Latest NewsKerala

സംസ്ഥാനത്ത് കുറഞ്ഞ നിരക്കില്‍ അതിവേഗ എ.സി ബോട്ട് യാത്രയ്ക്ക് നാളെ മുതല്‍ ആരംഭം

വൈക്കം: സംസ്ഥാനത്ത് കുറഞ്ഞ നിരക്കില്‍ അതിവേഗ ബോട്ട് യാത്രയ്ക്ക് നാളെ മുതല്‍ ആരംഭം. ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ വൈക്കം-എറണാകുളം റൂട്ടിലാണ് അതിവേഗ എ.സി ബോട്ട് ഓടിക്കുന്നത്. അതേസമയം ബോട്ട് അടുക്കുന്ന ജെട്ടികളുടെയും ടിക്കറ്റ് ചാര്‍ജിന്റെയും കാര്യത്തില്‍ അന്തിമ തീരുമാനമായി.

വൈക്കത്ത് നിന്ന് രാവിലെ 7.30ന് പുറപ്പെടുന്ന ബോട്ട് പെരുമ്പളം സൗത്ത്, പാണാവള്ളി, തേവര ഫെറി എന്നീ ജെട്ടികളില്‍ അടുത്ത ശേഷം എറണാകുളം മെയിന്‍ ജെട്ടിയില്‍ 9.30ന് എത്തും. വൈകിട്ട് 5.30നാണ് എറണാകുളത്ത് നിന്ന് യാത്ര തിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും വേഗതയേറിയ ‘വേഗ 120’ എന്ന അതിവേഗ എ.സി ബോട്ട് നാളെ മുതലാണ് സര്‍വീസ് തുടങ്ങുന്നത്.

വിനോദസഞ്ചാരികള്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് ഈ ബോട്ട് സര്‍വീസ്. ശീതീകരിച്ച കാബിനില്‍ 40 സീറ്റുകളും, സാധാരണ കാബിനില്‍ 80 സീറ്റുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. ബോട്ട് ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ 35 ലിറ്റര്‍ ഡീസല്‍ വേണം. 170 എച്ച്.പി.യുടെ രണ്ട് എന്‍ജിനുകളാണ് ബോട്ടില്‍ ഉള്ളത്. അപകടസാദ്ധ്യത കുറയ്ക്കാനുള്ള സംവിധാനവും, ടി.വി, വൈഫൈ സംവിധാനങ്ങളും ബോട്ടിലുണ്ട്. കഫെറ്റേരിയയും രണ്ടു ശൗചാലയങ്ങളും അഗ്നിശമന സംവിധാനവും ഉണ്ടാകും. എക്കല്‍ അടിഞ്ഞ് ആഴം കുറവായതിനാലാണ് അരൂക്കുറ്റി ജെട്ടിയില്‍ ബോട്ട് അടുപ്പിക്കാത്തത്. എക്കല്‍ ഡ്രഡ്ജ് ചെയ്ത് നീക്കിയശേഷം ഇവിടെ ബോട്ട് അടുപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

ജെട്ടികളില്‍ അടുപ്പിച്ച് യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത് അടക്കം രണ്ട് മണിക്കൂറാണ് ബോട്ടിന്റെ ഒരു ട്രിപ്പിന് നിശ്ചയിച്ച സമയപരിധി. പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്റര്‍. രാവിലെ 9.30ന് എറണാകുളത്ത് എത്തിയശേഷം വൈകിട്ട് വരെ അവിടെ സര്‍വീസ് നടത്തും. വൈക്കം-എറണാകുളം അതിവേഗ ബോട്ട് സര്‍വീസിനെ ബന്ധിപ്പിച്ച് നാല് കണക്ഷന്‍ ബോട്ട് സര്‍വീസുകളും ഉണ്ട്.
ടിക്കറ്റ് നിരക്ക്

20, 30, 40 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ശീതീകരിച്ച കാബിനില്‍ ഇതിന്റെ ഇരട്ടിയാണ് ടിക്കറ്റ് നിരക്ക്. വൈക്കത്തു നിന്നും ഓരോ ജെട്ടിയിലേക്കുമുള്ള ടിക്കറ്റ് നിരക്ക് ഇങ്ങനെ (ബ്രാക്കറ്റില്‍ എ.സി നിരക്ക് ) : പെരുമ്പളം സൗത്ത്,പാണാവള്ളി – 20രൂപ (20) , തേവര ഫെറി – 30രൂപ (30), എറണാകുളം – 40 രൂപ (40).

shortlink

Related Articles

Post Your Comments

Related Articles


Back to top button