Latest NewsPrathikarana Vedhi

മുഖ്യമന്ത്രിയോട് ഒരു അയ്യപ്പ ഭക്തന് പറയാനുള്ളത്

ഹരികൃഷ്ണന്‍ മുതലങ്ങാട്ട്

ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്നൊക്കെ സംബോധന ചെയ്യണം എന്ന് ആഗ്രഹമുണ്ട് കാരണം ഭാർഗ്ഗവരാമ ക്ഷേത്രത്തിലെ ഭരണാധികാരി ആണല്ലോ താങ്കൾ. താങ്കളുടെ അഹങ്കാരത്തിന്റെ ഭാഷ കാണുമ്പോൾ തീരെ ബഹുമാനം തോന്നാത്തത് കൊണ്ടും, അഹങ്കാരികളെ വെറുപ്പായത് കൊണ്ടും തീരെ ബഹുമാനം ഇല്ലാത്ത മുഖ്യമന്ത്രീ എന്ന് സംബോധന ചെയ്‌താൽ നിലക്കലിൽ പ്രശ്നമുണ്ടാക്കിയ 167 ആം നമ്പർ പോലീസുകാരന്റെ പേര് വെട്ടി എന്റെ പേര് ചേർക്കില്ല എന്ന് വിചാരിക്കുന്നു.

താങ്കൾ കുറച്ച് ദിവസമായി പരസ്പരവിരുദ്ധവും, അടിസ്ഥാനരഹിതവും ആയ കാര്യങ്ങൾ പറയുന്നു. അടി പതറുമ്പോൾ ആർക്കും സംഭവിക്കാവുന്ന മാനസികവിഭ്രാന്തി ! കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങൾ, നവോത്ഥാന പ്രസ്ഥാനങ്ങൾ, നവോത്ഥാന നായകർ, മതേതര മൂല്യങ്ങൾ, ജാതിക്കെതിരെ ഉള്ള പോരാട്ടങ്ങൾ എന്നൊക്കെ പറയുന്നതിനൊപ്പം തന്നെ താങ്കൾ ശബരിമലയിലെ ആചാര സംരക്ഷണത്തിന് വേണ്ടി ജാതിമത ഭേദമന്യേ പരിശ്രമിക്കുന്ന ഭക്തരെ സവർണ്ണൻ എന്നും അവർണൻ എന്നും തരം തിരിക്കുന്നു. പിന്തുണക്ക് വേണ്ടി വെള്ളാപ്പള്ളി നടേശൻ എന്ന സമുദായ നേതാവിനെ ഇറക്കുന്നു. വെള്ളാപ്പള്ളിക്ക് പിന്തുണ നഷ്ടപ്പെട്ടപ്പോൾ ആന്ധ്ര ബ്രാഹ്മണൻ എന്ന മണ്ണിന്റെ മക്കൾ വാദം പരീക്ഷിക്കുന്നു. അതും നടക്കാതെ വന്നപ്പോൾ പെട്ടെന്നൊരു മലയരയൻ പ്രേമം മൊട്ടിടുന്നു.

മുഖ്യമന്ത്രീ…താങ്കൾ എവിടെയെങ്കിലും ഒന്ന് ഉറച്ചു നിൽക്കൂ. ഒന്നുകിൽ ഉള്ളവനും ഇല്ലാത്തവനും മാത്രമുള്ള കമ്മ്യുണിസ്റ്റ് , അല്ലെങ്കിൽ ചാതുർവർണ്യത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വക്താവ്, അല്ലെങ്കിൽ ദ്രാവിഡ രാഷ്ട്രീയക്കാരെ പോലെയോ, മറാത്താ രാഷ്ട്രീയക്കാരെ പോലെയോ ഒരു മണ്ണിന്റെ മക്കൾ വാദക്കാരൻ..ഇതിൽ എവിടെയാണ് താങ്കളുടെ സ്ഥാനം.

