ശിവ ഭക്തനെന്ന് അറിയപ്പെടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും ശിവക്ഷേത്രത്തിലേക്ക്. ഉജ്ജ്വനിയിലെ മഹാകാള ക്ഷേത്രത്തിലാണ് രാഹുല്‍ എത്തിയത്. മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് രാഹുല്‍ ഇവിടെയെത്തിയത്.
12 ജ്യോതിര്‍ലിംഗക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ക്ഷേത്രമാണ് മഹാകാള ക്ഷേത്രം. ധോത്തി ധരിച്ച് ക്ഷേത്രത്തിലെത്തിയ രാഹുല്‍ പ്രത്യേക പൂജകളിലും പങ്കെടുത്തു. 2010 ല്‍ രാഹുല്‍ ഈ ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനെത്തിയിരുന്നു. സംസ്ഥാന പാര്‍ട്ടി യൂണിറ്റ് പ്രസിഡന്റ് കമാല്‍ നാഥും പ്രചാരണ സമിതി ചെയര്‍മാന്‍ ജ്യോതിരാദിത്യ സിന്ധ്യയും രാഹുലിനൊപ്പമുണ്ടായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ മുത്തശ്ശി മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി, അച്ഛന്‍ രാജീവ് ഗാന്ധി, അമ്മ സോണിയാ ഗാന്ധി എന്നിവരും മുമ്പ് ഈ ക്ഷേത്രത്തില്‍ പ്രത്യേക പൂജകളര്‍പ്പിച്ച് തൊഴാനെത്തിയിട്ടുണ്ട്. 1979 ലാണ് ഇന്ദിര ഗാന്ധി ഇവിടെയെത്തിയത്. 87 ല്‍ രാജീവ് ഗാന്ധിയും 2008 ല്‍ സോണിയയും മഹാകാളേശ്വരന്റെ അനുഗ്രഹം വാങ്ങാനെത്തിയിരുന്നതായി മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു.
ശിവഭക്തനായ രാഹുല്‍ ആഗസ്റ്റില്‍ കൈലാസ് മാനസ സരോവര്‍ യാത്ര നടത്തിയിരുന്നു. രണ്ട് ദിവസത്തെ മധ്യപ്രദേശ് സന്ദര്‍ശനത്തിനിടയില്‍ രാഹുല്‍ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള മാല്‍വ നിമാര്‍ മേഖല.ിലെത്തും. 230 നിയമസഭാ സീറ്റുകളില്‍ 66 എണ്ണവും ഈ മേഖലയില്‍പ്പെടും. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഇവിടെ 56 സീറ്റുകളില്‍ വിജയിച്ചിരുന്നു.
Post Your Comments