ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ദേശീയഅധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് അബദ്ധങ്ങളുടെ പെരുമഴ. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ അരങ്ങ് തകര്‍ക്കുകയാണ്. മിസോറാമിലെ പെണ്‍കുട്ടികള്‍ കരസ്ഥമാക്കിയ നേട്ടങ്ങളെക്കുറിച്ചുള്ള വാര്‍ത്ത ട്വിറ്ററില്‍ പങ്കുവെച്ചതാണ് രാഹുല്‍ ഗാന്ധി. എന്നാല്‍ പ്രശംസിച്ച് കൊണ്ടുള്ള ആ ട്വീറ്റ് ഇത്രയധികം വിമര്‍ശനം കൊണ്ടുവരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. സൈനിക സ്‌കൂളിലെ പെണ്‍കുട്ടികളുടെ നേട്ടത്തില്‍ അഭിമാനം കൊള്ളുമ്പോള്‍ മിസോറാമിന് പകരം മണിപ്പൂര്‍ എന്ന് ഉപയോഗിച്ചതാണ് രാഹുലിന് പാരയായത്.
ബിജെപി ഈ പിശക് ഉടന്‍ തന്നെ കണ്ടുപിടിക്കുകയും വിമര്‍ശനം ആരംഭിക്കുകയും ചെയ്തു. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ഈ തെറ്റ് ചൂണ്ടിക്കാണിച്ചു. ഒപ്പം നോര്‍ത്ത് ഈസ്റ്റിന് നേരെയുള്ള രാഹുലിന്റെ വൈമുഖ്യമാണ് ട്വീറ്റില്‍ പ്രതിഫലിക്കുന്നതെന്നും കുറ്റപ്പെടുത്തി. ‘രാഹുല്‍ ഗാന്ധി മിസോറാമിനെ കുറിച്ചുള്ള വാര്‍ത്ത പങ്കുവെയ്ക്കുന്നു, മണിപ്പൂര്‍ എന്നെഴുതുന്നു. നോര്‍ത്ത് ഈസ്റ്റിനെക്കുറിച്ചുള്ള ഈ അവഗണന പ്രശ്നമാണ്’, മാളവ്യ പ്രതികരിച്ചു.
പ്രശ്നം തിരിച്ചറിഞ്ഞതോടെ കോണ്‍ഗ്രസ് ഈ ട്വീറ്റ് പിന്‍വലിച്ചു. എന്നിട്ടും ബിജെപി അക്രമം നിര്‍ത്തിയില്ല. മാളവ്യയുടെ രണ്ടാമത്തെ ട്വീറ്റില്‍ രാഹുലിന് സ്‌കൂളിലേത് പോലെ ശിക്ഷ നല്‍കണമെന്നായിരുന്നു. ‘രാഹുല്‍ ഗാന്ധി പോയി ഇത് നൂറ് വട്ടം എഴുതണം. മിസോറാമും, മണിപ്പൂരും ഇന്ത്യയിലെ നോര്‍ത്ത് ഈസ്റ്റിലുള്ള രണ്ട് വ്യത്യസ്ത സംസ്ഥാനങ്ങളാണ്. കോണ്‍ഗ്രസ് അധ്യക്ഷനായി തുടരുന്ന ശിഷ്ടകാലത്ത് ഇത് ഞാന്‍ ഓര്‍മ്മിക്കും’, എന്ന് എഴുതി പഠിക്കാനാണ് മാളവ്യ ഉപദേശിച്ചത്.
രാഹുലിന്റെ അബദ്ധങ്ങള്‍ ഉപയോഗിച്ച് കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ബിജെപി എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. ഇതില്‍ ഒടുവിലത്തേതാണ് മണിപ്പൂര്‍-മിസോറാം കൂടിക്കുഴയല്‍.
Post Your Comments