കൊല്ലം: കേരളത്തിലെ എ ടി എം കവര്‍ച്ചകള്‍ക്ക് പിന്നില്‍ രാജസ്ഥാന്‍ ഭരത്പൂരിലെയും ഹരിയാന മേവാഡിലെയും ക്രിമിനല്‍ സംഘമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതികളായ അഞ്ചു പേരെ തേടി ഹരിയാനയിലും രാജസ്ഥാനിലുമെത്തിയ സ്പെഷ്യല്‍ സ്‌ക്വാഡിന് ഗ്രാമത്തില്‍ അവരെ കണ്ടുപിടിയ്ക്കാനായിട്ടില്ല. തൃപ്പുണിത്തുറ സി ഐ ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്‌ക്വാഡും കോട്ടയം ഈസ്റ്റ് എസ് ഐ രനീഷിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡുമാണ് ഉത്തരേന്ത്യയിലേക്ക് പോയിരിക്കുന്നത്.
പ്രതികളായ അഞ്ചു പേരുടെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികള്‍ രാജസ്ഥാന്‍, ഹരിയാന സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞത്. പ്രതികളെ ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് പോലീസ് സംഘം.
ഈ രണ്ട് പ്രദേശങ്ങളിലെയും നാട്ടുകാരുടെ കുലത്തൊഴില്‍ തന്നെ പിടിച്ചുപറിയും മോഷണവുമാണെന്ന് പോലീസ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. എ ടി എമ്മിലെ ഒരുരൂപ പോലും കത്താതെ ഗ്യാസ് കട്ടര്‍ കൊണ്ട് എടിഎം മുറിച്ചെടുത്ത് 15 മിനുട്ടിനുള്ളില്‍ സ്ഥലം വിടാന്‍ ഇവര്‍ അതിസമര്‍ത്ഥരാണ്. ഒരു ദിവസം തന്നെ ഒന്നിലധികം എ ടി എമ്മുകള്‍ തകര്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. 15 മിനുട്ടുകൊണ്ട് ഒരു എ ടി എം തകര്‍ത്ത് അടുത്ത കേന്ദ്രങ്ങളിലെത്തും. അന്യസംസ്ഥാനക്കാരായ ആരെങ്കിലും ഇവരുടെ ഗ്രാമത്തിലെത്തിയാല്‍ അഞ്ചു മിനുട്ടിനുള്ളില്‍ 50 ലേറെ പേര്‍ ഇവരെ വളയും. എന്തും ചെയ്യാന്‍ മടിക്കാത്ത ക്രൂരന്മാരായ ഇവരെ പിടികൂടിയ അത്ര എളുപ്പമല്ലെന്നാണ് പോലീസ് പറയുന്നത്.
2018 ഒക്ടോബര്‍ 11ന് രാത്രി കോട്ടയം ജില്ലയിലെ ചിങ്ങവനം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് പിക്കപ്പ് വാന്‍ മോഷ്ടിച്ച സംഘം കോട്ടയം കുറവലങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് എടിഎമ്മുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. തൊട്ടുപിന്നാലെ കൊച്ചി തൃപ്പുണിത്തുറ ഇരുമ്ബനത്തെ എസ് ബി ഐ എ ടി എം ഗ്യാസ് കട്ടര്‍ കൊണ്ട് തകര്‍ത്ത് 25 ലക്ഷം രൂപ കവര്‍ന്നു. ഇതേസംഘം തൊട്ടുപിന്നാലെ കളമശ്ശേരിയിലെ എ ടി എം തകര്‍ക്കാന്‍ ശ്രമിച്ചു. തൃശൂര്‍ കൊരട്ടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ എ ടി എം തകര്‍ത്ത് 10 ലക്ഷം രൂപ കവര്‍ന്നു. ഈ സംഭവത്തിനു ശേഷം ആറു മണിക്കൂറിനുള്ളില്‍ തൃശൂര്‍ ചാലക്കുടിയില്‍ വാഹനം ഉപേക്ഷിച്ചാണ് സംഘം കടന്നുകളഞ്ഞത്.
Post Your Comments