മുന്‍കൂര്‍ അറിയിക്കാതെ റെയില്‍വേ ട്രാക്കില്‍ ഡ്രില്ലിംഗ് ജോലികള്‍ നടത്തിയ മൂന്ന് തൊഴിലാളികളുടെ മുകളിലൂടെ ട്രെയിന്‍ കുതിച്ചുപാഞ്ഞു.
ഉത്തര്‍പ്രദേശിലെ സാന്‍ഡിലക്കും ഉമാരാലിസിനും ഇടയിലായിരുന്നു സംഭവം. കൊല്‍ക്കത്ത-അമൃത്സര്‍ അകല്‍ത്തഖ് എക്‌സ്പ്രസിന്റെ മുന്നില്‍പ്പെട്ട മൂന്നംഗസംഘത്തിനാണ് ജീവന്‍ നഷ്ടമായത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണത്തിന് ഉത്തരവിട്ടതായി റെയില്‍വേ വക്താവ് ദീപക് കുമാര്‍ പറഞ്ഞു.
മൂന്ന് പേരും മുന്‍കൂര്‍ വിവരം നല്‍കാതെയാണ് ട്രാക്കിലെ ഡ്രില്ലിംഗ് ജോലി ചെയ്തുകൊണ്ടിരുന്നതെന്ന് നോര്‍ത്തേണ്‍ റെയില്‍വേ പ്രസ്താവനയിലൂടെ അറിയിച്ചു. എന്തെങ്കിലും അറ്റകുറ്റപ്പണികള്‍ ട്രാക്കില്‍ നടക്കുന്നുണ്ടെങ്കില്‍ അധികൃതരെ അറിയിച്ച് അനുവാദം വാങ്ങേണ്ടതുണ്ട്. ഇതിനായി സാധാരണ പ്രത്യേകസമയം അനുവദിക്കുകയാണ് പതിവ്. ഈ സമയത്ത് ട്രെയിനുകളൊന്നും പാസ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കിയാണ് അനുമതി നല്‍കാറുള്ളതെന്നും റെയില്‍വേ പറഞ്ഞു.
അമൃത്സറിനടുത്ത് ദസറ ആഘോഷത്തിനിടെ ട്രെയിന്‍ വരുന്നതറിയാതെ ട്രാക്കില്‍ കുടുങ്ങി 60 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുപിയില്‍ നിന്നും സമാന റിപ്പോര്‍ട്ട്.
Post Your Comments