നിലയ്ക്കല്‍: ചിത്തിര ആട്ട വിശേഷപൂജയ്ക്കായി തിങ്കളാഴ്ച ശബരിമല വീണ്ടും നട തുറക്കും. സ്ഥലത്തെ സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട് ശബരിമലയില്‍ നാലിടിത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സന്നിധാനത്തേക്ക് ആവശ്യമെങ്കില്‍ വനിതാ പോലീസിനെ നിയോഗിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 50 വയസ് കഴിഞ്ഞ 30 പേരെയാണ് നിയോഗിക്കുകയെന്നും എസ്‌ഐ സിഐ റാങ്കിലുള്ള വനിതാ പോലീസുകാരെയും സന്നിധാനത്ത് നിയോഗിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
നിരോധനാജ്ഞയുടെ മറവില്‍ മാധ്യമങ്ങള്‍ക്കും ശബരിമലയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. നട തുറക്കുന്ന ദിവസം മാത്രം പമ്ബയിലേക്കും സന്നിധാനത്തേക്കും പ്രവേശിച്ചാല്‍ മതിയെന്നായിരുന്നു പൊലീസ് നിര്‍ദേശം. കഴിഞ്ഞ ദിവസം നിലയ്ക്കലിന് രണ്ട് കിലോമീറ്റര്‍ മുന്‍പാണ് മാധ്യമങ്ങളെ തടഞ്ഞത്. ചീഫ് പോലീസ് കോര്‍ഡിനേറ്ററായ ദക്ഷിണ മേഖല എഡിജിപി അനില്‍കാന്തിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
തിങ്കളാഴ്ച ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചതായി കേരള പോലീസ് അറിയിച്ചു. നൂറ് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 1500 ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയിലും പരിസരത്തുമായി ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗം സ്വീകരിച്ച തീരുമാനങ്ങള്‍ അനുസരിച്ചാണ് നടപടി എന്നാണ് പൊലീസ് നിലപാട്. ഇന്ന് മുതലാണ് നിലയ്ക്കല്‍, ഇലവുങ്കല്‍ , പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നിരോധനാഞ്ജ പ്രാബല്യത്തില്‍ വരുക.
Post Your Comments