സ്കൂട്ടർ വിപണിയിൽ റെക്കോർഡ് നേട്ടവുമായി മുന്നേറി ഹോണ്ട ഗ്രാസിയ. നഗര യാത്രയ്ക്കായി ലക്ഷ്യമിട്ട് നിരത്തിലെത്തിയ ഗ്രാസിയ 11 മാസത്തിനുള്ളില്‍ രണ്ടു ലക്ഷം യൂണിറ്റ് വിറ്റതായി ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദവീന്ദര്‍ സിംഗ് ഗുലേരിയ അറിയിച്ചു.
2017 നവംബറിലാണ് ഗ്രാസിയ ഇന്ത്യന്‍ നിരത്ത് കീഴടക്കാന്‍ എത്തുന്നത്. ആദ്യ മൂന്നു മാസത്തിനുള്ളില്‍ വില്‍പ്പന അന്‍പതിനായിരം യൂണിറ്റിനു മുകളിലെത്തി. ശേഷം കഴിഞ്ഞ ഏപ്രിലില്‍ ഒരു ലക്ഷം യൂണിറ്റും, പിന്നീടുള്ള അഞ്ചുമാസത്തിനുള്ളില്‍ രണ്ടു ലക്ഷം യൂണിറ്റിനു മുകളില്‍ വില്‍പ്പന കൈവരിക്കാനും ഗ്രാസിയയ്ക്ക് കഴിഞ്ഞു.
മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാനുള്ള പോക്കറ്റ്, സീറ്റ് ഓപ്പണര്‍ സ്വിച്ച്, സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജര്‍, സുഖകരമായ സീറ്റിംഗ്, കൂടുതല്‍ ലെഗ് സ്‌പേസ്, പ്രിമീയം ബ്ലാക്ക് അലോയി വീല്‍സ് തുടങ്ങിയ സവിശേഷതകളാണ് പ്രധാന പ്രത്യേകതകള്‍. ഹോണ്ടയുടെ പുതിയ ടെക്‌നോളജി ഉപയോഗിച്ചുള്ള 125 എച്ച്ഇടി എന്‍ജിനാണ് ഗ്രാസിയയെ റോഡില്‍ കരുത്തനാക്കുന്നത്.
Post Your Comments