Latest NewsKerala

ശ്രീധരന്‍പിള്ളയുടെ പ്രസംഗം ഞെട്ടിക്കുന്നത്; കടുത്ത നടപടി വേണം- കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം•ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്‌ പി.എസ്‌.ശ്രീധരന്‍പിള്ളയുടെ പുറത്തുവന്ന പ്രസംഗം അതീവ ഗൗരവതരവും ഞെട്ടിക്കുന്നതുമാണെന്ന്‌ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

ഭരണഘടന അട്ടിമറിക്കാന്‍ നടന്ന ഗൂഢാലോചനയാണ്‌ ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്‌ ഇതില്‍ കടുത്ത നടപടികള്‍ ഉണ്ടാകണം. ഈ സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട്‌ സുപ്രീംകോടതി അടക്കമുള്ള ഉന്നത സ്ഥാപനങ്ങള്‍ നടപടി കൈക്കൊള്ളുമെന്ന്‌ സി.പി.ഐ(എം) പ്രതീക്ഷിക്കുന്നു.
ശബരിമലയിലെ സമരം ബി.ജെ.പി. ആസൂത്രണം ചെയ്‌തിരിക്കുന്നു എന്നാണ്‌ ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലിന്റെ സാരം. ശബരിമല നട അടച്ചിടുമെന്ന തന്ത്രിയുടെ പ്രസ്‌താവന താനുമായി ആലോചിച്ച ശേഷമാണെന്ന്‌ ശ്രീധരന്‍പിള്ള വെളിപ്പെടുത്തിയിരിക്കുന്നു. ഈ നടപടി കോടതിയലക്ഷ്യമായാലും തങ്ങള്‍ കൂടെയുണ്ടാകുമെന്ന ഉറപ്പ്‌ തന്ത്രിക്കു നല്‍കിയതായും അദ്ദേഹം പറഞ്ഞിരിക്കുന്നു. ബി.ജെ.പി.ക്ക്‌ കേരളത്തില്‍ കൈവന്ന സുവര്‍ണ്ണാവസരമാണ്‌ ഇതെന്നു പറഞ്ഞുകൊണ്ടാണ്‌ യുവമോര്‍ച്ചാ പ്രവര്‍ത്തകരോട്‌ ശ്രീധരന്‍പിള്ള ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്‌.

സുപ്രീംകോടതി വിധി അട്ടിമറിക്കാനുള്ള ശ്രീധരന്‍പിള്ളയുടെ ഗൂഢാലോചന ഭരണഘടനാലംഘനമാണ്‌. നിയമവിരുദ്ധവും കുറ്റകരവുമായ ഒരു നടപടിക്ക്‌ ശബരിമല തന്ത്രിയെപ്പോലെ ഒരാളെ കരുവാക്കുകയാണ്‌ അദ്ദേഹം ചെയ്‌തത്‌. വിശ്വാസത്തിന്റെ പേരില്‍ ആണയിടുന്ന ഒരു രാഷ്ട്രീയകക്ഷിയാണ്‌ അയ്യപ്പന്റെ ക്ഷേത്രം അടച്ചിടാനും അവിടെ പൂജ മുടക്കാനും ഗൂഢാലോചന നടത്തിയത്‌. രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ബി.ജെ.പി. ഏതറ്റംവരെയും പോകും എന്നാണ്‌ ഈ ഞെട്ടിക്കുന്ന സംഭവം തെളിയിക്കുന്നത്‌.

ശബരിമല വിധിയ്‌ക്കെതിരെ ബി.ജെ.പി രംഗത്തുവന്നപ്പോള്‍ത്തന്നെ സി.പി.ഐ(എം) ജാഗ്രതപ്പെടുത്തിയിരുന്നത്‌ ശരിയാണ്‌ എന്നാണ്‌ ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്‌. ശബരിമല സമരം വിശ്വാസത്തിനോ ആചാരസംരക്ഷണത്തിനോ വേണ്ടിയല്ല. അത്‌ രാഷ്ട്രീയലാഭത്തിനായുള്ള ബി.ജെ.പിയുടെ സമരാഭാസമാണ്‌. വിശ്വാസികള്‍ ഇതു തിരിച്ചറിയും. ബി.ജെ.പി. കേരളത്തില്‍ കൂടുതല്‍ ഒറ്റപ്പെടും. ശബരിമല സമാരാഭാസം കേരളത്തില്‍ ബി.ജെ.പിയുടെ ശവക്കുഴിതോണ്ടും.
ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ ഇങ്ങനെ പെരുമാറുന്ന ഈ അവസ്ഥാവിശേഷത്തെ കേരളത്തിന്റെ മതസൗഹാര്‍ദ്ദവും സമാധാനകാംക്ഷയും കണ്ണിലെ കൃഷ്‌ണമണിപോലെ കാത്തുസൂക്ഷിച്ചുകൊണ്ട്‌ കേരള ജനത അതിജീവിക്കുമെന്ന്‌ സി.പി.ഐ.(എം)ന്‌ ഉറപ്പുണ്ട്‌.

ശബരിമലയില്‍ നടന്ന അക്രമസംഭവങ്ങളെല്ലാം ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വം ആസൂത്രണം ചെയ്‌തതാണ്‌. ഈ ഗൂഢാലോചനയില്‍ മുഖ്യപങ്കുവഹിച്ചത്‌ ശ്രീധരന്‍പിള്ളയാണ്‌. ശബരിമലയില്‍ നടന്ന അക്രമസംഭവങ്ങളുടെ ഉത്തരവാദിയായ ശ്രീധരന്‍പിള്ളയെ പ്രതിചേര്‍ത്ത്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ ഒരു ഉന്നതതല അന്വേഷണത്തിന്‌ സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിക്കണമെന്ന്‌ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button