മൂന്നാര്‍: പ്രളയദുരിതത്തിൽ നിന്ന് കരകയറാനാകാതെ മൂന്നാറിലെ കുടുംബങ്ങൾ. ഇപ്പോൾ താമസിക്കുന്ന വീടുകളുടെ വാടക കൊടക്കാൻ കഴിയാതെയും ദുരിതത്തിലാണ് പ്രളയത്തിൽ സ്വന്തം വീടുകൾ തകർന്ന കുടുംബങ്ങൾ. മൂന്നാർ ഇരുപത് മുറിയിലെ കുടുംബങ്ങള്‍ക്കാണ് പ്രളയത്തിൽ ഏറെ നഷ്ടമുണ്ടായത്. ജീവിത സമ്പാദ്യം മുഴുവൻ നശിച്ചതിനൊപ്പം സർക്കാർ നിലപാടും നൊമ്പരപ്പെടുത്തുന്നതായി ഇവർ പറയുന്നു.
താമസിച്ചിരുന്ന വീടും സ്ഥലവും, ഉപജീവനമാർഗ്ഗങ്ങളുമാണ് പ്രളയത്തിൽ നശിച്ചത്. മഴ മാറിയതോടെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും പുറത്താക്കി.പക്ഷേ സർക്കാരിന്റെ പ്രഖ്യാപിത സഹായധനമായ പതിനായിരം രൂപ കിട്ടിയില്ല.
താമസിക്കുന്ന വീടുകളുടെ വാടക നൽകുമെന്ന വാഗ്ദാനവും നടപ്പാകാത്തതാണ് ഇവരുടെ ദുരിതം കൂട്ടുന്നത്.
പ്രളയബാധിതർക്ക് താമസ സൗകര്യം ഒരുക്കുമെന്ന സർക്കാർ നിർദ്ദേശം കിട്ടിയിട്ടില്ലെന്നാണ് പഞ്ചായത്തിന്റെ നിലപാട്. സഹായം അപേക്ഷിച്ച് റവന്യൂ, പഞ്ചായത്ത് ഓഫീസുകൾ പലവട്ടം കയറിയിറങ്ങിയിട്ടും ഫലമില്ല. ചിലർക്ക് 10,000 രൂപയും, ചിലർക്ക് 6,200 രൂപയും കിട്ടി. കുടുംബശ്രീ വഴിയുളള സഹായവും ചിലർക്ക് നിഷേധിക്കപ്പെട്ടു.
Post Your Comments