അയ്യപ്പൻ എന്ന പന്തളരാജാവ് ശബരിമലയിൽ ഉണ്ടായിരുന്ന ശ്രീധർമ്മ ശാസ്താ വിഗ്രഹത്തിൽ വിലയം പ്രാപിച്ചു എന്നാണ് വിശ്വാസം. അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടം വ്യക്തമല്ലെങ്കിലും താങ്കൾ ഈ പറയുന്ന നവോത്ഥാനവും,മതേതരത്വവും, രാഷ്ട്രീയപാർട്ടികളും ഒക്കെ ജനിക്കുന്നതിന് മുൻപ് തന്നെ അയ്യപ്പ ക്ഷേത്രവും, അയ്യപ്പ ധർമ്മവും ഒക്കെ ഇവിടെ ഉണ്ട്. ആ ധർമ്മത്തിൽ എല്ലാ ജാതിക്കാരും മതക്കാരും സ്വാമിമാരാണ്. അയ്യപ്പ ഭക്തർ തുലാമാസം ഒന്നാം തിയതി തന്നെ ശബരിമലക്ക് പോകുന്നതിനുള്ള വ്രതം തുടങ്ങും. വൃശ്ചികമാസം ഒന്നാം തിയ്യതി മാലയിട്ടാൽ എല്ലാവരും സ്വാമി ആയി മാറുന്നു. എല്ലാം പരബ്രഹ്മത്തിന്റെ ഭാഗമാണെന്ന് സാധാരണക്കാരന് മനസ്സിലാക്കി കൊടുത്ത്, അവനെ ഈശ്വര സാക്ഷാൽക്കാരത്തിൽ എത്തിക്കുന്നതിനുള്ള ഒരു വഴി.

ശബരിമല എന്ന സ്വകാര്യ സ്ഥലത്ത് പല ആചാരങ്ങളും ഉണ്ട്. ഇതൊന്നും ക്രിമിനൽ നിയമപ്രകാരം തെറ്റല്ലാത്തിടത്തോളം കാലം ഇതിൽ ഇടപെടുന്നത് തെറ്റാണ്. സർക്കാർ നൽകിയ തെറ്റായ സത്യവാങ്മൂലം ആണ് ഈ വിധിക്ക് കാരണം. തെറ്റ് പറ്റിയത് കോടതിക്കല്ല, കോടതിക്ക് മുന്നിൽ തെറ്റായ കാര്യങ്ങൾ പറഞ്ഞ സർക്കാരിനാണ്. സ്ത്രീകൾ കയറരുത് എന്ന് ഒരാളും പറയുന്നില്ല. പുരുഷന്മാർ വ്രതം എടുക്കുന്ന ദിവസം മുതൽ തന്നെ ആ വീട്ടിലെ സ്ത്രീകളും വ്രതത്തിലാവും. അയ്യപ്പന്മാർ കെട്ടു നിറച്ച് പോയാൽ, തിരിച്ച് വരുന്നത് വരെ അയ്യപ്പന്മാർ തേങ്ങ ഉടച്ച കല്ലിൽ സ്ത്രീകൾ രണ്ടു നേരം വിളക്ക് കാണിക്കുകയും വേണം. ഇങ്ങനെ ചെയ്യുന്നതിലൂടെ സ്ത്രീകൾക്ക് അയ്യപ്പൻറെ നടയിൽ പോകാതെ തന്നെ ഈശ്വരസാക്ഷാൽക്കാരം ലഭിക്കുന്നു. ഇരുമുടി കെട്ടും വളരെ പ്രതീകാത്മകമായി ആണ് നിറക്കുന്നത്. അയ്യപ്പന് നേദിക്കാനുള്ള സാധനങ്ങൾ ഉള്ള മുൻകെട്ടും, നമുക്ക് ഭക്ഷിക്കാനുള്ള സാധനങ്ങൾ ഉള്ള പിൻകെട്ടും ഒറ്റ ചരടിൽ ആണ് കെട്ടി വേർതിരിക്കുന്നത്. മുൻകെട്ട് ആത്മാവ്, അഥവാ ഈശ്വരൻ, പിൻകെട്ട് നമ്മുടെ ശരീരം. ഇത് രണ്ടും ചേർന്ന ഇരുമുടിയെ നമ്മുടെ ജീവിതം ആവുന്ന ഒറ്റ ചരട് കൊണ്ട് കെട്ടി വേർതിരിച്ചിരിക്കുന്നു.ഈ ജന്മത്തിലെ ഒറ്റ ജീവിതത്തെ പ്രതീക വലിക്കരിക്കുന്നതിനാൽ ആണ് ഗുരുസ്വാമിമാർ ഇരുമുടി കെട്ടാൻ ഏച്ചുകെട്ടിയ ചരടോ, രണ്ടു ചരടോ ഉപയോഗിക്കരുത് എന്ന് നിഷ്കർഷിക്കുന്നത്.

