നടപ്പന്തല്‍: ശബരിമലയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തീര്‍ത്ഥാടകരുടെ കയ്യേറ്റശ്രമം. മാതൃഭൂമി ന്യൂസ് ക്യാമറാമാന് വിഷ്ണുവിനു നേരെയാണ് ആക്രമണമുണ്ടായത്. പ്രതിഷേധക്കാരെ ഭയന്ന് സമീപത്തുള്ള കെട്ടിടത്തിന്റെ സണ്‍ഷേഡില്‍ കയറി നിന്നാണ് വിഷ്ണു രക്ഷപ്പെട്ടത്. പ്രതിഷേധക്കാരില്‍ ചിലര്‍ വിഷ്ണുവിനു നേര്‍ക്ക് കസേര വലിച്ചെറിയുകയും ചെയ്തു.
കൂടാതെ അക്രമാസക്തരായ പ്രതിഷേധക്കാര്‍ കെട്ടിടത്തിന്റെ താഴെ ഒത്തുചേരുകയും ആക്രോശിക്കുകയും ചെയ്തു. അതേസമയം ന്യൂസ് 18 വാര്‍ത്താ സംഘത്തിന്റെ ക്യാമറ തകര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്. മറ്റൊരു ദൃശ്യമാധ്യമപ്രവര്‍ത്തകന്റെ നേര്‍ക്കും പ്രതിഷേധക്കാര്‍ ഓടിയെത്തി. ചിത്തിര ആട്ടവിശേഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ നട തുറന്നപ്പോള്‍ തൃശ്ശൂരില്‍നിന്നുള്ള സ്ത്രീകളുടെ സംഘം ദര്‍ശനത്തിനെത്തിയിരുന്നു. ഇവരുടെ പ്രായത്തില്‍ സംശയം ഉയര്‍ന്നതോടെ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് വിഷ്ണുവിന് നേരെ ആക്രമണുണ്ടായത്.
സന്നിധാനത്ത് അമ്പത് വയസിന് മുകളില്‍ പ്രായമില്ലാത്ത ഒരു സ്ത്രീ എത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ സന്നിധാനത്ത് ഭക്തരുടെ വന്‍ പ്രതിഷേധമായിരുന്നു നടന്നത്. എന്നാല്‍ സന്നിധാനത്തെത്തിയ വനിതയ്ക്ക് അന്‍പത് വയസിനു മുകളില്‍ പ്രായമുണ്ടെന്ന് പോലീസ് സ്ഥിതീകരിച്ചു. എന്നാല്‍ പ്രായത്തിന്റെ പേരില്ല മറിച്ച് അവരുടെ പക്കല്‍ ഇരുമുടിക്കെട്ടില്ലാഞ്ഞതാണ് പ്രതിഷേധമുയരാന്‍ കാരമമെന്ന് തീര്‍ത്ഥാടകര്‍ പറഞ്ഞു. തീര്‍ത്ഥാടകരുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശിനികളായ യുവതികളും മടങ്ങിയിരുന്നു. പ്രതിഷേധമുണ്ടാകുമെന്ന ആശങ്ക മൂലമാണ് ഇവരെല്ലാം തിരിച്ചു പോകാന്‍ തീരുമാനിച്ചത്.
Post Your Comments