Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

ശബരിമല വിഷയത്തില്‍ സുരേഷ് ഗോപിക്കു നേരെ ആഞ്ഞടിച്ച് യുവതി

സ്ത്രീകള്‍ക്കു മാത്രമായി ശബരിമല പോലെ അയ്യപ്പക്ഷേത്രം നിര്‍മ്മിക്കുമെന്നു പറഞ്ഞ നടന്‍ സുരേഷ് ഗോപി എംപിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി യുവതി രംഗത്ത്. എഴുത്തുകാരിയും സോഷ്യല്‍ മീഡിയയില്‍ സജീവമായ ആശ സൂസനാണ് സുരേഷ് ഗോപിക്കെതിരെ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്.

സുരേഷ്‌ഗോപി ഈ നാട്ടിലെ സ്ത്രീകള്‍ക്കു കൊടുത്ത വാഗ്ദാനമാണ് ശബരിമല പോലെ മറ്റൊരു ക്ഷേത്രം അതേപോലെ കാനന ഭംഗിയുള്ള ഒരിടത്തു നിര്‍മ്മിച്ചു കൊടുക്കുമെന്ന്. ഈ ജന്മത്തില്‍ സാധിച്ചില്ലേല്‍ പുനര്‍ജന്മം എടുത്തു വന്നിട്ടാണേലും ഞാനതു നിറവേറ്റുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അതേസമയം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഒരു പാര്‍ലമന്റ് അംഗം പറയേണ്ട വാചകമാണോ ഇതെന്നും ആശ ചോദിക്കുന്നു.

താഴ്ന്ന ജാതിക്കാര്‍ കയറിയാല്‍ അമ്പലം അശുദ്ധിയാവുമെന്നും ദേവന് അത് ഇഷ്ടമല്ലെന്നും പറഞ്ഞ പഴയ ബ്രാഹ്മണ മേല്‍ക്കോയ്മയുടെ ബാക്കിപത്രമാണ് യുവതിയായതു കൊണ്ട് നീ പ്രവേശിച്ചാല്‍ അവിടം അശുദ്ധിയാവുമെന്നും പ്രതിഷ്ഠ അതാഗ്രഹിക്കുന്നില്ലെന്നും പറയുന്നത്. സര്‍വ്വ പ്രിവിലേജിന്റെയും മുകളിലിരിക്കുന്ന താങ്കളെപ്പോലുള്ളവര്‍ക്ക് നെഞ്ചത്തു കൈ വെച്ച് ഒരു പാട് വിനയം കോരി ചൊരിഞ്ഞു നമുക്ക് സമാധാനത്തിന്റെ വഴിയേ പോവാം, നമുക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ നോക്കാം എന്നൊക്കെ പറയാന്‍ എളുപ്പമാണ്, അടി കിട്ടിയവനേ ആ വേദന അറിയൂ. കിട്ടാത്തവനു സാരമില്ല, പോട്ടെന്നു പറയാന്‍ ഒറ്റ നിമിഷം കൊണ്ട് പറ്റുമെന്നും ആശ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സ്ത്രീകള്‍ക്കു മാത്രമായൊരു ശബരിമല

കഴിഞ്ഞ ദിവസം സുരേഷ്‌ഗോപി ഈ നാട്ടിലെ സ്ത്രീകള്‍ക്കു കൊടുത്ത വാഗ്ദാനമാണ് ശബരിമല പോലെ മറ്റൊരു ക്ഷേത്രം അതേപോലെ കാനന ഭംഗിയുള്ള ഒരിടത്തു നിര്‍മ്മിച്ചു കൊടുക്കുമെന്ന്. തുടര്‍ഭാഗങ്ങളില്‍ സിനിമയ്ക്കു സെറ്റിടുന്നത് പോലെ ഒരുപാട് ഒരുപാട് ബ്രഹ്മാണ്ഡ പ്ലാനുകള്‍ അതിനോട് ചേര്‍ന്നുണ്ടാവുമെന്നും അവതരിപ്പിച്ചു. ഇനിയെങ്ങാനും ഇങ്ങേരിതോക്കെ നിര്‍മ്മിക്കുമോന്നു ഭയന്നപ്പോളാണ് അതിന്റെ അവസാനം കൂട്ടിച്ചേര്‍ത്ത ഡയലോഗ് കേട്ടത്, ഈ ജന്മത്തില്‍ സാധിച്ചില്ലേല്‍ പുനര്‍ജന്മം എടുത്തു വന്നിട്ടാണേലും ഞാനതു നിറവേറ്റുമെന്ന്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഒരു പാര്‍ലമന്റ് അംഗം പറയുന്ന വാചകമാണിത്. ഒരു നിമിഷം ചിരിക്കണോ കരയണോ എന്നോര്‍ത്തു പോയി എന്നതാണ് സത്യം.