ഇനി ശബരിമലയിൽ പോയാൽ ഉള്ള ആചാരങ്ങളും സവിശേഷത ഉള്ളതാണ്. കരിമല കറുപ്പ സ്വാമി, കൊച്ചു കടുത്ത സ്വാമി, വലിയകടുത്ത സ്വാമി ഒക്കെ ആദിവാസി, ഈഴവ തുടങ്ങിയ അവർണ്ണ വിഭാഗത്തിൽ പെട്ട ദൈവങ്ങൾ അല്ലെങ്കിൽ പുണ്യാളന്മാർ ആണ്. ഇതിലെവിടെയും ഒരു ബ്രാഹ്മണ പുണ്യാളൻ ഇല്ല. ആദിവാസികളെ സവർണ്ണരുടെ കൺവെട്ടത് കണ്ടുകൂടാത്ത ചരിത്രകാലഘട്ടത്തിന് എത്രയോ മുൻപാണ് ആദിവാസികളെ മനുഷ്യ ദൈവങ്ങളാക്കി (റസൂൽ, പുണ്യാളൻ എന്നൊക്കെ മതേതര ഭാഷ്യം) അയ്യപ്പൻ വാഴിച്ചത്. അവരുടെ മാത്രമല്ല, മുസ്ലിമായ വാവരുടെയും കാൽ തൊട്ട് വണങ്ങി പതിനെട്ട് ദോഷങ്ങൾ ആകുന്ന പടികൾ കടന്നാൽ മാത്രമേ “തത്വമസി “എന്ന ഈശ്വര സാക്ഷാൽക്കാരത്തിൽ എത്തുകയുള്ളൂ. മണിമണ്ഡപത്തിൽ ഭസ്മ അഭിഷേകവും, നാഗഭൂതങ്ങൾക്ക് മഞ്ഞൾ അഭിഷേകവും അവിടെ പോകുന്ന അയ്യപ്പന്മാരും മാളികപ്പുറങ്ങളും തന്നെ ആണ് ചെയ്യുക. ഭക്തനും സ്വാമിക്കും ഇടയിൽ ഒരു പൂജാരിയുടെ ആവശ്യം ഇല്ല. അത് കൊണ്ട് തന്നെ ബ്രഹ്മണ്യത്തിന് ഒരു പ്രാധാന്യവും ഇല്ലാത്ത ക്ഷേത്രം ആണ് അയ്യപ്പ ക്ഷേത്രം. ഇത് നിങ്ങൾക്ക് അറിയാതെ ആയിരിക്കാം കുറച്ചു ദിവസമായി “ബ്രാഹ്മണ്യം ബ്രാഹ്മണ്യം”എന്ന് സ്ഥാനത്തും അസ്ഥാനത്തും പറഞ്ഞുകൊണ്ടിരിക്കുന്നത്.

