന് പറയുകയും ചെയ്തപ്പോള്‍ ചിലര്‍ക്ക് മനസിലായി.
എന്നാല്‍, മറ്റുള്ളവര്‍ ആക്രമണം അഴിച്ചു വിട്ടു. മൃദുലിനും വിനീഷിനും ക്രൂരമായി മര്‍ദനമേറ്റു. പൊലീസ് ഒരു വിധത്തില്‍ മൃദുലിനെ രക്ഷപ്പെടുത്തി. ഇവര്‍ കൂട്ടം തെറ്റുകയും ചെയ്തു. മര്‍ദനത്തിനിടെ മൃദുലിന്റെ ഫോണും നഷ്ടമായി. വിനീഷ് പതിവായി ശബരിമല ദര്‍ശനം നടത്തിയിരുന്നയാളാണ്.
അതിന് ചോറു കൊടുക്കാന്‍ വേണ്ടിയാണ് ഇന്നലെ ഭാര്യയടക്കം കുടുംബത്തില്‍ നിന്നുള്ള 19 പേരുമായി വിനീഷ് പമ്ബയില്‍ എത്തിയത്. അപ്പോള്‍ തന്നെ ഇവര്‍ക്ക് നേരെ ഭീഷണി ഉയര്‍ന്നിരുന്നു. ഭാര്യയടക്കം മൂന്നു യുവതികളെ പമ്ബയില്‍ തന്നെ താമസിപ്പിച്ചതിന് ശേഷമാണ് മറ്റുള്ളവര്‍ മല കയറിയത്. നടപ്പന്തലിലൊന്നും പ്രശ്‌നമുണ്ടായില്ല. ദര്‍ശനത്തിനായി ശ്രമിക്കുന്നതിനിടെയാണ് ഭക്തര്‍ ആക്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് 200 പേരുടെ പേരില്‍ കേസെടുത്തു.
അയ്യപ്പന്റെ തികഞ്ഞ ഭക്തരായ ഒരു കുടുംബമാണ് സന്നിധാനത്ത് വച്ച് മര്‍ദനമേറ്റ് മടങ്ങിയെന്നതും വിരോധാഭാസമായി. വിവാദങ്ങള്‍ക്കൊടുവില്‍ ഇവര്‍ കുഞ്ഞിന് ചോറു കൊടുത്തു. പിന്നീട് മുറിവേറ്റ മനസുമായിട്ടാണ് ഇവര്‍ മലയിറങ്ങിയത്.
Post Your Comments