തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തില്‍ മണ്ണുനീരു കോരല്‍ ചടങ്ങ് നടത്തി. അല്‍പശി ഉത്സവത്തോടനുബന്ധിച്ച് മിത്രാനന്ദപുരം കുളത്തില്‍ നിന്നുമാണ് മണ്ണും നീരും കോരുന്നത്. ദ്രവ്യകലശം നടത്തുന്നതിന് കൊടിയേറ്റിന് ഏഴു ദിവസം മുമ്പ് നവധാന്യങ്ങള്‍ മുളപ്പികക്കുന്നതിനാണ് ഈ ചടങ്ങു നടത്തുന്നത്. സന്ധ്യാ ദീപാരാധനയ്ക്കുശേഷം ഒറ്റക്കല്‍ മണ്ഡപത്തിലെ സോപാനക്കല്ലില്‍ പാണിവിളക്കു തെളിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തിങ്കളാഴ്ചയാണ് അല്‍പശി ഉത്സവം ആരംഭിക്കുന്നത്. പാണികൊട്ടിന്റെ അകമ്പടിയില്‍ ആഴാതി ഭണ്ഡാരക്കുടവും ചുമലിലേന്തി കിഴക്കേനടയിലെത്തി കൊടിമര മണ്ഡപത്തിനു ചുറ്റും പ്രദക്ഷിണം നടത്തി.
ശേഷം പടിഞ്ഞാറെനട വഴി പുറത്തിറങ്ങി മിത്രാനന്ദപുരത്തിന്റെ കിഴക്കേ കുളപ്പുരയിലെത്തി. ഭണ്ഡാരക്കുടം ചുമലില്‍വച്ചു കുളത്തില്‍നിന്നു മണ്ണും നീരും കോരി. മടക്കയാത്രയില്‍ നാദസ്വരക്കാരും പഞ്ചവാദ്യക്കാരും ക്ഷേത്ര ഉദ്യോഗസ്ഥരും അനുഗമിച്ചു. പടിഞ്ഞാറേനട വഴി അകത്തുകയറിയ സംഘം മണല്‍ മാറ്റി കുടം സോപാനക്കല്ലില്‍ തിരികെ വച്ചു വണങ്ങിയതോടെ ചടങ്ങുകള്‍ക്കു സമാപനമായി. അഞ്ചിനു രാവിലെ ഒന്‍പതിനാണു കൊടിയേറ്റ്. 13നു രാത്രി 8.30നു സുന്ദരവിലാസം കൊട്ടാരത്തിനു മുന്നില്‍ പള്ളിവേട്ട. 14നു വൈകിട്ട് 5.30നു പടിഞ്ഞാറെ നടയില്‍നിന്ന് ആറാട്ട് എഴുന്നള്ളത്ത് ശംഖുമുഖത്തേക്കു പുറപ്പെടും.
Post Your Comments