മുസ്ലിം പുണ്യാളനെയും, ആദിവാസി പുണ്യാളന്മാരെയും വണങ്ങി പതിനെട്ട് പടി കയറിയാൽ തത്വമസി എന്ന ഈശ്വര സാക്ഷാൽക്കാരം നേടുകയും , ഈശ്വരനും, മനുഷ്യനും ഒന്നായി എന്നു പ്രതീകവൽക്കരിക്കുന്ന കെട്ടഴിക്കലും, അയ്യപ്പന് നെയ്യഭിഷേകം ചെയ്യലും, ഒരു മുറി തേങ്ങ ആഴിയിൽ പഞ്ചഭൂതങ്ങൾക്ക് അർപ്പിക്കലും നടക്കുന്നു. മറ്റേ മുറി തേങ്ങ വീട്ടിൽ കൊണ്ടുവന്നു മനുഷ്യനും, വളർത്തുമൃഗങ്ങളും ഭക്ഷിക്കുകയും ചെയ്യുന്നു. വീട്ടിലേക്ക് വരുമ്പോൾ ഇരുമുടി കെട്ട് തത്വമസി എന്ന സങ്കൽപ്പത്തെ പ്രതീകവൽക്കരിച്ച് ഒറ്റ മുടി ആയിട്ടാണ് കൊണ്ട് വരിക. ഈ ചടങ്ങുകളൊക്കെ മനുഷ്യനും ദൈവവും രണ്ടല്ല എന്ന അദ്വൈത തത്വചിന്തയിൽ ഊന്നിയത് തന്നെ ആണെങ്കിലും അയ്യപ്പധർമം ആണ് ഈ തത്വചിന്ത സാധാരണക്കാരനിലേക്ക് എത്തിച്ചത്. സാധാരണ മനുഷ്യന് തപസ്സനുഷ്ഠിക്കാതെയും ഈശ്വരസാക്ഷാൽക്കാരം നേടാനും, ഏത് ജാതിക്കാരനും 18 കൊല്ലം സ്വാമിയെ ദർശിച്ചാൽ ഗുരുസ്വാമിയാവാനും പൂജ ചെയ്യാനും ഉള്ള യോഗ്യതയും ഒക്കെ ഉണ്ടായത് ഈ അയ്യപ്പ ധർമ്മത്തിൽ കൂടിയാണ്. ഇപ്പോൾ ദളിതന് പൂജ ചെയ്യാനുള്ള അവകാശം കേവലം ഒരു ദേവസ്വം ബോർഡ് തീരുമാനത്തിലൂടെയാണ് എന്ന് രാഷ്ട്രീയലാഭത്തിന് വേണ്ടി കൊട്ടിഘോഷിക്കപ്പെടുമ്പോൾ പോലെ കാലിൽ ഷൂ ഇട്ട് , ട്രെക്കിങ്ങിനു പോകുന്ന സിനിമാക്കാരും, ചെന്നിത്തലമാരും (അവരുടെ ഫാൻസും) അതൊക്കെ സമ്മതിച്ച് കൊടുക്കും, പക്ഷെ ഗുരുസ്വാമിമാർ വഴി കൈമാറിയ അയ്യപ്പൻറെ സങ്കൽപ്പത്തെ കുറിച്ച് അറിവുള്ളവർക്ക് അത് സമ്മതിച്ച് കൊടുക്കാൻ വിഷമമായിരിക്കും. ആവശ്യം വരുമ്പോൾ “ഞങ്ങളുടെ ആളുകൾ ഹിന്ദുക്കൾ അല്ലാത്തപ്പോൾ ജന്തുക്കൾ” എന്ന് വിലപിക്കുന്ന വെള്ളാപ്പള്ളി അറിയുക. ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്ന ഭൂരിഭാഗം അയ്യപ്പ പൂജാരിമാരും, ഗുരുസ്വാമിമാരും ഈഴവർ ആയിരുന്നു. അവരെയൊക്കെ അയ്യപ്പ സ്വാമി ആയിട്ടായിരുന്നു ജനങ്ങൾ കണ്ടിരുന്നത്. വേറെ ഏതെങ്കിലും ഹോമത്തിനോ പൂജക്കൊ ഒരു ഈഴവനെയും വിളിക്കുന്നത് ഞാൻ കണ്ടിട്ടില്ല.