മിസ്റ്റര്‍ സുരേഷ് ഗോപി, താങ്കളോട് ഞാന്‍ എന്റെ കുട്ടിക്കാലത്തെ ഒരു സംഭവം പറയാം. ക്രൈസ്തവ പാരമ്പര്യമുള്ള എന്റെ വീട്ടില്‍ നേര്‍ച്ച നടത്തുക പതിവാണ്. അതില്‍ പൈതങ്ങളുടെ നേര്‍ച്ച എന്നൊന്നുണ്ട്. വൈദികന്‍ വന്നു പ്രാര്‍ത്ഥന ചൊല്ലി പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളെ നിലത്തിലയിട്ട് അവര്‍ക്കു ഭക്ഷണം വിളമ്പിക്കൊടുക്കുന്ന ഏര്‍പ്പാട്. വീട്ടിലെ ആണ്‍കുട്ടികള്‍ ഇരിക്കുന്നതു കണ്ടു പെണ്‍കുട്ടിയായ ഞാനും ഓടിക്കേറി അവര്‍ക്കിടയില്‍ ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ മുതിര്‍ന്നവര്‍ അത് വിലക്കി. വീണ്ടും ഇരിക്കാനായി വാശി പിടിച്ചപ്പോള്‍ അപ്പന്‍ പറഞ്ഞു, ഏട്ടന്‍ കഴിക്കുന്ന അതേ ഭക്ഷണം കുട്ടിക്കു മേശപ്പുറത്തു വെച്ച് ചില്ലിന്റെ പ്‌ളേറ്റില്‍ വിളമ്പിത്തരാല്ലോ, എന്തിനാ ഇത്ര ബുദ്ധിമുട്ടി വളഞ്ഞു കൂടി നിലത്തിരുന്നു കഴിക്കുന്നതെന്ന്. കേട്ടപ്പോള്‍ ശരിയെന്നു തോന്നി, ഊണ്മേശക്കരികിലേക്ക് ഓടി. അന്നത്തെ ചിന്ത രണ്ടും ഒരേ ഭക്ഷണം, രണ്ടും ഉണ്ടാക്കിയത് അമ്മ. അപ്പോ പിന്നെ എവിടെ ഇരുന്നു കഴിച്ചാലെന്താ എന്നതായിരുന്നു.

പക്ഷേ ഇന്നെനിക്കറിയാം, അന്നു നിഷേധിക്കപ്പെട്ടത് സമത്വം എന്ന എന്റെ അവകാശമാണ്. അവരുടെ കൂടെ ഇരുന്ന ഞാന്‍ എണീറ്റു പോരേണ്ടി വന്നത് ഞാന്‍ ആഗ്രഹിക്കാതെ എനിക്ക് കിട്ടിയ ജെന്‍ഡറിന്റെ പേരിലാണ്, അതേ സമയം ആള്‍ക്കൂട്ടത്തിനു നടുവില്‍ ഇരിക്കാന്‍ എന്റെ ഏട്ടന് അവസരം കിട്ടിയതും അതേ ജെന്‍ഡര്‍ കാരണം തന്നെയാണ്. ഇന്നെനിക്കറിയാം, ഏട്ടന്‍ ഇരുന്നത് നിലത്താണെങ്കിലും, കഴിച്ചത് ഇലയിലാണെങ്കിലും പൊക്കത്തില്‍ ഇരുന്ന എന്നേക്കാളും പ്രാധാന്യം ആ ചടങ്ങില്‍ ഏട്ടനായിരുന്നൂന്ന്.

താഴ്ന്ന ജാതിക്കാര്‍ കയറിയാല്‍ അമ്പലം അശുദ്ധിയാവുമെന്നും ദേവന് അത് ഇഷ്ടമല്ലെന്നും പറഞ്ഞ പഴയ ബ്രാഹ്മണ മേല്‍ക്കോയ്മയുടെ ബാക്കിപത്രമാണ് യുവതിയായതു കൊണ്ട് നീ പ്രവേശിച്ചാല്‍ അവിടം അശുദ്ധിയാവുമെന്നും പ്രതിഷ്ഠ അതാഗ്രഹിക്കുന്നില്ലെന്നും പറയുന്നത്. സര്‍വ്വ പ്രിവിലേജിന്റെയും മുകളിലിരിക്കുന്ന താങ്കളെപ്പോലുള്ളവര്‍ക്ക് നെഞ്ചത്തു കൈ വെച്ച് ഒരു പാട് വിനയം കോരി ചൊരിഞ്ഞു നമുക്ക് സമാധാനത്തിന്റെ വഴിയേ പോവാം, നമുക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ നോക്കാം എന്നൊക്കെ പറയാന്‍ എളുപ്പമാണ്, അടി കിട്ടിയവനേ ആ വേദന അറിയൂ. കിട്ടാത്തവനു സാരമില്ല, പോട്ടെന്നു പറയാന്‍ ഒറ്റ നിമിഷം കൊണ്ട് പറ്റും.

