തിരുവനന്തപുരം: വര്‍ഗീയവാദികളുടെ കൈകൊണ്ട് മരിക്കേണ്ടിവന്നാലും ശബരിമലയില്‍ സുപ്രീംകോടതി വിധിനടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയമം നടപ്പാക്കുന്നവരെ അധിക്ഷേപിക്കാനും വാസ്തവം പറയുന്നവരെ ചുട്ടെരിക്കാനുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. യാഥാര്‍ത്ഥ്യം പറഞ്ഞതിനാണ് സ്വാമി സന്ദീപാനന്ദഗിരിയ്ക്ക് നേരെ കൊലപാതക ശ്രമമുണ്ടായത്. കരിങ്കൊടിയും പ്രതിഷേധവുമായി ചിലര്‍ എന്റെ പിന്നാലെയും ഉണ്ട്. അതു കണ്ട് ഭയപ്പെട്ട് പിന്തിരിയില്ല. ശബരിമലയില്‍ യുവതികള്‍ കയറണമെന്ന നിര്‍ബന്ധം സര്‍ക്കാരിനില്ല, കയറുന്നതില്‍ എതിര്‍പ്പുമില്ല.
സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ബാദ്ധ്യതയുള്ള സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്ന് പറയുന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായ്ക്ക് ആത്മാര്‍ത്ഥയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ കൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണം. ശ്രീനാരായണഗുരുവും ചട്ടമ്പി സ്വാമിയും അയ്യങ്കാളിയും വൈകുണ്ഠസ്വാമിയുമൊക്ക കാട്ടിത്തന്ന പാതയിലൂടെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ അബ്രാഹ്മണ ശാന്തിമാരെ നിയമിച്ച സര്‍ക്കാര്‍ നടപടിയില്‍ പലര്‍ക്കും നീരസമുണ്ടായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അതാണ് ശബരിമല വിഷയത്തിലും പ്രതിഫലിക്കുന്നത്.സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ നെറ്റിചുളിക്കുന്നവരാണ് സവര്‍ണവിഭാഗക്കാര്‍. അവര്‍ക്ക് പ്രത്യക്ഷമായി എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ കഴിയില്ല.
അത്തരക്കാര്‍ ശബരിമലയെ സര്‍ക്കാരിനെതിരായുള്ള ആയുധമാക്കുകയാണെന്നു കടകംപള്ളി പറഞ്ഞു. നവോത്ഥാന നായകരുടെ സന്ദേശം ഉള്‍ക്കൊണ്ടാണ് സര്‍ക്കാര്‍ ചരിത്രപരമായ തീരുമാനങ്ങള്‍ സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ചെമ്പഴന്തി ശ്രീനാരായണ അന്തര്‍ദേശീയ പഠനകേന്ദ്രത്തിന്റെ യൂടൂബ് ചാനലും അത്മോപദേശ ശതക പഠനക്ലാസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Post Your Comments