കാവിക്കും, ബ്രാഹ്മണ്യത്തിനും, സന്യാസത്തിനും മാത്രം ഈശ്വരസാക്ഷാൽക്കാരം എന്ന് ചിന്തിച്ചിരുന്ന ഒരു കാലത്ത് അതിനെല്ലാം വിപരീതമായി സാധാരണജനങ്ങൾക്കും ഈശ്വര സാക്ഷാൽക്കാരത്തിൽ എത്തിച്ചേരാം എന്ന് തെളിയിച്ച വിഗ്രഹഭഞ്‌ജകൻ ആയിട്ടാണ് നമുക്ക് അയ്യപ്പനെ കാണാൻ കഴിയുക. അത് കൊണ്ടായിരിക്കാം സവർണ്ണ മേധാവിത്തത്തിൽ വിശ്വസിക്കുന്ന കമ്മ്യുണിസ്റ്റുകൾക്കും, ഗൃഹസ്ഥാശ്രമികൾ സന്യാസികളാവുന്നതിൽ എതിർപ്പുള്ള കാവി സന്ദീപാനന്ദഗിരിമാർക്കും ഈ അയ്യപ്പ ധർമ്മത്തോട് പുച്ഛം.

ആചാരങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് അയ്യപ്പൻ അന്നത്തെ കാലത്തെ ആധ്യത്മിമ ആചാര്യനും , ദൈവപുത്രനും മാത്രമല്ല, സാമൂഹ്യ പരിഷ്‌കർത്താവ് കൂടിയായിരുന്നു ആയിരുന്നു എന്നാണ്. ഇത്തരം സങ്കൽപ്പങ്ങളും, സാമൂഹ്യ പരിഷ്കർത്താക്കളും, പുണ്യാളന്മാരും ഒക്കെ ഉണ്ടായതിനാൽ ആണ് കേരളം ഈ നിലയിൽ ആയത്. അല്ലാതെ ഉത്തരേന്ത്യയുമായി താരതമ്യം ചെയ്ത് നമ്പർ വൺ കേരളം എന്ന് വീരവാദം മുഴക്കുന്നവരുടെ സംഭാവന കൊണ്ടല്ല. വേദം എഴുതിയവന്റെ സമുദായക്കാരി ആധ്യാത്മിക നേതാവായാൽ അവളെ പൂർവ്വാശ്രമത്തിലെ പേരായ സുധാമണി എന്ന് വിളിച്ച് കളിയാക്കുന്നവർ ആണ് കേരളത്തിന്റെ ഒന്നാം നമ്പർ വീമ്പിളക്കുന്നത് എന്നത് ഒരു വിരോധാഭാസം, അവരാണ് “എല്ലാ സ്ത്രീകൾക്കും പ്രവേശനം” എന്ന പുരോഗമനം പറയുന്നത് എന്നത് നമ്മുടെ ഗതികേടും.