പുലയപ്പിള്ളേര്‍ക്ക് പഠിക്കാന്‍ വേറെ ചാള കെട്ടികൊടുക്കാമെന്നു പറഞ്ഞ താങ്കളുടെ ശബ്ദമുള്ള പ്രമാണിമാരുടെ നിലം ഒന്നര കൊല്ലം കൃഷിചെയ്യാതെ സമരം ചെയ്താണ് ഒപ്പമിരുന്നു പഠിക്കാനുള്ള അവകാശം നേടിയെത്തത്, അല്ലാതെ സമാധാനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാമെന്നു പറഞ്ഞ് ഏമാന്മാര്‍ കനിഞ്ഞു നല്‍കിയതല്ല. അതുകൊണ്ട് ഏമാന്‍ ശബരിമല ക്ഷേത്രത്തിനു പകരം ഒന്നല്ല, ഒന്‍പതു മല തന്നെ ഉണ്ടാക്കിത്തന്നാലും നിഷേധിക്കപ്പെടുന്ന നീതിയ്ക്കു പകരമാവില്ലതെന്നറിയുക.

‘ന സ്ത്രീ സ്വാതന്ത്രമര്‍ഹതി’ എന്നു പറഞ്ഞിരുന്ന മനുസ്മൃതി കത്തിച്ചതും രാജ്യത്തിലെ സര്‍വ്വ മനുഷ്യര്‍ക്കും തുല്യ നീതിയും തുല്യ പരിഗണയും ഉറപ്പു നല്‍കുന്ന ഭരണഘടന നിലവില്‍ വന്നതും താങ്കളും താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയും ഇനിയും അറിഞ്ഞിട്ടില്ലെങ്കില്‍ അതൊന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഒന്നു കൂടി ഉറപ്പിച്ചു പറയട്ടെ, സര്‍വ്വ മനുഷ്യര്‍ എന്നാല്‍ പുരുഷന്‍ മാത്രമല്ല, ലിംഗഭേദമന്യേ സര്‍വ്വരും ഉള്‍പ്പെടും. ഒരിടത്തു കയറണോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമാണ്, പക്ഷേ കയറരുതെന്നു പറയാന്‍ രണ്ടാമതൊരാള്‍ക്കവകാശമില്ല. കഴിക്കണോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമാണ്, കഴിക്കരുതെന്ന് കല്‍പ്പിക്കാന്‍ നിങ്ങള്‍ക്കവകാശമില്ല. അവിശ്വാസിയാണോ, വിശ്വാസിയാണോ യഥാര്‍ത്ഥ വിശ്വാസിയാണോ, വൃതം നോക്കിയോ ഇല്ലയോ എന്നതൊക്കെ ആയാളും സോ കോള്‍ഡ് ദൈവവും തമ്മിലുള്ള കാര്യമാണ്, ഒരാളുടെ വിശ്വാസത്തിന്റെയും വൃതത്തിന്റെയും അളവ്‌കോല്‍ നിങ്ങളുടെ കയ്യിലല്ല, പരിശോധിക്കാനും തടയാനും നിങ്ങള്‍ക്കു യാതൊരു അധികാരവുമില്ല.

പെണ്ണിനു വിദ്യ നേടാന്‍ അവകാശമില്ലാത്തിടത്തു നിന്നും, മാറു മറയ്ക്കാന്‍ അവകാശമില്ലാത്തിടത്തു നിന്നും, ഇഷ്ടമില്ലാത്തവന്റെ മുന്നില്‍ മടിക്കുത്തഴിക്കേണ്ട ഗതികേടില്‍ നിന്നുമൊക്കെ ഇവിടെ വരെ എത്താനായെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ ഈ ഈ പതിനെട്ടു പടികളും ഞങ്ങള്‍ ചവിട്ടിയിരിക്കും, എല്ലാ വിവേചനങ്ങളും മറി കടക്കുകയും ചെയ്യും. ഞങ്ങളുടെ മൌലികാവകാശങ്ങളെ നിഷേധിക്കുന്നവരുടെ മുഖത്തു നോക്കി ഞങ്ങള്‍ ഉച്ചത്തില്‍ പറയും, പ്ഭാ, പുല്ലേ

shortlink

Related Articles

Post Your Comments

Related Articles


Back to top button