മകരവിളക്ക് ദിവസം ഉള്ള മകരജ്യോതി ആദിവാസി ഊരുകളിൽ നിന്ന് ആദിവാസികൾ അയ്യപ്പന് ദീപാരാധന നടത്തിയിരുന്നതാണെന്നും, മകരവിളക്ക് ദിവസത്തെ ദീപാരാധന അവകാശം പൂജാരിമാരായ ബ്രാഹ്മണർക്കല്ല, അയ്യപ്പൻറെ അനുചരന്മാരായ ആദിവാസികൾക്കാണെന്നും പുതു തലമുറക്ക് ഒരു പുതിയ അറിവായിരിക്കാം. ആദിവാസികൾ കൊണ്ടുവരുന്ന സാധനങ്ങൾ ആണ് അന്ന് അയ്യപ്പന് നിവേദിക്കുന്നത്. അവരുടെ ഊരുകളിൽ നിന്ന് ദീപാരാധന നടത്തുമ്പോൾ അയ്യപ്പൻ അങ്ങോട്ട് അത് സ്വീകരിക്കാൻ പോകുന്നതിനാൽ ആണ് നടയടച്ച് എല്ലാവരും അങ്ങോട്ട് കൈ കൂപ്പുന്നത്. ആദിവാസിയുടെ അടുത്തേക്ക് അവരുടെ പൂജ സ്വീകരിക്കാൻ, ബ്രാഹ്മണ പൂജാരിയെയും ക്ഷേത്രത്തെയും വിട്ട് സ്വാമി പോകുന്ന മനോഹര മുഹൂർത്തമാണ് മകരവിളക്ക്. നാല്പതും, എൺപതും ദിവസം വ്രതം എടുത്ത് വരുന്ന അയ്യപ്പന്മാർ ആദിവാസി ഊരുകളിലേക്ക് നോക്കി കൈ കൂപ്പി ഈശ്വര സാക്ഷാൽക്കാരം നേടുന്നു. ആദിവാസി തൊട്ടുകൂടാത്തവൻ അല്ല, അവനിലും പരബ്രഹ്മത്തിന്റെ അംശമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ചടങ്ങ്.

ക്രിസ്ത്യൻ മതമേധാവികളുടെ പിന്തുണയോടെ ആദിവാസികളുടെ ഭൂമി പിടിച്ചപ്പോൾ, ബാക്കി സ്ഥലവും അവരുടെ അവകാശങ്ങളും ദേവസ്വം ബോർഡ് കയ്യടക്കി. അവരെ അവരുടെ അയ്യപ്പൻറെ പൂങ്കാവനത്തിൽ നിന്ന് ഓടിച്ചു, അവരുടെ അവകാശമായ ദീപാരാധന കെ.എസ്.ഇ.ബി കാരെ കൊണ്ട് ചൂട്ട് കത്തിച്ചും, ടോർച്ച് കത്തിച്ചും നടത്തി, തമിഴന്മാരെ പറ്റിച്ചു. തമിഴ് ഭക്തന്മാരുടെ ഭക്തി ചൂഷണം ചെയ്ത് അവരുടെ കാശുകൊണ്ട് ശീതീകരിച്ച കാറുകളിൽ നടന്ന നമ്മുടെ മന്ത്രിമാർ സർക്കാർ-ആസൂത്രിത ആധ്യാത്മിക തട്ടിപ്പിലും കേരളം നമ്പർ വൺ ആണെന്ന് തെളിയിച്ചിട്ട്, ഇപ്പോൾ സ്ത്രീകൾ ചൊവ്വയിൽ പോകുന്ന കാലത്ത് അമ്പലത്തിലും പോകണം എന്ന് പറയുന്നത് മറ്റൊരു ആധ്യാത്മിക തട്ടിപ്പിന് വേണ്ടി ആണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് എല്ലാവർക്കും അറിയാം മുഖ്യമന്ത്രീ.

ക്ഷേത്ര ആരാധനയിൽ വിശ്വാസമില്ലാ ത്തവർ അതിന്റെ ഭരണം കയ്യാളുന്നതാണ് ഇവിടെ കുഴപ്പങ്ങൾക്ക് കാരണം. പണം മാത്രം അല്ലെ നിങ്ങളുടെ ലക്‌ഷ്യം. അല്ലെങ്കിൽ നിങ്ങൾ ‍ സ്വന്തമായി ഒരു ക്ഷേത്രം ഉണ്ടാക്കില്ലേ. അതുമല്ലെങ്കിൽ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഏതെങ്കിലും ക്ഷേത്രം പുനരുദ്ധരിക്കാൻ ‍ നോക്കില്ലേ. പണത്തിനോടുള്ള ആർ‍ത്തി കൊണ്ട് ആണ് ഇതൊക്കെ നടക്കുന്നത് എന്ന് എല്ലാവർക്കും അറിയാം. അല്ലാതെ ഹിന്ദു ക്കളെ ഉദ്ധരിച്ച് ‌ കളയാം എന്ന് കരുതി അല്ല ഈ ക്ഷേത്ര ഭരണവും, സ്ത്രീ പ്രവേശന പരിഷ്കാരങ്ങളും. അങ്ങിനെ പുരോഗമനവാദികൾ ആണെങ്കിൽ ‍ ചൂട്ട് കത്തിച്ചു ആൾക്കാരെ പറ്റിക്കാൻ എല്ലാ മകരജ്യോതി ദിവസവും ‍ ഈ ദേവസ്വം ബോർഡ് ആളുകളെ അയക്കുമായിരുന്നില്ലല്ലോ . ഒരു 30 കൊല്ലം മുൻപ് ഒരു ഒരു കാരണവരുമായി ഞാൻ ‍ മകരവിളക്കിനെ കുറിച്ച് സംസാരിക്കുകയുണ്ടായി . അന്ന് അദ്ദേഹത്തിന് 85 വയസ്സ് ഉണ്ടായിരുന്നു. അദ്ദേഹം 6 വയസ്സില്‍ ശബരിമല പോകാൻ തുടങ്ങിയതാണത്രെ. അദ്ദേഹം പറഞ്ഞത് മകരജ്യോതി എന്ന് വച്ചാല്‍ ആ ദിവസം കാണുന്ന നക്ഷത്രവും, മകരവിളക്ക് എന്ന് വച്ചാൽ ‍ അയ്യപ്പന്‍റെ അനുചരന്മാരായ ആദിവാസികൾക്ക് മാത്രമുള്ള ദീപാരാധന അവകാശവും ആണെന്നാണ്‌. പിന്നീട് മേല്പറഞ്ഞ തുട്ടു തട്ടുന്ന എല്ലാ പാർട്ടിക്കാരും കൂടി ചൂട്ട് കത്തിച്ചു കാണിച്ചു തമിഴന്മാരെയും, കന്നടക്കാരെയും പറ്റിച്ചു കീശ വീർ‍പ്പിച്ചു.

പഴയ കാലത്തെ ആളുകൾ‍ക്കൊക്കെ അറിയുന്ന ഒരു കാര്യം ബോധപൂർവ്വം ഇടത് പക്ഷം അടക്കമുള്ള സർ‍ക്കാരുകൾ ‍ മറച്ചു വച്ചു. ക്ഷേത്രഭരണം ദേവസ്വം എന്ന സംവിധാനം വഴി സർ‍ക്കാർ ഏറ്റെടുത്ത ശേഷം ആണ് ഇതൊക്കെ സംഭവിച്ചത്. ഈ തട്ടിപ്പുകൾ അരങ്ങേറിയ അന്നൊന്നും ഇല്ലാത്ത ഈ ഹിന്ദു നവോത്ഥാനം ഇപ്പൊ നിങ്ങൾ കൊണ്ട് വരുന്നതിന്റെ കാര്യവും കൂടുതൽ ആളെ ശബരിമലയിൽ കൊണ്ടുവന്ന് തുട്ട് തട്ടാൻ ആണ് എന്ന് അരിയാഹാരം കഴിക്കുന്നവർക്കൊക്കെ അറിയാം. മുസ്ലിമിനെയും, ദളിതനേയും തോഴുതത്തിനു ശേഷം ആണ് അയ്യപ്പനെ തൊഴാൻ ഞങ്ങൾ ‍ പോകാറുള്ളു . ആ സംസ്കാരം ഉണ്ടാവുമ്പോൾ ‍ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഉണ്ടായ നാട്ടിൽ നിങ്ങൾ നവോത്ഥാനത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടില്ല. ആ നല്ല സംസ്കാരത്തെ വീണ്ടും കൊണ്ട് വരാൻ നിങ്ങൾ ‍ തുട്ടു തട്ടുന്ന തിരക്കിൽ ഒന്നും ചെയ്തില്ല. ക്ഷേത്രം ഭരിക്കേണ്ടത് ഹിന്ദു സംസ്കാരത്തെ അറിയുന്നവൻ ‍ തന്നെ ആണ്, അല്ലെങ്കിൽ ആചാരങ്ങൾ അനാചാരങ്ങൾ ആയി വ്യാഖ്യാനിക്കപ്പെടും എന്നാണു വർത്തമാനകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത് .

മുഖ്യമന്ത്രീ….ശബരിമലയിൽ എവിടെയും സവർണ്ണ ആധിപത്യം വരുന്നില്ല. വന്നിട്ടുണ്ടെങ്കിൽ അത് താങ്കളുടെ ഇടതുപക്ഷം കൂടി ഉണ്ടാക്കിയതാണ്. കാശ് കൂടുതൽ കിട്ടുന്നതാണെങ്കിൽ എന്ത് അനാചാരവും താങ്കളും താങ്കളുടെ സർക്കാരും ഇപ്പോഴും സമ്മതിച്ചു തരും എന്നത് ഞങ്ങൾക്ക് അറിയാം

അത് കൊണ്ട് മുഖ്യമന്ത്രീ. താങ്കൾ റോഡിലിട്ട് പോലീസിനെ കൊണ്ട് തല്ലിക്കുന്നതിനേക്കാളും , അറസ്റ്റ് ചെയ്യുന്നതിനേക്കാളും വിഷമം ഞങ്ങളെ നവോതഥാനത്തെ കുറിച്ച് പഠിപ്പിക്കുന്നതാണ് കാരണം സകല ചരാചരങ്ങളിലും സ്വാമിയേ ദർശിക്കുന്ന ഞങ്ങൾക്ക് സവർണ്ണൻ, അവർണ്ണൻ എന്നൊക്കെ നാഴികക്ക് നാൽപ്പത് വട്ടം പറയുന്ന നിങ്ങളിൽ നിന്ന് ഒന്നും പഠിക്കാനില്ല .

വാൽ: സ്ത്രീ പ്രവേശനത്തെ കുറിച്ച് ശബരിമല വരുന്ന ഭക്തന്മാരുടെ വീട്ടിലെ സ്ത്രീകളെ മാത്രം ഉൾപ്പെടുത്തി ഒരു റഫറണ്ടം നടത്തിയാൽ 99.9 % പേരും ഈ സ്ത്രീപ്രവേശനത്തിന് എതിരാവും എന്നത് ഉറപ്പാണ്. അതിനാൽ മുഖ്യമന്ത്രീ പിടിവാശി ഒഴിവാക്കി ഭക്തർക്ക് വേണ്ടി നില കൊള്ളുക. ഇല്ലെങ്കിൽ അയ്യപ്പൻ തന്നെ അതിനുള്ള പരിഹാരവും കണ്ടോളും, കാരണം അയ്യപ്പനെതിരെ പ്രവർത്തിച്ച ആളുകൾ ആരും ഗതി പിടിച്ച ചരിത്രം ഇല്ല.

സ്വാമിയേ ശരണമയ്യപ്പ !

( ലേഖകന്‍ ഫേസ്ബുക്കില്‍   പോസ്റ്റ്‌ ചെയ്തതാണ് ഈ  ലേഖനം)

shortlink

Related Articles

Post Your Comments

Related Articles


Back to top button